രാത്രി രക്തം വാര്‍ന്ന് റോഡിൽ കിടന്ന അനന്ദുവിനെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നെടുമ്പാശേരിക്കടുത്ത് കുറുമശേരിയിലാണ് രാത്രി വൈകി അപകടം ഉണ്ടായത്. ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുറുമശേരി പ്രിയപ്പടി പിണ്ടാണിപ്പറമ്പിൽ ഗോപിയുടെയും രജനിയുടെയും ഏകമകൻ ഹേമന്ദ് (23)ആണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഹേമന്ദിനെ റോഡിൽ അബോധാവസ്ഥയിൽ കണ്ട നാട്ടുകാർ ഉടൻ അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബൈക്കിലിടിച്ച കാര്‍ സ്ഥലത്ത് നിര്‍ത്താതെ പാഞ്ഞുപോയി. ഈ കാര്‍ കണ്ടെത്താനായി ചെങ്ങമനാട് പൊലീസ് തിരച്ചിൽ തുടങ്ങി. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. യുവാവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്