തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഇനി തോന്നുംപടി പോക്കും വരവും നടക്കില്ല. സെക്രട്ടറിയറ്റിന് പിന്നാലെ തിരുവനന്തുപുരം നഗരസഭയിലും ജീവനക്കാർക്ക് പഞ്ചിംഗ് നിർബന്ധമാക്കി. ഒരാഴ്ച്ചത്തെ ട്രയൽ റണ്ണിന് ശേഷം പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കും. കൃത്യസമയത്ത് ജോലിക്കെത്തിയില്ലെങ്കിൽ ശമ്പളം പോകും. ഇന്ന് മുതൽ ഒരാഴ്ചയാണ് ട്രയൽ റണ്‍. മാർച്ച് രണ്ടോടെ സ്പാർക്കുമായി പഞ്ചിംഗ് ബന്ധപ്പെടുത്തും. പ്യൂൺ തസ്തികയിൽ ഉള്ളവർ രാവിലെ 9.30 ന് മുമ്പായി പഞ്ച് ചെയ്യണം. മറ്റുള്ള ജീവനക്കാർക്ക് 10.15 ന് മുമ്പായി പഞ്ചിംഗ് ഉറപ്പാക്കണം. വൈകീട്ടും പഞ്ചിംഗ് നിർബന്ധമാണ്. ആദ്യം ചില എതിർപ്പുകൾ ഉയർന്നെങ്കിലും ഇപ്പോൾ പഞ്ചിംഗിനെ സ്വാഗതം ചെയ്യുകയാണ് ജീവനക്കാർ. 

പ്രധാന ഓഫീസിൽ 10 പ‍ഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സർക്കിൾ ഓഫീസുകളിലായി 26 പ‍‌ഞ്ചിംഗ് മെഷീനുകൾ കൂടി സ്ഥാപിക്കും.  കോർപ്പറേഷനിലെ 440 ജീവനക്കാരുടെയും ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിച്ചുക്കഴിഞ്ഞു. പഞ്ചിംഗ് മെഷീനുകൾക്ക് പുറമേ നഗരസഭയിൽ പുതിയ 140 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കെൽട്രോണിനാണ് ക്യാമറളും പഞ്ചിംഗ് മെഷീനുകളും സ്ഥാപിക്കുന്നതിനുള്ള ചുമതല.