പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. കനത്ത സുരക്ഷാ സംവിധാനമാണ് ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

ഉച്ചക്ക് ഒരുമണിയോടെയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് ഘോഷയാത്രയിലുണ്ടാകുക. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്ക് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്ക് ദിവസം വൈകിട്ട് സന്നിധാനത്തെന്നുന്ന തിരുവാരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും. 

മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പോലീസ് സേനാംഗങ്ങളെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. പമ്പ ഹിൽട്ടോപ്പിൽ മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ വിളക്ക് ദർശിക്കാൻ തീർത്ഥാടകർ പ്രവേശിക്കുന്നത് വിലക്കി കലക്ടർ പി ബി നൂഹ് ഉത്തരവിറക്കി. മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പടുത്തിയിട്ടുണ്ട്. 

നിലക്കൽ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞാൽ മറ്റ് ഇടത്താവളങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദേശം നൽകും.

തിരുവാഭരണഘോഷയാത്രയുടെയും പിന്നാലെ മകരവിളക്കിന്‍റെയും പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായും കളക്ടർ അറിയിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവം കണക്കിലെടുത്ത് 14, 15 തിയ്യതികളിൽ ടിപ്പർലോറികളുടെയും ഡ്രൈവിംഗ് പരിശീലന വാഹനങ്ങളുടെയും ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ഭക്തിസാന്ദ്രം, മകരവിളക്കിന് ഒരുങ്ങി സന്നിധാനം

മകരവിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങളില്‍ തീർത്ഥാടകർ പർണശാലകള്‍ കെട്ടി കാത്തിരിപ്പ് തുടങ്ങി. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് തുടങ്ങും. 

മകരവിളക്കിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സന്നിധാനം തീർത്ഥാടകരെക്കൊണ്ട് നിറയുകയാണ്. മകരവിളക്ക് വിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങില്‍ ചെറിയ പർണശാലകള്‍ തീർത്ത് തീർത്ഥാടകരുടെ കാത്തിരിപ്പ് തുടങ്ങി. പാണ്ടിത്താവളം, ജ്യോതിനഗർ എന്നിവിടങ്ങളെല്ലാം പർണശാലകള്‍ കൊണ്ട് നിറഞ്ഞ്കഴിഞ്ഞു. 

കേരളത്തിന്‍റെ വടക്കൻ ജില്ലകളില്‍ നിന്നുള്ള തീർത്ഥാടകരെ കൂടാതെ തമിഴ്‍നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേരത്തെ സന്നിധാനത്ത് എത്തിക്കഴിഞ്ഞു.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആചാര്യവരണത്തോട് കൂടി ഇന്ന് തുടങ്ങും. ദീപാരാധനക്ക് ശേഷം പ്രസാദശുദ്ധിക്രിയ നടക്കും. ചൊവ്വാഴ്ച നടക്കുന്ന ബിംബ ശുദ്ധിക്രിയയോടെ ചടങ്ങുകള്‍ അവസാനിക്കും. 

തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ പൊലീസും സുരക്ഷ വർദ്ധിപ്പിച്ച് തുടങ്ങി. സന്നിധാനത്ത് അനധികൃത പാചകത്തിന് കർശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.