കൊച്ചി: മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്രാവ്-തിരണ്ടി വർഗങ്ങളിൽ വലിയ കുറവാണുണ്ടാകുന്നതെന്നും അതിനാൽ മത്സ്യബന്ധനത്തിൽ കരുതൽ വേണമെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കഴിഞ്ഞ 20 വർഷത്തെ കണക്കെടുക്കുമ്പോൾ സ്രാവിന്‍റെ ഉത്പാദനം താഴോട്ടാണ്. അനിയന്ത്രിതമായി പിടിച്ചാൽ പല സ്രാവിനങ്ങളും വംശനാശത്തിന് ഇരയാകും.

അതിനാൽ സ്രാവിന്റെ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധകൊടുക്കണമെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികൾ, സ്രാവ്-തിരണ്ടി വർഗങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ടവർ എന്നിവർക്കായി നടത്തിയ ബോധവത്ക്കരണ ശിൽപശാലയിലാണ് സിഎംഫ്ആർഐ ശാസ്ത്രജ്ഞരുടെ ഈ നിർദേശം.

സ്രാവിന്റെ ചിറകുകൾക്ക് വേണ്ടി മാത്രമായി ഇന്ത്യയിൽ മത്സ്യബന്ധനം നടത്തുന്നില്ല. മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഇന്ത്യ മാതൃകയാണ്. സ്രാവിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് ദേശീയ കർമരേഖ (നാഷണൽ പ്ലാൻ ഓഫ് ആക്ഷൻ ഓൺ ഷാർക്) സിഎംഎഫ്ആർഐ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും സിഎംഎഫ്ആർഐയിലെ അടിത്തട്ട് മത്സ്യഗവേഷണ വിഭാഗം മേധാവി ഡോ പി യു സക്കറിയ പറഞ്ഞു.

തുടർന്നു നടന്ന ചർച്ചയിൽ, സ്രാവിന്റെ ചിറക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ഒഴിവാക്കണമെന്ന് സ്രാവ് വ്യാപാര പ്രതിനിധികൾ ആവശ്യപ്പെട്ടു. ചിറകിന് മാത്രമായി സ്രാവ് പിടിക്കുന്ന അവസ്ഥ ഇവിടെ ഇല്ല. നിരോധനം മൂലം ചിറകുകൾ ഉപേക്ഷിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ സമ്പത്താണ് മത്സ്യത്തൊഴിലാളി-വ്യാപാരി സമൂഹത്തിന് പാഴാകുന്നത്.

ഇന്ത്യക്ക് ലഭിക്കേണ്ട വിദേശനാണ്യവും ഇതുവഴി ഇല്ലാതാകുകയാണ്. മാത്രമല്ല, വേണ്ടത്ര ലാഭം ലഭിക്കാത്തതിനാൽ സ്രാവ് മത്സ്യബന്ധനത്തിന് പോകുന്ന തൂത്തൂർ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രകൃതിദുരന്തഘട്ടങ്ങളിൽ സർക്കാരിൽ നിന്നും വേണ്ടരീതിയിലുള്ള സഹായം ലഭ്യമാകുന്നില്ലെന്നും അവർ പറഞ്ഞു.  

ഐക്യരാഷ്ടസഭയുടെ കീഴിലുള്ള എഫ്എഒയും സിഎംഎഫ്ആർഐയും സംയുക്തമായി നടത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായായിരുന്നു ശിൽപശാല. ഈയിടെ സിഎംഎഫ്ആർഐയിൽ നടന്ന എഫ്എഒ രാജ്യാന്തര ശിൽപശാലയിലെടുത്ത നിർദേശങ്ങൾ മത്സ്യത്തൊഴിലാളി-സ്രാവ് വ്യാപാരി സമൂഹത്തെ ധരിപ്പിക്കുന്നതിനായിരുന്നു ശിൽപശാല. ഡോ പി യു സക്കറിയ, ഡോ ടി എം നജ്മുദ്ധീൻ, ബി ഹംസ, എം മജീദ്, ഡോ രേഖ ജെ നായർ എന്നിവർ സംസാരിച്ചു.