കോഴിക്കോട്: പൗരത്വ നിയമ ഭേതഗതിക്കെതിരെ ശബ്‍ദമുയർത്താത്ത കലാകാരൻമാർ ഭീരുക്കളാണെന്ന് സംഗീതജ്ഞൻ ടി എം കൃഷ്ണ. ഭരണഘടന  അട്ടിമറിക്കപ്പെടുമ്പോൾ ആദ്യം പ്രതിരോധം തീർക്കേണ്ടത് കലാകാരൻമാരാകണം. സർക്കാർ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും ടിഎം കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കലാകാരൻമാർക്ക് മിണ്ടാതിരിക്കാൻ അവകാശമില്ലെന്നാണ് ടിഎം കൃഷ്ണയുടെ പക്ഷം. അനീതി ഉണ്ടാകുമ്പോൾ ജനഗണമന പാടി അവർ തെരുവിലിറങ്ങണം. മതം നോക്കി വിവേചനം കാണിച്ച് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിറങ്ങിയ ടി എം കൃഷ്ണയ്ക്കെതിരെ ചെന്നൈയിൽ കേസെടുത്തിരുന്നു.

കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കാനായി കോഴിക്കോടെത്തിയ ടിഎം കൃഷ്ണ കൂടുതൽ സമയം സംവദിച്ചത് പൗരത്വ നിയമ ഭേതഗതിയെക്കുറിച്ചാണ്. ടിം എം കൃഷ്ണയുടെ  സംഗീത കച്ചേരിയോടെയായിരുന്നു സാഹിത്യോത്സവത്തിന്റെ ആദ്യ ദിനം സമാപിച്ചത്. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.

സമാന സ്വഭാവമുള്ള ഹർജികൾ സുപ്രീംകോടതിയിൽ നിലവിലുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടര്‍ന്ന് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി ചോദിച്ചു. അതിനിടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകി. മുസ്‍ലീങ്ങള്‍ അല്ലാത്ത കുടിയേറ്റക്കാരുടെ കണക്കെടുപ്പ് യുപി സര്‍ക്കാര്‍ ആരംഭിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ലീഗിന്‍റെ അപേക്ഷ.