ഇടുക്കി: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിൽ നിന്നുള്ള വൈദ്യുതോല്പാദനം പ്രതിസന്ധിയിലായി. 12.7 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിൽ അവശേഷിക്കുന്നത്. മഴ ഇനിയും പെയ്തില്ലെങ്കിൽ വൈദ്യുതോല്പാദനം  നിർത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.

കഴിഞ്ഞ വർഷം ഈ സമയത്ത് സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളം ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നു. പ്രതിദിന വൈദ്യുതോല്പാദനം മൂന്ന് ദശലക്ഷം യൂണിറ്റാക്കി കുറച്ചാണ് അണക്കെട്ടിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് 15 ദശലക്ഷം യൂണിറ്റിൽ അധികമായിരുന്നു ഓരോ ദിവസവുമുള്ള വൈദ്യുതോല്പാദനം. അടുത്ത രണ്ട് മാസത്തേക്ക് കൂടി വൈദ്യുതി ഉല്പ്പാദിപ്പിക്കാൻ ഡാമിലുള്ള വെള്ളം മതിയാകും. എന്നാൽ ഗ്രിഡിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയുകയും ഇടുക്കിയിൽ നിന്ന് വൈദ്യുതോൽപാദനം കൂട്ടേണ്ടി വരികയും ചെയ്താല്‍ പത്ത് ദിവസത്തിനുള്ളിൽ അടിത്തട്ട് തെളിയും. 

2002ലാണ് ഇതിന് മുമ്പ് സമാന പ്രതിസന്ധി നേരിട്ടത്. അന്ന് ജലനിരപ്പ് 2296 അടിയിൽ എത്തിയിരുന്നു. നിലവിൽ 2303 അടിയാണ് ജലനിരപ്പ്. മഴ കുറഞ്ഞതിനൊപ്പം നീരൊഴുക്ക് നിലച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ ലഭിച്ചിട്ടില്ല.  അടുത്ത ദിവസങ്ങളിൽ മഴയെത്തുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിലാണ് ഇപ്പോള്‍ കെഎസ്ഇബിയുടെയും നാട്ടുകാരുടെയും പ്രതീക്ഷ.