ലോക്ക്ഡൗണില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് ഹീറോയായി ഒരു ടാക്‌സി ഡ്രൈവര്‍. കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്പെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥിയായ ഇറ്റലിക്കാരിയെ സൗജന്യമായി വീട്ടിലെത്തിച്ചാണ് ഈ  ടാക്സി ഡ്രൈവര്‍ ലോക ശ്രദ്ധ നേടുന്നത്. 1500 കിലോമീറ്ററോളം ദൂരം താണ്ടിയാണ് ഡ്രൈവർ യാത്രികയെ ഇറ്റലിയിലുള്ള വീട്ടിലെത്തിച്ചത്.

22 കാരിയായ ജിയാഡ കോലാൽട്ടോയാണ് സ്പെയിനിൽ കുടുങ്ങിപ്പോയത്. ഒരു സുഹൃത്ത് വഴിയാണ് ടാക്സി ഡ്രൈവറായ കെപ അമെന്‍റഗിയുടെ നമ്പർ ലഭിച്ചത്. വീട്ടിലേക്ക് പോകാൻ യാതൊരു വഴിയുമില്ലാതെ  നിന്ന ജിയാഡയെ സൗജന്യമായി കെപ ഇറ്റലിയിലെ വെനീസിലെത്തിക്കുകയായിരുന്നു. സ്പെയ്നിലെ ബിൽബാവോയിൽ നിന്നാണ് യാത്ര തുടങ്ങിയത്.  

Also Read: കൊവിഡിനിടെ രോ​ഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിച്ച് ടാക്സി ഡ്രൈവർ; അഭിനന്ദിച്ച് ഡോക്ടർമാരും നഴ്സുമാരും...

കൂടെയുണ്ടായവർ നേരത്തേ വീട്ടിലേക്ക് മടങ്ങിയതോടെ ജിയാഡ ഒറ്റയ്ക്കാകുകയായിരുന്നു. തുടർന്ന് എയർ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴാണ് വിമാനം ക്യാൻസലായ വിവരം അറിയുന്നത്. ഒടുവിൽ ഇറ്റാലിയൻ എംബസ്സിയിൽ വിവരം പറഞ്ഞു. അവരാണ് റോഡുമാർഗം വഴി നാട്ടിലേക്ക് മടങ്ങാന്‍ പറഞ്ഞത്.  ജിയാഡയെ വീട്ടിലെത്തിച്ച് സ്പെയിനിൽ മടങ്ങിയെത്തിയ കെപയ്ക്ക് വലിയ സ്വീകരണമാണ് നാട്ടില്‍ ലഭിച്ചത്. സിഎന്‍എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

Also Read: കൊവിഡ് 19: സ്‌പെയിനില്‍ മരണ സംഖ്യ 10000 കടന്നു; അമേരിക്കയില്‍ 5113...