തിരുവനന്തപുരം:  സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ  കെ എം ബഷീര്‍ മരിച്ച സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് സിറാജ് പത്രത്തിന്റെ യൂണിറ്റ് മാനേജർ  സെയ്ഫുദ്ദീൻ. ശ്രീറാം വെങ്കിട്ടരാമൻ അല്ല വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതായും സെയ്ഫുദ്ദീൻ പറഞ്ഞു. 

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. 

അതേസമയം, താനല്ല തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും എസ്ഐ വ്യക്തമാക്കിയിട്ടുണ്ട്.

അപകടം നടന്ന ശേഷം കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ശ്രീറാമാണ് വാഹനം ഓടിച്ചതെന്ന് പൊലീസുദ്യോഗസ്ഥരും ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്. ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.