Asianet News MalayalamAsianet News Malayalam

ജൈവ വൈവിധ്യത്തെ ആഘോഷമാക്കുക: ഇന്ന് ലോക പരിസ്ഥിതി ദിനം

മേലണ്ണാക്കും നാവും പൊട്ടിച്ചിതറി നരകയാതന അനുഭവിച്ച് മരിച്ച ഗർഭിണിയായ ഒരു പിടിയാനയുടെ ചോരയിൽ ചവിട്ടി നിന്നുകൊണ്ടാണ് നമ്മൾ ഈ പരിസ്ഥിതിദിനം ആചരിക്കുന്നത്

World environment day june 5th
Author
Thiruvananthapuram, First Published Jun 5, 2020, 7:36 AM IST

തിരുവനന്തപുരം: ഇല്ലാതാകുന്ന പച്ചപ്പിനേയും താറുമാറാകുന്ന പരിസ്ഥിതിയെപ്പറ്റിയും ഓർക്കാൻ ഇന്ന് ലോക പരിസ്ഥിതി ദിനം. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.

മേലണ്ണാക്കും നാവും പൊട്ടിച്ചിതറി നരകയാതന അനുഭവിച്ച് മരിച്ച ഗർഭിണിയായ ഒരു പിടിയാനയുടെ ചോരയിൽ ചവിട്ടി നിന്നുകൊണ്ടാണ് നമ്മൾ ഈ പരിസ്ഥിതിദിനം ആചരിക്കുന്നത്. ജനിക്കാതെ തന്നെ ഒരു ജന്മത്തിന്‍റെ വേദന മുഴുവൻ അറിഞ്ഞ കൈക്കുമ്പിളോളം പോന്ന അവളുടെ കുഞ്ഞിന്‍റെ ഭ്രൂണം കണ്ണിൽ നിന്ന് മായുന്നതിന് മുമ്പ്. സഹജന്തുജാലങ്ങളോട് കരുണയില്ലാത്ത പ്രകൃതിചൂഷണം, തീരാത്ത ആർത്തി, എല്ലാ പരിധികളും ലംഘിക്കുന്ന മലിനീകരണം, ആവർത്തിക്കുന്ന കൊടും വേനലും പെരും പ്രളയവും. പരിസ്ഥിതി ദിനത്തിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ കാഴ്ചകൾ ശുഭകരമല്ല. 

ഒരു ദിനാചാരണത്തിലും ഒരു മരത്തൈ നടുന്നതിലും തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്തം. ഒറ്റയ്ക്കൊരു നിലനിൽപ്പ് സാധ്യമല്ലെന്നും എല്ലാ ജീവജന്തുജാലങ്ങളെയും സ്വന്തം വംശവൃക്ഷത്തിലെ ചില്ലകളാണെന്നുമുള്ള തിരിച്ചറിവ് മണ്ണാർകാട്ടെ സഹ്യന്‍റെ മകളുടെ രക്തസാക്ഷിത്വത്തിന് പ്രായശ്ചിത്തമാകട്ടെ.

മഹാവ്യാധിയുടെ കാലത്താണ് ഈ പരിസ്ഥിതി ദിനം കടന്നുപോകുന്നത്. ലോക്ഡൗൺ കാലത്ത് മനുഷ്യൻ വീട്ടകങ്ങളിലേക്ക് മടങ്ങിയപ്പോൾ പ്രകൃതി അതിന്‍റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകൾ കണ്ടു. കിളിയൊച്ചകൾ തിരികെയെത്തി, അരുവികളും ആകാശവും തെളിഞ്ഞു, പൂക്കൾ പുഞ്ചിരിച്ചു.

മനുഷ്യന്റെ ഇടപെടൽ കുറയുംതോറം സ്വച്ഛമാകുന്ന പ്രകൃതി നല്ല സൂചനയല്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞ, കാർബൺ ബഹി‍ർഗമനം പരമാവധിയില്ലാത്ത, മാലിന്യമൊഴിഞ്ഞ, സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദ ബോധമുള്ള മനുഷ്യരും നിറഞ്ഞ നല്ല ഭൂമി അടുത്ത തലമുറയ്ക്ക് കൈമാറാൻ നമുക്ക് ബാക്കിവേണം.

നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മളെ പൊതിയുന്ന വെളിച്ചം, നമ്മൾ കഴിക്കുന്ന ഭക്ഷണം. മനുഷ്യന്‍റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതില്ല എന്ന ഗാന്ധിവചനം എന്നത്തേക്കാളും പ്രസക്തമാകുന്നു.

Follow Us:
Download App:
  • android
  • ios