അമ്പതാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കായി കെ.എസ്.എഫ്.ഇ. ഒരുക്കിയിരിക്കുന്ന സമ്മാനമാണ് 'സുവർണ്ണ ജൂബിലി ചിട്ടികൾ'. 2019 ൽ ആരംഭിച്ച സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടർച്ചയാണിത്. 2020 ആഗസ്റ്റ് 17 മുതൽ ഡിസംബർ മുപ്പതുവരെ കെ.എസ്.എഫ്.ഇ. ശാഖകളിൽ ആരംഭിക്കുന്ന ചിട്ടികൾക്ക് . കുറഞ്ഞത് 2000 രൂപ മാസത്തവണയുള്ള ചിട്ടികളായിരിക്കും ഇവ.

വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളാണ് സുവർണ്ണ ജൂബിലി ചിട്ടിയുടെ പ്രധാന ആകർഷണം. ചിട്ടികളിൽ ചേരുന്നവരിൽ നിന്നും സംസ്ഥാനതലത്തിൽ നറുക്കിട്ടെടുക്കുന്ന ഒരാൾക്ക് 50 പവൻ സ്വർണ്ണമോ 18 ലക്ഷം രൂപയോ ബമ്പർ സമ്മാനം ലഭിക്കും. മേഖലാതലത്തിൽ രണ്ടുപേർക്ക് ഓരോ റോയൽ എൻഫീൽഡ് ബുള്ളറ്റും രണ്ടുപേർക്ക് ഓരോ ഹോണ്ട ആക്ടീവ സ്കൂട്ടറുമാണ് സമ്മാനം. 

ശാഖാതലത്തിൽ ഓരോ ചിട്ടിയിലും ചേരുന്നവരിൽ നിന്നും ആദ്യ ലേല ദിവസം തന്നെ നറുക്കെടുത്ത് ഒരാൾക്ക് 10,000 രൂപയുടെ സ്മാർട്ട് ഫോൺ സമ്മാനമായി ലഭിക്കും. 100 മാസത്തിലേറെ കാലാവധിയുള്ള ചിട്ടികളിൽ രണ്ടുപേരേയും ഡിവിഷൻ ചിട്ടികളിലും ക്ലാസ് ചിട്ടികളിലും ഓരോ ഡിവിഷനും ഓരോ ക്ലാസിനും ഓരോരുത്തരെ വീതവും ഈ സമ്മാനത്തിനായി തിരഞ്ഞെടുക്കും.

സമ്മാനങ്ങൾ കൂടാതെ 5% തവണകൾ അടച്ചുകഴിഞ്ഞാൽ മതിയായ ജാമ്യത്തോടെ ആകെ ചിട്ടി തുകയുടെ പകുതി വരെ വായ്പയെടുക്കാനുള്ള അവസരവുമുണ്ട്. പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങൾക്ക് ഇത് വലിയൊരു സഹായമായിരിക്കും. ചിട്ടി വിളിച്ചെടുത്തശേഷം ചിറ്റാളൻ മരിച്ചുപോയാൽ 5 ലക്ഷം രൂപ വരെയുള്ള ബാദ്ധ്യത എഴുതി തള്ളും. 

സുവർണ്ണ ജൂബിലി ചിട്ടികളിൽ ചേരുന്നവർക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി ലളിതമായ വ്യവസ്ഥകളോടെ 30,000 രൂപ വരെയുള്ള വായ്പാപദ്ധതിയും കെ.എസ്.എഫ്.ഇ. പ്രഖ്യാപിച്ചിട്ടുണ്ട്. ചിട്ടിയിൽ അതുവരെ അടച്ചതുകയും ഈ വായ്പയുടെ ജാമ്യമായി പരിഗണിക്കും. ഇവ കൂടാതെ മുഴുവൻ തവണകളും മുടക്കം കൂടാതെ അടച്ച് ചിട്ടി പൂർത്തിയാക്കുന്നവർക്ക് ചിട്ടിയുടെ ഒരു തവണക്കു തുല്യമായ തുക (പരമാവധി 10,000 രൂപ വരെ) പുതിയ ചിട്ടിയിൽ ചേരുന്നതിന് പ്രത്യേക സമ്മാനമായും ലഭിക്കും.