Asianet News MalayalamAsianet News Malayalam

കാസർകോട്ടെ കൊവിഡ് രോഗിയുടേത് ധിക്കാര നടപടി; ചികിത്സയിലുള്ള വിദേശിയുടെ നില അൽപം മോശം: ആരോഗ്യമന്ത്രി

കർശന നടപടി എന്നു മുഖ്യമന്ത്രി പറഞ്ഞത് ചിലർക്ക് മനസിലായോ എന്നെനിക്ക് അറിയില്ല. പൊലീസ് കേസെടുത്ത് കഴിഞ്ഞാൽ തിരിച്ചു പോകാൻ പറ്റില്ല. കൊറോണയൊക്കെ അടങ്ങിയാൽ ഇവർക്കെല്ലാം തിരിച്ചു ​ഗൾഫിലേക്ക് പോകേണ്ടേ ? 

will take strict acton against covide patient in kasargod says health minister
Author
തിരുവനന്തപുരം, First Published Mar 22, 2020, 11:49 AM IST
  • Facebook
  • Twitter
  • Whatsapp


‌‌

തിരുവനന്തപുരം: നിരീക്ഷണത്തിലിരിക്കുമ്പോൾ ഇറങ്ങി നടക്കുകയും രോഗം തെളിഞ്ഞ ശേഷം റൂട്ട് മാപ്പിംഗിനോട് നിസഹകരിക്കുകയും ചെയ്ത കാസർകോട്ടെ കൊവിഡ് രോഗിക്കെതിരെ കർശന നടപടി വേണ്ടി വരുമെന്ന് ആരോ​ഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ഇയാൾക്കെതിരെ നിലവിൽ അന്വേഷണം പുരോ​ഗമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ‌‌

​ഗൾഫിൽ നിന്നും ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്ത് മടങ്ങിയെത്തിയ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്നും മടങ്ങിയെത്തുന്നവർ ദയവായി രണ്ടാഴ്ച നിർബന്ധിത സ്വയം നിരീക്ഷണത്തിന് തയ്യാറാവണം. വീട്ടുകാർ പോലും ഇവരോട് സൂക്ഷിച്ച് വേണം ഇടപെടാൻ. ഇത്രയും വിപുലമായ പ്രചാരണവും ബോധവത്കരണവും നടത്തിയിട്ടും സമീപദിവസങ്ങളിൽ നാട്ടിൽ തിരിച്ചെത്തിയ പല പ്രവാസികളും കറങ്ങി നടക്കുന്ന അവസ്ഥയുണ്ടെന്നും ഇവരെ ഉദ്ദേശിച്ചാണ് കർശന നടപടി വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ശൈലജ ടീച്ചർ പറഞ്ഞു. 

നിലവിൽ കേരളത്തിലുള്ള 52 കൊവിഡ് ബാധിതരുടേയും ആരോ​ഗ്യനില തൃപ്തികരമാണെന്നും എന്നാൽ കോട്ടയത്ത് ചികിത്സയിലുള്ള റാന്നിയിലെ വൃദ്ധദമ്പതികൾക്കും കൊച്ചിയിൽ ചികിത്സയിലുള്ള വിദേശ പൗരനും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 


ആരോ​ഗ്യമന്ത്രിയുടെ വാക്കുകൾ - 

സംസ്ഥാനത്ത് കൊവിഡ്  രോ​ഗബാധ സ്ഥിരീകരിച്ച 52 പേരുടേയും ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണ്. ഈ രോ​ഗത്തിന് പ്രത്യേകം മരുന്നുകളൊന്നുമില്ല. അതിനാൽ രോ​ഗലക്ഷണങ്ങൾക്കാണ് ചികിത്സ നൽകുന്നത്. ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശികളായ രോ​ഗികളുടെ ബന്ധുക്കളായ രണ്ട് പേരുടെ കാര്യത്തിൽ ആരോ​ഗ്യവകുപ്പ് അതീവജാ​ഗ്രത പുലർത്തുന്നുണ്ട്. ‌‌

