Asianet News MalayalamAsianet News Malayalam

ബുധനാഴ്ച വരെ ശക്തമായ മഴ: നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുടങ്ങുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. 

weather alerts issued in various districts of kerala
Author
Thiruvananthapuram, First Published Aug 10, 2019, 3:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് 10, 11, 13, 14 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 10-ന്, അതായത് ഇന്ന്, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ  ജില്ലകളിലും, ആഗസ്റ്റ് 11-ന്, നാളെ, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര(Extremely Heavy, 24 മണിക്കൂറിൽ 204 mm-ൽ കൂടുതൽ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുക എന്നതുൾപ്പടെ മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. 

ആഗസ്റ്റ് 11-ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്  എന്നീ ജില്ലകളിലും, ആഗസ്റ്റ് 13-ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലും, ആഗസ്റ്റ് 14-ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. 

ആഗസ്റ്റ് 13-നും 14-നും എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത ബുധനാഴ്ച മുതൽ തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

Follow Us:
Download App:
  • android
  • ios