തിരുവനന്തപുരം‌: സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളിലും വിദ്യാർത്ഥിനികൾക്കായി പ്രത്യേക മുറി ഒരുങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലാണ് പെണ്ണിടം എന്ന് പേരിട്ടിരിക്കുന്ന ഈ വിദ്യാർത്ഥിനി സൗഹൃദ മുറി.  ഒപ്പം പദ്ധതിയുടെ ഭാ​ഗമായിട്ടാണിത് തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലത്തിലെ 12 സ്കൂളുകളിലും ഈ സംവിധാനം സജ്ജമാക്കും.

ആദ്യമായി പെണ്ണിടം ഒരുക്കിയിരിക്കുന്നത് മാറനല്ലൂർ സർക്കാർ സ്കൂളിലാണ്. ആർത്തവസമയങ്ങളിൽ പെൺകുട്ടികൾക്ക് വിശ്രമിക്കാൻ അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പെണ്ണിടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ശാരീരിക അസ്വസ്ഥതകൾ ഉള്ള പെൺകുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ മുറിയിലെത്തി വിശ്രമിക്കാം.

മുറിയിൽ ഫസ്റ്റ് എയിഡ് കിറ്റ്, മേശ, കസേരകൾ, രണ്ട് കട്ടിലുകൾ, ശുചിമുറി, നാപ്കിൻ മെഷീൻ, കൂളർ തുടങ്ങി കിടന്നു വിശ്രമിക്കാനുള്ള സൗകര്യം വരെ ഈ മുറിയിലുണ്ട്. പത്ത് രൂപയുടെ തുട്ട് ഇട്ടാൽ മൂന്ന് പാ‍ഡുള്ള ഒരു പാക്കറ്റ് നാപ്കിൻ മെഷീനിൽ നിന്ന് ലഭിക്കും.

ആയിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളാണ് മാറനല്ലൂർ സ്കൂൾ. എന്ത് അസുഖം വന്നാലും പെൺകുട്ടികൾക്ക് ഇവിടെ വന്ന് വിശ്രമിക്കാൻ സാധിക്കുമെന്ന് അധ്യാപകർ ഉറപ്പ് പറയുന്നു. അതുപോലെ പെൺകുട്ടികളും വളരെ സന്തോഷത്തോടെയാണ് പെണ്ണിടങ്ങളെ സ്വാ​ഗതം ചെയ്യുന്നത്. മണ്ഡലത്തിലെ പത്ത് സ്കൂളുകളിൽ നേരത്തെ തന്നെ പെണ്ണിടങ്ങൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. നാവൂർ, ചൊവ്വള്ളൂർ എന്നീ സ്കൂളുകളിൽ അടുത്ത ദിവസം തന്നെ പെണ്ണിടങ്ങൾ സജ്ജീകരിക്കും.