കെ.എസ്.എഫ്.ഇ എന്ന് പ്രസിദ്ധി നേടിയ ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡ് 1969 ലാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്നത്. കമ്പനി നിയമപ്രകാരം കേരളസർക്കാരിൻ്റെ പരിപൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായിട്ടാണ് കെ.എസ്.എഫ്.ഇ. രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചിട്ടി ബിസിനസ് ആണ് കമ്പനിയുടെ പ്രധാനപ്രവർത്തനരംഗം എങ്കിലും സർക്കാർ നയങ്ങൾക്കനുസരിച്ച് സാമ്പത്തികരംഗത്തെ വൈവിധ്യമാർന്ന മേഖലകളിലേക്ക് ഈ കെ.എസ്.എഫ്.ഇ.യുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നു.

പൊതുജനങ്ങൾക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനപ്രദവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്ന വിശ്വസ്തവും ലാഭകരവുമായ ഒരു സ്ഥാപനമായി പ്രവർത്തിക്കുകയും വളരുകയും ചെയ്യുക എന്നതായിരുന്നു ചിട്ടി മേഖലയ്ക്ക് ഒരു വ്യവസ്ഥയുണ്ടാക്കി ഈ രംഗത്തെ ചൂഷകരുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിനൊപ്പം കെ.എസ്.എഫ്.ഇ. സ്ഥാപിക്കുമ്പോൾ ലക്ഷ്യമിട്ടത്. നീണ്ട അമ്പതു പതിറ്റാണ്ടുകൾ ഈ ദൗത്യത്തെ സാർത്ഥകമാക്കാനുള്ള യാത്രയായിരുന്നു ഈ കേരള സർക്കാർ ധനകാര്യസ്ഥാപനത്തിൻ്റേത്. 

ഉപഭോക്താക്കളുടെ സാമ്പത്തികാവശ്യങ്ങൾക്ക് ഒപ്പം നിന്ന്, കൃത്യമായും വിശ്വസ്തതയോടെയും ചിട്ടി നടത്തി മികച്ച സേവനങ്ങൾ നൽകി ആധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കേരളത്തിൻ്റെ മുക്കിലും മൂലയിലുമെത്തിയ കെ.എസ്.എഫ്.ഇ. ഇന്ന് സംസ്ഥാനത്തിൻ്റെ അതിരുകൾ വിട്ട് അന്തർദ്ദേശീയ തലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാജ്യത്തെ എണ്ണപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.എഫ്.ഇ. ഈ സ്വപ്നത്തിന് വിത്തുപാകിയവർക്കും ഇന്നുവരെയുള്ള സാരഥികൾക്കും ഭരണനേതൃത്വത്തിനും ഏറെ അഭിമാനിക്കാവുന്ന ഉയരത്തിൽ സുവർണ്ണജൂബിലിയാഘോഷിക്കുമ്പോഴേക്കും കെ.എസ്.എഫ്.ഇ. എത്തിക്കഴിഞ്ഞു.

ഉപഭോക്താക്കൾക്ക് മികച്ച സേവനവും സാമ്പത്തികനേട്ടവും ഉറപ്പുവരുത്തുന്നതിനോടൊപ്പം സർക്കാരിനും വലിയ വരുമാനമാണ് ലാഭകരമായ പ്രവർത്തനത്തിലൂടെ ഒരു കമ്പനി എന്ന നിലയിൽ കെ.എസ്.എഫ്.ഇ. നേടിക്കൊടുക്കുന്നത്. 1123 കോടി രൂപയാണ് ലാഭവീതമായും മറ്റും ഇതുവരെ കെ.എസ്.എഫ്.ഇ. സംസ്ഥാന സർക്കാരിനു നൽകിയത്. നികുതിയിനത്തിൽ 1046 കോടി രൂപ കേന്ദ്രസർക്കാരിനും നൽകി. ഇതിനുപുറമെ സംസ്ഥാനട്രഷറിയിൽ 5165 കോടി രൂപയുടെ നിക്ഷേപവും കെ.എസ്.എഫ്.ഇ.ക്കുണ്ട്. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ലാഭേച്ഛയില്ലാത്ത സേവനപദ്ധതികളും കെ.എസ്.എഫ്.ഇ.യുടെ പ്രവർത്തനങ്ങളിലെ തിളക്കമേറിയ ഏടുകളാണ്.

