കൊവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികൾക്കിടയിൽ അതിജീവനത്തിന്‍റെ ചില നല്ലകാഴ്ചകള്‍ കാണിച്ചുതന്നിട്ടുണ്ട് 2020. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിൽ നൂറ് രൂപ ഒട്ടിച്ചുവെച്ച എറണാകുളം കുമ്പളങ്ങിയിലെ മേരി അതിജീവനവഴിയിലെ വലിയ വെളിച്ചമായിരുന്നു. ജീവത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തവർക്ക് വയറ് നിറച്ചുണ്ണാൻ ആഹാരവും അതിനൊപ്പം വഴിക്കാശും തിരുകിവെച്ച മേരി. 

കുമ്പളങ്ങിയിലെ ചെളിക്കുഴിയിലുള്ള ഒറ്റമുറി വീട്ടിൽ നിന്ന് മേരി നൽകിയ ആ പൊതിച്ചോറിന് കോടികളുടെ മൂല്യമുണ്ടായിരുന്നു. തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു മേരിയുടെ സമ്പാദ്യം. ദുരിതകാലത്ത് ഒരു ദിവസത്തെ വേതനം നൽകാൻ മടിച്ചവർ കോടതി കയറിയപ്പോൾ മേരിയുടെ തീരുമാനം മനസ്സാക്ഷിയോട് ചോദിച്ചായിരുന്നു. 

അങ്ങനെ ആ തീരുമാമെടുത്തു ഉള്ളത് മനുഷ്യർക്ക് പങ്കിട്ട് നൽകുക, പൊതിച്ചോറിലെ ഈ അമ്മയുടെ കരുതലിന് അംഗീകാരങ്ങൾ ഏറെ വന്നു. മേരി അതൊന്നും ആഗ്രഹിച്ചിരുന്നില്ല. ഒരു കൈകൊണ്ട് കൊടുക്കുന്നത് മറു കൈ അറിയരുതെന്നതാണ് മേരിയ്ക്ക് പറയാനുള്ളത്.