തിരുവനന്തപുരം: സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജീവനക്കാരുടെ സംഘടനകളുമായി വിഷയം ചർച്ച ചെയ്യണം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല പറഞ്ഞു.

സാലറി ചലഞ്ചിനായി പ്രത്യേക അക്കൗണ്ട് വേണം. പ്രളയദുരിതാശ്വാസത്തിൽ തട്ടിപ്പ് നടന്നതുപോലെയാകരുത്. കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ, പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവരെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണം. അനാവശ്യ ധൂർത്തും ചെലവും സർക്കാർ ഒഴിവാക്കണം. 

കെൽട്രോണിന് അധികതുക അനുവദിച്ച നടപടി സർക്കാർ റദ്ദാക്കണം. ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ മുൻകൂർ പണം നൽകിയത് അനാവശ്യ നടപടിയാണ്. സർക്കാർ പരസ്യങ്ങൾ പരിമിതപ്പെടുത്തണം. സ്വകാര്യ ഏജൻസികളുമായുള്ള കരാറുകൾ റദ്ദാക്കണം. കാർഷിക ഉല്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇവ വാങ്ങാൻ സംവിധാനം ഉണ്ടാക്കണം.

പാൽ സംഭരണം നിർത്തിവെക്കരുത്, തുടരണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണം. അവശ്യവസ്തുക്കളുടെ വില പിടിച്ചു നിർത്തണം. കർണാടകത്തിൽ പോയി കൃഷി ചെയ്യുന്ന മലയാളികളുടെ ഉല്പന്നങ്ങൾ സർക്കാർ വാങ്ങണം.

ചെറിയ തോതിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവരുടെയും സ്രവം പരിശോധിക്കണം. ഒരു മാസമായി ആവശ്യപ്പെടുന്ന കാര്യമാണിത്. പോത്തൻ കോട്ടെ രോഗിയുടെ കാര്യം ശ്രദ്ധയിൽ പെടാതെ പോയത് ഇത്തരത്തിലാണ്. ഇടുക്കിയിലെ സാമൂഹ്യപ്രവർത്തകനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ദൗർഭാഗ്യകരം. സാലറി ചലഞ്ചുമായി പ്രതിപക്ഷം സഹകരിക്കും. പറ്റാവുന്നവർ ഇതുമായി സഹകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.