തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി കേരള സര്‍ക്കാരുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ മറുപടിയുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക്. കേരളം ഇനി നേരിടാന്‍ പോകുന്ന വെല്ലുവിളി ഓര്‍മിപ്പിച്ച് കൊണ്ട് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് സ്പ്രിംക്ലറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും തോമസ് ഐസക്ക് മറുപടി നല്‍കുന്നത്.

കേരളത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസി മലയാളികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ സംരക്ഷണം നല്‍കേണ്ടവരുടെ എണ്ണം രണ്ടോ, മൂന്നോ ലക്ഷമാകാം. അതോടൊപ്പം 40 ലക്ഷത്തോളം വരുന്ന വൃദ്ധജനങ്ങളെയും ആരോഗ്യ ദുര്‍ബലരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കണം.

അങ്ങനെയേ നമ്മുടെ സമ്പദ്ഘടനയെ തുറക്കാന്‍ കഴിയൂ. ഈ സങ്കീര്‍ണ്ണമായ വെല്ലുവിളിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള സംവിധാനങ്ങളെയൊക്കെ ഉപയോഗപ്പെടുത്തിയേ തീരുകയുള്ളുവെന്ന് തോമസ് ഐസക്ക് പറഞ്ഞു. 

സ്പ്രിംക്ലര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ധനമന്ത്രിയുടെ മറുപടികള്‍ ഇങ്ങനെ

1) കൊവിഡ് പ്രതിരോധത്തിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള അഭ്യാസങ്ങള്‍ വേണ്ടതുണ്ടോ?

നമ്മുടെ ഇതുവരെയുള്ള നേട്ടത്തിന് അടിസ്ഥാനം നമ്മുടെ തയ്യാറെടുപ്പാണ്. പുതിയ വെല്ലുവിളിക്കു മുമ്പ് നമ്മള്‍ തയ്യാറെടുത്തിരിക്കണം. ഇതൊന്നും വേണ്ടായെന്നുള്ളവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്താം. കേരള സര്‍ക്കാരിന്റെ ഖണ്ഡിതമായ അഭിപ്രായം മറിച്ചാണ്. അമേരിക്കന്‍ മിറ്റിഗേഷനും രാജസ്ഥാന്‍ മാതൃകയുമെല്ലാമാണ് കേരളത്തിന് വേണ്ടതെന്ന് ഉപദേശിച്ചവരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ല.

2) ഇതിന് സ്പ്രിംക്ലര്‍ കമ്പനി വേണോ? നമ്മുടെ നാട്ടില്‍ തന്നെ കമ്പനികളില്ലേ?

അങ്ങനെ അഭിപ്രായം ഉള്ളവരുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ ഡബ്ല്യു.എച്ച്.ഒ.യുടെ കൊവിഡ് ഡാറ്റ വിശകലനം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതാകും കൂടുതല്‍ ഫലപ്രദമെന്ന നിഗമനത്തിലാണ് കേരളത്തിലെ ഐറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എത്തിയത്. വേറെ ആരേക്കാളും ഇത് തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ടവര്‍ ഇവര്‍ തന്നെ.

3) ഈ ഇടപാടില്‍ അഴിമതിക്ക് സാധ്യതയുണ്ടോ?

സ്പ്രിംക്ലര്‍ കമ്പനി സൗജന്യമായിത്തരുന്ന സേവനമാണ്. റ്റാറ്റാ ട്രസ്റ്റ് കാസര്‍ഗോഡ് പുതിയ ആശുപത്രി പണിയുന്നതുപോലെ.

4) ഡാറ്റാ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തും? സ്വകാര്യത എങ്ങനെ?

ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുണ്ട്. ഡാറ്റാ സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലായിരിക്കും. സി - ഡിറ്റ് ക്ലൗഡ് അക്കൗണ്ടില്‍ തന്നെ ആയിരിക്കും ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള സോഫ്റ്റുവെയറുകള്‍ പ്രവര്‍ത്തിക്കുന്നതും ഡാഷ് ബോര്‍ഡും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ സ്പ്രിംഗ്ലറുമായി ഡാറ്റ ഷെയര്‍ ചെയ്യുന്ന യാതൊരു പ്രശ്‌നവും ഉദിക്കുന്നില്ല.

