ന്യൂയോര്‍ക്ക്: സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായിരിക്കുകയാണ് ഒരു കൂട്ടം അഭിഭാഷകരുടെ പ്രതികരണം. ദമ്പതികള്‍ വിവാഹമോചനം നേടാന്‍ കാരണമായി ഉയര്‍ത്തുന്ന വിചിത്രമായ കാരണങ്ങളെന്താണെന്ന ചോദ്യമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായിരിക്കുന്നത്. 

വാഹനം കഴുകാന്‍ സഹായിക്കാത്തത് മുതല്‍ ഭര്‍ത്താവിന്‍റെ നെഞ്ചില്‍ രോമം ഇല്ലാത്തത് വരെ വിവാഹമോചനത്തിന് കാരണമായതായാണ് അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. ഭാര്യയുടെ അമ്മയുമായി ചേര്‍ന്ന് പോകാനുള്ള ബുദ്ധിമുട്ട് മൂലം വിവാഹം മോചനം നേടിയവരും ഏറെയാണെന്നാണ് അഭിഭാഷകര്‍ കുറിക്കുന്നത്. മകനെ വിവാഹമോചിതനാക്കാന്‍ ഏറെ പരിശ്രമിച്ച അമ്മയെ ഏറെക്കാലത്തെ കൗണ്‍സിലിംഗിന് നിര്‍ദ്ദേശിക്കേണ്ടിവന്ന അനുഭവവും ഒരു അഭിഭാഷക പങ്കുവക്കുന്നു.

ഉറങ്ങുമ്പോള്‍ റൂമില്‍ ലൈറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം വിവാഹമോചനത്തിലെത്തിയതിന് കാരണമായെന്നാണ് ഒരു അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. ഭര്‍ത്താവ് വേഗത്തില്‍ വാഹനം ഓടിച്ചില്ലെന്ന കാരണത്താല്‍ വിവാഹമോചനം നേടിയ ഭാര്യയെക്കുറിച്ചാണ് ഒരു അഭിഭാഷകന്‍ കുറിച്ചത്. വിവാഹശേഷം ഭര്‍ത്താവിന് അമ്മ അമിത പരിചരണം നല്‍കിയെന്ന കാരണത്താല്‍ വിവാഹമോചനം നേടിയ ദമ്പതികള്‍ക്ക് പ്രായം മുപ്പത് വയസ്സാണെന്ന് ഒരു അഭിഭാഷകന്‍ വ്യക്തമാക്കി. 

വാഹനപ്രേമിയായ ഭര്‍ത്താവ് ആവശ്യത്തിലധികം സമയം വാഹനം കഴുകാനെടുക്കുന്നത് തടയാന്‍ പൈപ്പില്‍ ബ്ലോക്കുണ്ടാക്കിയ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ കേസിനെക്കുറിച്ചാണ് വാഷിങ്ടണ്‍ സ്വദേശിയായ അഭിഭാഷകന്‍ കുറിച്ചത്. ഭര്‍ത്താവ് പണം ഒളിപ്പിച്ച് വക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ വിവാഹത്തിന്‍റെ മുപ്പതാം വാര്‍ഷികത്തില്‍ വിവാഹമോചനം നേടിയെന്ന് മറ്റൊരു അഭിഭാഷകന്‍ വ്യക്തമാക്കുന്നു.