ജനസംഖ്യാ നിയന്ത്രണത്തിനായി നടപ്പിലാക്കിയ ഒറ്റക്കുട്ടി നയത്തിന്‍റെ ഗുരുതര പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ ബുദ്ധിമുട്ടി ചൈന. ജനസംഖ്യാപരമായ അസുന്തലിതാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ സര്‍ക്കാര്‍ പ്രേരിപ്പിച്ചിട്ടും പുരോഗതിയില്ലെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് കുട്ടികളുണ്ടാവേണ്ടത് രാജ്യ സ്നേഹം പ്രകടിപ്പിക്കാന്‍ ആവശ്യമാണെന്ന നിലപാട് സ്വീകരിച്ചിട്ടും കാര്യമായ പുരോഗതിയില്ല. 

ഗര്‍ഭഛിദ്രവും വിവാഹമോചനവും കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടും  രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ലീവുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ കുറച്ചിട്ടും നികുതി ഇളവുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും ഒറ്റക്കുട്ടി നയത്തോട് ചേര്‍ന്ന് നില്‍ക്കുകയാണ് ചൈനയിലെ ജനങ്ങള്‍. ഈ ശ്രമങ്ങള്‍ക്കെല്ലാം ശേഷവും ചൈനയിലെ ജനന നിരക്ക് വളരെ താഴ്ന്ന നിലയിലാണ് നില്‍ക്കുന്നത്. ജനസംഖ്യാപരമായ ഈ അസന്തുലിതാവസ്ഥ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന നിലയിലേക്കാണ് ചൈനയുടെ പോക്ക്. 

ഇതോടെയാണ് സാമ്പത്തിക വിദഗ്ധനും ഷാങ്ഹായിലെ ഫുഡാന്‍ സര്‍വ്വകലാശാല പ്രൊഫസറുമായ യീവ് ക്വാങ് നംഗ് വിചിത്രമെന്ന് തോന്നുന്ന ഒരു പരിഹാരവുമായി എത്തിയത്. സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ അനുവദിക്കുക ഇതിലൂടെ നിരവധി കുട്ടികളുണ്ടാവും എന്നാണ് യീവ് ക്വാങ് നംഗ്  പറയുന്നത്. പ്രൊഫസറുടെ നിരീക്ഷണം ഇതിനോടകം ചൈനയില്‍ വിവാദമായിട്ടുണ്ടെന്നാണ് നാഷണല്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ബഹുഭര്‍തൃത്വം ഒരു മോശം ആശയമാണോയെന്നാണ് ചൈനീസ് ബിസിനസ് വെബ്സൈറ്റിലെ കോളത്തില്‍ പ്രൊഫസര്‍ ചോദിക്കുന്നത്. 

താന്‍ ബഹുഭര്‍തൃത്വത്തിന്‍റെ ആളല്ല, പക്ഷേ സ്ത്രീപുരുഷാനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഇതൊരു പരിഹാരമായി കാണാവുന്നതാണെന്നാണ് പ്രൊഫസര്‍ പറയുന്നത്. 36 വര്‍ഷം നിലനിന്ന ഒറ്റക്കുട്ടിനയം ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു കുട്ടിയിലധികം ഉണ്ടാവുന്നതിന് വിലക്ക് സൃഷ്ടിച്ചതായിരുന്നു. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40 വയസില്‍ താഴെയുള്ളവരില്‍ 100 മില്യണ്‍ മാത്രമാണ് കുട്ടികളുള്ളത്.  സ്ത്രീകളേക്കാള്‍ 34 മില്യണ്‍ പുരുഷന്മാരാണ് ചൈനയില്‍ അധികമായുള്ളത്.

മൂന്നിലൊരു ഭാഗം ജനങ്ങളും 2027ഓടെ 65 വയസ് കഴിയുന്നവരാവുമെന്നതാണ് ചൈനയിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥാ പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുന്നത്. 2015 മുതലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റക്കുട്ടി നയത്തില്‍ നിന്ന് പിന്തിരിഞ്ഞത്. എന്നാല്‍ പ്രൊഫസറുടെ നിരീക്ഷണം ലൈംഗിക അടിമകളെ നിയമപരമാക്കാനേ സഹായിക്കൂവെന്നാണ് ഉയരുന്ന ഗുരുതരമായ വിമര്‍ശനത്തിലൊന്ന്.