നിര്‍ണായകഘട്ടത്തില്‍ ഉണ്ടായ തീരുമാനം ഇനി വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിലും സ്വാധീനശക്തിയാകുമെന്ന് ഉറപ്പാണെന്നും പി രാജീവ്.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം നല്‍കിയ സുപ്രീം കോടതി തീരുമാനമെന്ന് മന്ത്രി പി രാജീവ്. നിര്‍ണായകഘട്ടത്തില്‍ ഉണ്ടായ തീരുമാനം ഇനി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിലും സ്വാധീന ശക്തിയാകുമെന്ന് ഉറപ്പാണ്. ജനങ്ങളെ തെറ്റിധരിപ്പിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി കൂടിയാണ് സുപ്രീംകോടതിയുടെ തീരുമാനമെന്നും രാജീവ് പറഞ്ഞു. 

പി രാജീവിന്റെ കുറിപ്പ്: ''പ്രതിപക്ഷ പാര്‍ടി സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള യൂണിയന്‍ ഗവണ്മെന്റിന്റെ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം നല്‍കിയ സുപ്രീം കോടതി തീരുമാനം. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തിടുക്കപ്പെട്ട് നടത്തിയ കെജരിവാളിന്റെ അറസ്റ്റ് മുന്‍കാലങ്ങളിലെല്ലാം യൂണിയന്‍ ഗവണ്‍മെന്റ് നടത്തിയ പ്രതിപക്ഷ വേട്ടയാടലിന്റെ തുടര്‍ച്ചയാണെന്ന ഞങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കോടതി തീരുമാനം. നിര്‍ണായകഘട്ടത്തില്‍ ഉണ്ടായിട്ടുള്ള ഈ തീരുമാനം ഇനി വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിലും സ്വാധീനശക്തിയാകുമെന്നുറപ്പാണ്. ആ ആശങ്കയില്‍ അതിതീവ്രമായ വര്‍ഗീയത പ്രചരിപ്പിക്കാനും ബിജെപി വരുംനാളുകളില്‍ തയ്യാറാകും.''

''ജനങ്ങളെ തെറ്റിധരിപ്പിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പരാജയ ഭീതി പിടിക്കപ്പെട്ടിട്ടുള്ള ബിജെപിയ്ക്ക് കെജരിവാളിന്റെ ജാമ്യം കൂടുതല്‍ ആശങ്കകള്‍ക്കിട നല്‍കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്കാകെ പുത്തനുണര്‍വ്വ് നല്‍കുക കൂടിയാണ് അദ്ദേഹത്തിന്റെ വരും ദിനങ്ങളിലെ സാന്നിധ്യം. യൂണിയന്‍ ഗവണ്മെന്റിന്റെ തെറ്റായ നീക്കങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ സാധിക്കുമെന്ന ജനങ്ങളുടെ വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. ഒപ്പം അരവിന്ദ് കെജ്രിവാളിന് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിപക്ഷ ഐക്യ പോരാട്ടത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പങ്കെടുക്കാനും സാധിക്കട്ടെ എന്നാശംസിക്കുന്നു.''

'നീ ഇത്തവണ റിമാന്‍ഡാണ്, നോക്കിക്കോ..'; പൊലീസില്‍ നിന്ന് നേരിട്ടത് ക്രൂരമര്‍ദ്ദനം, വിവരിച്ച് 18കാരന്‍

YouTube video player