96ഉം 85 ഉം വയസുള്ള ഈ രണ്ട് പേർക്ക് പ്രായധിക്യം മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്. ആരോ​ഗ്യമുള്ള വ്യക്തികൾക്ക് കൊവിഡ് രോ​ഗം വന്നാലും രോ​ഗലക്ഷണങ്ങൾ എളുപ്പം ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചേക്കും എന്നാൽ ‌‌ഇവരുടെ കാര്യത്തിൽ പ്രായം ഒരു വലിയ വെല്ലുവിളിയാണ്. അവരെ മരണത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിക്കാനായി സാധ്യമായ എല്ലാ വഴിക്കും ആരോ​ഗ്യവകുപ്പ് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. 

മറ്റൊന്ന് കേരളത്തിലെത്തിയ വിദേശ പൗരൻമാരുടെ കാര്യമാണ്. ഇവരുടെയെല്ലാം പ്രായം 65 വയസിന് മുകളിലാണ് പലർക്കും പ്രമേഹമടക്കം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ട്. 85 വയസു വരെ പ്രായമുള്ള വിദേശികൾ കോവിഡ് രോ​ഗബാധിതരായി കേരളത്തിൽ ചികിത്സയിലുണ്ട്. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന ഒരു വിദേശിക്ക് ശ്വാസകോശത്തിൽ കടുത്ത കഫക്കെട്ട് അടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇയാളെ ചികിത്സിക്കാനായി തിരുവനന്തപുരത്ത് നിന്നുള്ള സീനിയർ ഡോക്ടർമാരുടെ സംഘം എറണാകുളത്തേക്ക് പോയി. ഇതേ പോലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘത്തെ മഞ്ചേരിയിലെ രോ​ഗികളെ പരിശോധിക്കാനും അയച്ചു. ഇങ്ങനെ നമ്മുടെ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ചാണ് രോ​ഗികളെ പരിചരിക്കുന്നത്. 

കൊവിഡ് രോ​ഗബാധയെ പ്രതിരോധിക്കാൻ ആരോ​ഗ്യവകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ടാണ് രോ​ഗപ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആരോ​ഗ്യവകുപ്പിന് ഒറ്റയ്ക്ക് ഇങ്ങനെയൊരു പ്രതിരോധം സാധ്യമല്ല. മറ്റു വകുപ്പുകളും കൂടി ചേർന്നാണ് പ്രവർത്തനം. എല്ലാവർക്കും കൃത്യമായ ചുമതലകൾ മുഖ്യമന്ത്രി വീതിച്ചു നൽകിയിട്ടുണ്ട്.

രോ​ഗബാധയുടെ ആദ്യഘട്ടത്തിൽ ചൈനയിലെ വുഹാനിൽ നിന്നും 72 പേരോളം വന്നിട്ടും മൂന്ന് പേർക്കേ രോ​ഗം സ്ഥിരീകരിച്ചുള്ളൂ. അവരെ തുടക്കം തൊട്ടേ നമ്മുടെ നിരീക്ഷണത്തിൽ കിട്ടിയതിനാൽ രോ​ഗികളെ ചികിത്സിച്ചു ഭേദമാക്കാനും രോ​ഗബാധ നിയന്ത്രിക്കാനും സാധിച്ചു. ചൈനയിൽ നിന്നും വന്നവർ അവിടെ പുറത്തിറങ്ങി ഇടപെടാതിരുന്നതും നമ്മുക്ക് തുണയായി. അതിനു ശേഷമാണ് ഇറ്റലിയിൽ നിന്നും ആൾക്കാർ വന്നത്. ആ ഒരു രോ​ഗി ഇത്രയും സ്ഥലത്ത് പോയില്ലായിരുന്നുവെങ്കിൽ സാഹചര്യം ഇത്രയും മോശമാവില്ലായിരുന്നു. 

