നമ്മുടെ മനസും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അതിന് കൂടുതല്‍ സാധൂകരണം നല്‍കുന്ന രസകരമായ ഒരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഫിന്‍ലാന്‍ഡില്‍ നടത്തിയ പഠനം അനുസരിച്ച് നമ്മുടെ ഓരോ വികാരങ്ങളും ഓരോ അവയവത്തെയാണ് ബാധിക്കുന്നത്. ഗുണപരമായോ ദോഷകരമായോ ആണ് വികാരങ്ങള്‍ ഓരോ അവയവത്തെയും ബാധിക്കുന്നത്. അത് എങ്ങനെയൊക്കെയെന്ന് നോക്കാം...

1, സന്തോഷം- ഹൃദയം

സന്തോഷവും, അത്ഭുതവും ഹൃദയത്തെയാണ് ബാധിക്കുന്നത്. ചൈനയിലെ ഒരുതരം ചികില്‍സാരീതി പോലും ഇതിനെ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ സന്തോഷിക്കുന്നത്, ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് സാരം.

2. ദേഷ്യം- കരള്‍

ദേഷ്യം എന്ന വികാരം തോന്നിയാല്‍‍, അത് നേരിട്ടു ബാധിക്കുന്നത് കരളിനെയാണ്. കൂടാതെ, ദേഷ്യം തലവേദനയ്‌ക്കും ഹൈപ്പര്‍ടെന്‍ഷനും കാരണമാകും. ഇത് വയറിനെയും പ്ലീഹയെയും ബാധിക്കും.

3, ഉത്‌കണ്‌ഠ- ശ്വാസകോശം

ഉത്‌കണ്ഠ എന്ന വികാരം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അമിതമായ ഉത്‌കണ്‌ഠ കാരണം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം എന്നിവ അനുഭവപ്പെടുകയും ചെയ്യും. ഉത്‌കണ്‌ഠ ബാധിക്കുന്ന മറ്റൊരു അവയവം വന്‍കുടലാണ്.

4, ഭയം- വൃക്കകള്‍

അമിതമായി ഭയപ്പെട്ടാല്‍, അത് നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങും. വലിയതോതില്‍ പേടി തോന്നിയാല്‍, കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതിന് പിന്നിലും വൃക്കകള്‍ക്കും മൂത്രവാഹിനിക്കുമേല്‍ക്കുന്ന സമ്മര്‍ദ്ദമാണ് കാരണം.

5, വിഷാദം- പ്ലീഹ

വിഷാദം അനുഭവപ്പെട്ടാല്‍, നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ന്നുപോകുകയും ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധക്കുറവ് ഉണ്ടാകുകയും ചെയ്യും. അതായത്, ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാത്ത അവസ്ഥ സംജാതമാകും. ഇതിന് കാരണം പ്ലീഹയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനമാണ്.