തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 8നും 10നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറയാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. 

ലഭ്യതയിലെ ഏറ്റക്കുറച്ചിലനുസരിച്ച് വൈദ്യുതി നിയന്ത്രണത്തിലും വ്യത്യാസമുണ്ടാകുമെന്നും കെഎസ്ഇബിയുടെ അറിയിപ്പ്. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതോടെ ഇന്നലെയും ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.