അത്രയും ആളുകളാണ് അയാളുടെ കോൺടാക്ടിൽ വന്നത്. ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിരീക്ഷണത്തിൽ ഇരുത്തേണ്ട സാഹചര്യം അതോടെ രൂപപ്പെട്ടു. നമ്മൾ എത്ര പറഞ്ഞാലും ആളുകൾ നമ്മളോട‌് സഹകരിക്കാതെ ഇറങ്ങി നടക്കുന്ന അവസ്ഥയുണ്ട്. ‌അതിനാലാണ് രോ​ഗപ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവരോട് ഇനി കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞത്. 

ഇപ്പോൾ നാം നേരിടുന്ന പ്രധാന വെല്ലുവിളി ​ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നവരാണ്. മറ്റു രാജ്യങ്ങളിലേത് പോലെയല്ല ആയിരക്കണക്കിന് ആളുകളാണ് അറബ് രാജ്യങ്ങളിൽ നിന്നും ഇപ്പോൾ നാട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.  ഇവരെ നിരീക്ഷണത്തിൽ വയ്ക്കുക എന്നതു വെല്ലുവിളിയാണ്. വിദേശത്തു നിന്നും വരുന്നവർ നിർബന്ധമായും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. വീട്ടിലൊരു മുറിയിലോ ഒരു ഭാ​ഗത്തോ ആയി രണ്ടാഴ്ച ഇവർ കഴിയണം. എതെങ്കിലും രോ​ഗലക്ഷണം കണ്ടാൽ ഡോക്ടറെ അറിയിക്കണം. ​

രോ​ഗലക്ഷണങ്ങൾ ​ഗുരുതരമായാൽ സർക്കാർ തന്നെ നേരിട്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഇത്തരം ആളുകളോട് ഇടപെടുമ്പോൾ വീട്ടുകാരും പ്രത്യേകം ശ്രദ്ധിക്കണം. ഇവരുടെ വസ്ത്രങ്ങളും ഭക്ഷണം അണുനശീകരണം നടത്തി ശുചീകരിക്കണം.പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുമ്പോൾ ദയവായി ഇവരുടെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുകളുമൊക്കെ ഒന്ന് ശ്രദ്ധിക്കണം. വീട്ടിൽ പ്രായമായ ആളുകൾ ഉണ്ടെങ്കിൽ അവരെ വിദേശത്തു നിന്നും എത്തുന്നവരിൽ നിന്നും പൂർണമായും അകറ്റി നിർത്തണം.  ‌‌‌‌

നമ്മുടെ മുഖ്യമന്ത്രി പറയുന്ന രീതി നിങ്ങൾക്കറിയാമല്ലോ... ​ഗൾഫിൽ നിന്നും വരുന്നവർ രോ​ഗപ്രതിരോധ നടപടികളോട് സഹകരിക്കണം എന്ന് അദ്ദേഹം ആദ്യഘട്ടത്തിൽ അഭ്യർത്ഥിച്ചു. എന്നാൽ ഇന്നലെ ഇനി അഭ്യർത്ഥനയില്ലെന്നും സഹകരിക്കാത്തവർ കർശന നടപടി നേരിടേണ്ടി വരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കർശന നടപടി എന്നു മുഖ്യമന്ത്രി പറഞ്ഞത് വല്ലവർക്കും മനസിലായോ എന്നെനിക്ക് അറിയില്ല. പൊലീസ് കേസെടുത്ത് കഴിഞ്ഞാൽ ഇവർക്ക് ആർക്കും ഇനി ​ഗൾഫിലേക്ക് എളുപ്പം തിരിച്ചു പോകാൻ പറ്റില്ല. കൊറോണയൊക്കെ അടങ്ങിയാൽ ഇവർക്കെല്ലാം തിരിച്ചു ​ഗൾഫിലേക്ക് പോകേണ്ടേ ? കുടുംബത്തെ നോക്കട്ടെ...? അപ്പോൾ അതൊക്കെ ആലോചിച്ചു പ്രവർത്തിക്കുക. 

