Asianet News MalayalamAsianet News Malayalam

പൊട്ടിപ്പൊളിഞ്ഞ പിയാനോയില്‍ സംഗീതം തീര്‍ത്ത ഓട്ടിസം ബാധിച്ച 11കാരനെ തേടിയെത്തിയത് അടിപൊളി സമ്മാനം

ആരും പഠിപ്പിക്കാതെ തന്നെ പിയാനോ വായിക്കുന്ന ഓട്ടിസമുള്ള ബാലനേക്കുറിച്ച് വന്ന പ്രാദേശിക വാര്‍ത്തയാണ് പിയാനോ സമ്മാനത്തിന് കാരണമായത്.

stranger gifts grand piano for 11 year old boy with autism
Author
First Published Jan 7, 2023, 4:54 PM IST

കൊളറാഡോ: ഭിന്ന ശേഷിക്കാരായ കുട്ടികള്‍ പലപ്പോഴും സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ ഓട്ടിസമുള്ള പതിനൊന്ന് വയസുകാരനെ തന്നോട് ചേര്‍ത്ത് നിര്‍ത്തി അവന്‍ മനസില്‍ ആഗ്രഹിച്ച കാര്യം സാധിച്ച് നല്‍കിയിരിക്കുയാണ് പേര് പോലും വ്യക്തമാക്കാത്ത അജ്ഞാതന്‍. കൊളറാഡോയിലാണ് സംഭവം. പതിനൊന്ന് വയസ് പ്രായമുള്ള ജൂഡ് കോഫി ഓട്ടിസം ബാധിച്ച കുട്ടിയാണ്.

പിയാനോ വായിക്കാന്‍ ഏറെ താല്‍പര്യമുള്ള ജൂഡിന് എന്നാല്‍ ഒരു പിയാനോ സ്വന്തമായി വാങ്ങിനല്‍കാനുള്ള സാന്പത്തിക ശേഷി രക്ഷിതാക്കള്‍ക്കുമില്ല. എന്നാല്‍ പുതുവര്‍ഷത്തില്‍ ജൂഡിനെ തേടി ഒരു പിയാനോ എത്തി. അയച്ചത് ആരെന്ന് പോലും വ്യക്തമാക്കാതെ ഒരു വലിയ പിയാനോയാണ് ജൂഡിന് ലഭിച്ചത്. സമ്മാനം ഏറെ ഇഷ്ടമായെങ്കിലും അയച്ചത് ആരാണെന്ന് അറിയാന്‍ ജൂഡിനും കുടുംബത്തിനും അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ലഭിച്ച പിയാനോ കണ്ടപ്പോള്‍ സമ്മാനം അയക്കാനിടയായ സംഭവത്തിലേക്കുള്ള സൂചന രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ആരും പഠിപ്പിക്കാതെ തന്നെ പിയാനോ വായിക്കുന്ന ഓട്ടിസമുള്ള ബാലനേക്കുറിച്ച് വന്ന പ്രാദേശിക വാര്‍ത്തയാണ് പിയാനോ സമ്മാനത്തിന് കാരണമായത്.

ഘാനയില്‍ നിന്ന് കൊളറാഡോയിലേക്ക് കുടിയേറിയവരാണ് ജൂഡിന്റെ കുടുംബം. നാല് സഹോദരന്മാരാണ് ജൂഡിനുള്ളത്. വീടിന്റെ ബേസ്മെന്‍റില്‍ കിടന്നിരുന്ന പൊട്ടിപ്പൊളിഞ്ഞ പിയാനോയില്‍ തനിയെ ആണ് ജൂഡ് പഠനം നടത്തിയത്. സംഗീതത്തിലുള്ള ജൂഡിന്‍റെ കഴിവ് വളരെ വൈകിയാണ് അവന്‍റെ രക്ഷിതാക്കള്‍ പോലും തിരിച്ചറിഞ്ഞത്. തനിയെ പിയാനോ പഠിച്ച് വായിക്കുന്ന ഓട്ടിസം ബാധിച്ച 11കാരന്‍ എന്ന നിലയ്ക്ക് വാര്‍ത്തകളും വന്നിരുന്നു.

ഇതിന് പിന്നാലെയാണ് 15000 ഡോളര്‍ വലിവരുന്ന പിയാനോ ജൂഡിന് ലഭിക്കുന്നത്. ജൂഡിന്‍റെ കഴിവുകളേക്കുറിച്ച് അറിഞ്ഞ പിയാനോ വിദഗ്ധനായ മാഗ്നുസണ്‍ എന്നയാളാണ് പിയാനോ അയച്ചതെന്ന് ജൂഡിന്‍റെ കുടുംബം പറയുന്നു. മാസം തോറും വന്ന് പിയാനോയുടെ തകരാറുകള്‍ സ്വയം നീക്കാമെന്നും ഇയാള്‍ പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios