തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അറ്റന്റർമാർക്കും ഒരു താത്കാലിക ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിയമസഭയിലെ ജീവനക്കാരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപതായി.

കെഎസ്ആർടിസിയുടെ കൊല്ലത്തെയും ആലപ്പുഴയിലെയും രോഗികൾക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ ഡിപ്പോ അണുവിമുക്തമാക്കും. സർവീസുകൾ ഒഴിവാക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഡിപ്പോയ്ക്കു പുറത്തെ ലിങ്ക് റോഡുകൾ കേന്ദ്രീകരിച്ച് സർവീസ് ഉറപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കെഎസ്ആർടിസി ആലപ്പുഴ യൂണിറ്റിലെ സൂപ്പർവൈസറി വിഭാഗം ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ ആലപ്പുഴ ഡിപ്പോയിൽ  നിന്ന് ബസ് സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.  ആലപ്പുഴ വഴി വരുന്ന വാഹനങ്ങൾ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണെന്നും അറിയിപ്പുണ്ട്.