​ഗൾഫിൽ നിന്നും ഈ അടുത്ത് നാട്ടിൽ തിരിച്ചെത്തിയ പലരും ഇത്രയും ​ഗുരുതരാവസ്ഥയിലും വളരെ ധിക്കാരപരമായാണ് പെരുമാറിയത്. കാസർകോട്ടെ കൊവിഡ‍് രോ​ഗി പറഞ്ഞത് നിരീക്ഷണത്തിൽ കഴിയണമെന്ന് തനിക്കറിയാമായിരുന്നു പക്ഷേ ഞാനത് ശ്രദ്ധിച്ചില്ല എന്നാണ്. പറഞ്ഞതൊക്കെ മാറ്റി മാറ്റി പറയുകയാണ് അദ്ദേഹം ഇനിയും ചിലപ്പോൾ മാറ്റി പറയുമായിരിക്കും. ​ഗൾഫിൽ നിന്നും വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് സംസ്ഥാന വ്യാപകമായി പ്രചാരണം നടക്കുന്നതിനിടയിലാണ് ഇയാൾ നാട്ടിലെത്തിയത്. എന്നിട്ടും അയാൾ ഇറങ്ങി നടന്നു എന്നത് ​ഗുരുതമായ തെറ്റാണ്. 

ഇതൊക്കെ ക്ഷമിച്ചാലും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവും ഇയാൾ സഹകരിക്കുന്നില്ല എന്നതാണ് ​ഗുരുതരമായ പ്രശ്നം. എവിടെയൊക്കെ പോയി എന്തൊക്കെ ചെയ്തു എന്ന് രോ​ഗി പറഞ്ഞാൽ മാത്രമേ അയാളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പറ്റൂ. ഇയാൾ അതിനും തയ്യാറായല്ല. ഇയാൾക്കെതിരെ എന്തായാലും കർശനമായ നടപടി വേണ്ടി വരും. ഇയാളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. 

പരിശോധന വ്യാപിപ്പിക്കുന്ന കാര്യത്തിലും കൊവിഡ് നിർണയ പരിശോധനകൾക്ക് സ്വകാര്യ ലാബുകൾക്ക് അനുമതി നൽകുന്നതിന് നയം രൂപീകരിക്കാനും വിദ​ഗ്ദ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഐസിഎംആറിന്റെ മാർ​ഗനിർദേശം അനുസരിച്ച് ഇതിനുള്ള സംവിധാനമൊരുക്കും. കൂടുതൽ പേർക്ക് രോ​ഗബാധ കണ്ടെത്തുകയും വിദേശത്തു നിന്ന് കൂടുതൽ പേർ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിപുലമായ ചികിത്സാ സൗകര്യം ഒരുക്കേണ്ടതുണ്ട്. 

ചെറിയ ചെറിയ അസുഖമുള്ളവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റിയും വീട്ടിൽ വിശ്രമം വേണ്ടവരെ ആശുപത്രിയിൽ നിന്നും മാറ്റിയും മെഡിക്കൽ കോളേജുകളിൽ പരമാവധി ആളുകളെ അഡ്മിറ്റ് ചെയ്യാനാണ് തീരുമാനം. ഇതോടൊപ്പം അടച്ചു പൂട്ടിയ നിരവധി ആശുപത്രികൾ ആരോ​ഗ്യവകുപ്പ് ഏറ്റെടുക്കുന്നുണ്ട്. രോ​ഗികൾക്കും രോ​ഗലക്ഷണമുള്ളവർക്കുമായി പരമാവധി ബെഡുകൾ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്.

Follow Us:
Download App:
  • android
  • ios