5) ഇനിയുള്ള ഒരു പ്രശ്‌നം നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലായെന്നാണ്.

ഇന്നത്തെ അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇതുവരെ തുടര്‍ന്നുവന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉത്തമവിശ്വാസത്തോടെ എടുത്ത ശരിയായ തീരുമാനമാണ്. ഔപചാരികമായ നടപടിക്രമങ്ങളില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അത് പരിശോധിച്ച് റാറ്റിഫൈ ചെയ്യാവുന്നതേയുള്ളൂ. ഇതുപോലെ എത്ര പല തീരുമാനങ്ങളും പിന്നീട് റാറ്റിഫൈ ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്.

എന്നാല്‍ ചില മിടുക്കന്‍മാരുണ്ട്. തങ്ങള്‍ക്ക് നടപടിക്രമം മാത്രമേ പ്രശ്‌നമുള്ളൂ, ഇത്തരം ചെക്‌സ് ആന്റ് ബാലന്‍സ് എല്ലാം നമ്മള്‍ പാലിക്കണം എന്നൊക്കെ നിഷ്പക്ഷത നടിച്ചു പറയും. പക്ഷെ, നടപടി ക്രമങ്ങളില്‍പ്പിടിച്ചു ഈ പ്രതിസന്ധി ഘട്ടത്തില്‍ നടക്കുന്ന ഭോഷ്‌കും അസംബന്ധവുമായ പ്രതിപക്ഷ പൊറാട്ടു നാടകത്തെക്കുറിച്ചൊന്നും മിണ്ടാതിരിക്കുകയും ചെയ്യും.

6) വ്യക്തിയുടെ സ്വകാര്യതയുടെ അവകാശത്തെക്കുറിച്ച് സിപിഎം സ്വീകരിച്ചുവരുന്ന നിലപാടിന് വിരുദ്ധമല്ലേ ഈ നടപടികള്‍?

ഏതായാലും ആധാര്‍ അടക്കമുള്ള നടപടികള്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഇതിനെക്കുറിച്ചൊക്കെ പറയാന്‍ എന്ത് അവകാശം? കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ കൊവിഡ് ഡാറ്റ അടക്കമുള്ള മുഴുവന്‍ ഡാറ്റയും പ്രൊസസ് ചെയ്യുന്നത് മേയഹലമൗ എന്ന അമേരിക്കന്‍ ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയാണ്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൊവിഡ് ഡാഷ് ബോര്‍ഡ് മൈക്രോസോഫ്ട് ക്ലൗഡ് ആംസ്റ്റര്‍ഡാമിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. പഞ്ചാബ് മറ്റ് അനലിറ്റിക്കുകളൊന്നും ചെയ്യുന്നില്ല. മാപ്പിംഗ് സോഫ്ടുവെയര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അത് സിംഗപ്പൂരിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നിട്ടാണ് ഈ കേരളത്തില്‍ നടത്തുന്ന അഭ്യാസം.

സിപിഎം ആധാറിന് എതിരായിരുന്നു. ഇന്നും അതിന്റെ അപകടം തുറന്നു കാണിക്കുന്നു. പക്ഷെ, ഇന്ത്യാ രാജ്യത്തിനുള്ളില്‍ ഒരു സംസ്ഥാനത്താണ് സിപിഎം ഭരിക്കുന്നത്. ആധാര്‍ തിരിച്ചറിയല്‍ ചട്ടക്കൂട് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിനും അത് ബാധകമാണ്. പക്ഷെ, ഇങ്ങനെ ഇതെല്ലാം ഉപയോഗപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ദുരുപയോഗപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്പ്രിംക്ലര്‍ കരാറില്‍ എടുത്തിട്ടുണ്ട്. അതല്ല, ഇനി ഏതെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ അത് പറയുക. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള പ്രതിപക്ഷ നീക്കത്തെ നേരിടുക തന്നെ ചെയ്യും.