പല ധനകാര്യസ്ഥാപനങ്ങളും പിടിച്ചുനിൽക്കാൻ പാടുപെടുമ്പോൾ അസൂയാവഹമായ വളർച്ചയാണ് ഓരോ വർഷവും കെ.എസ്.എഫ്.ഇ.യുടേത്. പത്തുവർഷം മുമ്പ്, 2010-11ൽ, കമ്പനിയുടെ മൊത്തം മൂല്യം 191.13 കോടി രൂപയും ലാഭം 52.15 കോടി രൂപയും ആയിരുന്നെങ്കിൽ ഇന്ന്, 2019-20ൽ, മൊത്തം മൂല്യം 954 കോടി രൂപയും ലാഭം 313 കോടി രൂപയുമാണ്. 100 കോടി രൂപയുടെ മൂലധനത്തോടെ പ്രവർത്തിക്കുന്ന കമ്പനിക്ക് ഇന്ന് 578 ബ്രാഞ്ചുകളും 6512 ജീവനക്കാരുമുണ്ട്.

48,457 കോടി രൂപയുടെ മൊത്തം ടേൺ ഓവർ ഉള്ള കെ.എസ്.എഫ്.ഇ.ക്ക് ഇപ്പോൾ സ്ഥിരനിക്ഷേപമായി മാത്രം 15,904 കോടി രൂപയുണ്ട്. ആകെ നാല്പതു ലക്ഷത്തോളം ഉപഭോക്താക്കളുള്ള കെ.എസ്.എഫ്.ഇ.യുടെ ചിട്ടി വരിക്കാർ മാത്രം 20 ലക്ഷത്തോളമാണ്. പതിനാലു ലക്ഷത്തോളം പേരുടെ നിക്ഷേപങ്ങളും കെ.എസ്.എഫ്.ഇ.യിലുണ്ട്.

പ്രധാനപ്രവർത്തനരംഗം ചിട്ടിയാണെങ്കിലും വ്യത്യസ്തമായ സാമ്പത്തികസേവനങ്ങൾ ഇന്ന് കെ.എസ്.എഫ്.ഇ. നൽകുന്നുണ്ട്. ചിട്ടിയിൽ തന്നെ ചിട്ടി അധിഷ്ഠിത വായ്പയും നിക്ഷേപപദ്ധതികളുമുണ്ട്. പുതിയ സാമ്പത്തിക നിയമങ്ങൾക്കനുസരിച്ച് വിദേശ ഇന്ത്യക്കാർക്ക് നേരിട്ട് ചേരാവുന്ന എൻ.ആർ.ഐ. ചിട്ടികളും കെ.എസ്.എഫ്.ഇ. ആരംഭിച്ചു കഴിഞ്ഞു. ചിട്ടിക്കു പുറമെ സ്ഥിരനിക്ഷേപം, ഹ്രസ്വകാല നിക്ഷേപം, സേവിങ്സ് ഡെപ്പോസിറ്റ് എന്നിങ്ങനെയുള്ള നിക്ഷേപങ്ങളും കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്നു. വ്യക്തിഗത വായ്പ, സ്വർണ്ണവായ്പ, ഹൗസിങ് ലോൺ, വാഹനവായ്പ എന്നീ വായ്പാപദ്ധതികളും കെ.എസ്.എഫ്.ഇ. നൽകിവരുന്നു. കൂടാതെ സർക്കാർ ജീവനക്കാർക്കായി പ്രത്യേക ഓവർഡ്രാഫ്റ്റ് സൗകര്യവും കെ.എസ്.എഫ്.ഇ.ക്കുണ്ട്.