ഇടുക്കി: വേനൽക്കാലത്തെ റെക്കോഡ് ജലനിരപ്പുമായി ഇടുക്കി അണക്കെട്ട്. കഴിഞ്ഞ വർഷത്തേക്കാൾ 16 അടി വെള്ളം കൂടുതലുണ്ട് അണക്കെട്ടിൽ. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവർഷത്തിന്‍റെ ആദ്യത്തിൽ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണ് ആശങ്ക. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,348 അടിയാണ്. ഡാമിലുള്ളത് സംഭരണശേഷിയുടെ 45 ശതമാനം വെള്ളം. കഴിഞ്ഞ വർഷം ഇതേ സമയത്തെ ജലനിരപ്പ് 2,332 അടി മാത്രം. ലോക്ക്‍ഡൗണില്‍ ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്നതാൽ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുറഞ്ഞു. ഇതോടെ ഇടുക്കിയിൽ നിന്നുള്ള വൈദ്യുതോൽപ്പാദനവും കുറച്ചു. ഡാമിൽ ജലനിരപ്പ് താഴാത്തതിനുള്ള പ്രധാന കാരണമിതാണ്.

ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യം വന്നിരുന്നത്. എന്നാൽ ഒന്നര മാസമായി പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റ് മാത്രം. ഇതിൽ കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതി 4.8 കോടി. ഇത് വേണ്ടെന്ന് വച്ച് സംസ്ഥാനത്ത് വൈദ്യുതോൽപ്പാദനം കൂട്ടാമെന്ന് വച്ചാലും സാധ്യമല്ല. ലോക്ക് ഡൗണിന് മുമ്പേയുണ്ടാക്കിയ കരാർ കെഎസ്ഇബിയ്ക്ക് ലംഘിക്കാനാവില്ല. കാലവർഷം ഇത്തവണ ജൂൺ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഇങ്ങിനെ വന്നാൽ ജൂലൈയിൽ ഡാം നിറഞ്ഞേക്കും. ഈ പ്രതിസന്ധി ഒഴിവാക്കാൻ ചെറുഡാമുകളിൽ നിന്നുള്ള വൈദ്യുതോൽപ്പാദനം കുറച്ച് ഇടുക്കിയിൽ ഉത്‍പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പക്ഷേ ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമെന്നത് തിരിച്ചടിയാകുന്നു.