മോസ്കോ: ശരീരം മുഴുവന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ മധ്യവയസ്കനെ കരടിയുടെ കൂട്ടില്‍ നിന്ന് രക്ഷിച്ചു. റഷ്യയിലെ ടുവാ പ്രദേശത്ത് നിന്നാണ് എല്ലും തോലുമായ നിലയില്‍ മധ്യവയസ്കനെ കരടിക്കൂട്ടില്‍ കണ്ടെത്തിയത്. വേട്ടപ്പട്ടികളെ പിന്തുടര്‍ന്നെത്തിയ നായാട്ടുകാരാണ് ഇയാളെ കരടിയുടെ കൂട്ടില്‍ കണ്ടെത്തിയത്.  കരടി ഭാവിയിലേക്കുള്ള ഭക്ഷണമായി ഇയാളെ കരുതി വച്ചിരുന്നതാണെന്നാണ് കരുതുന്നത്.

അലക്സാണ്ടര്‍ എന്നാണ് പേരെന്നാണ് ഇയാള്‍ വെളിപ്പെടുത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരടിയുടെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ഇയാളുടെ ചികിത്സ പുരോഗമിക്കുകയാണ്. സ്വന്തം മൂത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് അലക്സാണ്ടര്‍ വിശദമാക്കിയതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇയാളെ 'മമ്മി'യാണെന്ന് കരുതിയാണ് വേട്ടക്കാര്‍ കരടിക്കൂട്ടില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ പുറത്തെത്തിയപ്പോഴാണ് ഇയാള്‍ക്ക് ജീവനുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലാക്കി. എന്നാല്‍ ഗുരുതരമായ പരിക്കുകള്‍ക്ക് പുറകേ ശരീരം അഴുകുന്ന അവസ്ഥയിലാണ് അലക്സാണ്ടറുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. 

Alexander

കണ്ടാല്‍ ഭീതി തോന്നുന്ന എല്ലും തോലുമായ ശരീരത്തില്‍ നിറയെ മുറിവുകളുമായാണ് ഇയാളുടെ ചിത്രം പുറത്ത് വന്നത്. ഇയാളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. നട്ടെല്ലിന് പരിക്കും ശരീരം മുഴുവന്‍ കരടി മാന്തിപ്പൊളിച്ച നിലയിലുമാണ് ഇയാളെ കണ്ടെത്തിയത്. റഷ്യയിലെ ടുവാന്‍ മേഖലയില്‍ ആളുകള്‍ സംസാരിക്കുന്ന രീതിയിലാണ് ഇയാള്‍ സംസാരിക്കുന്നത്. 

ദിവസങ്ങളായുള്ള ചികിത്സയുടെ ഫലമായി അലക്സാണ്ടറിന് കണ്ണുകൾ പ്രയാസപ്പെട്ട് തുറക്കാനും സംസാരിക്കാനും കൈകൾ ചെറുതായി അനക്കാനും സാധിക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അലക്സാണ്ടർ എങ്ങനെ കാട്ടിലെത്തിയെന്നും എത്രകാലമായി കരടിയുടെ കൂട്ടിലാണെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഉത്തരം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.