ലോക്ക്ഡൗണ്‍ കാലത്ത് വിരസത മാറ്റാനായാണ് പതിനെട്ടുകാരിയായ അമാരി ഡാന്‍സി സഹോദരങ്ങള്‍ക്കൊപ്പം ഒളിച്ചു കളിയിലേര്‍പ്പെട്ടത്. എന്നാല്‍ അതിന് പുറകിലൊരു അപകടം കൂടി വരാനിരിക്കുന്നുണ്ടെന്ന് അവള്‍ കരുതിയിരുന്നില്ല. സഹോദരങ്ങള്‍ക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ പിടിക്കപ്പെടാതിരിക്കാന്‍ യുഎസ് സ്വദേശിയായ അമാരിക്ക് തോന്നിയ ചിന്തയാണ് വാഷിങ് മെഷീനില്‍ ഒളിക്കാമെന്ന്.

മെഷീനിലുള്ളില്‍ കയറുന്നതിന് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍  തിരിച്ചിറങ്ങാന്‍ നോക്കിയപ്പോഴാണ് കയറിയത് പോലെ അത്ര എളുപ്പമല്ല ഇറങ്ങുന്നത് എന്ന് അമാരിക്ക്  മനസ്സിലായത്. താന്‍ ശരിക്കും കുടുങ്ങിയെന്നു ബോധ്യമായതോടെ അമാരി  സഹോദരങ്ങളെ വിളിക്കുകയും അവര്‍ എമര്‍ജന്‍സി സര്‍വീസിലേക്ക് വിളിക്കുകയുമായിരുന്നു. ഒടുവില്‍ അവരെത്തിയാണ് അമാരിയെ  രക്ഷപ്പെടുത്തിയത്. 

Also Read: ഗെയിംമെഷീനിൽ കാലുകുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ; ആ ദൃശ്യങ്ങള്‍ പകർത്തി അച്ഛൻ- വീഡിയോ...

'' ബെഡ്ഡിനടിയിലും ബാത്‌റൂമിലും എന്നു തുടങ്ങി വീട്ടിലെ സകലയിടങ്ങളിലും ഒളിച്ചതോടെയാണ് വാഷിങ്‌മെഷീനില്‍ ഇരുന്നാല്‍ പിടിക്കപ്പെടില്ലെന്നു തോന്നിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എന്നെ പുറത്തിറക്കാന്‍ കഴിയില്ലേ എന്നുവരെ തോന്നിപ്പോയി''- അമാരി പറയുന്നു. 

 

അമാരിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മാസ്‌കും മറ്റും ധരിച്ചെത്തിയ രക്ഷാപ്രവര്‍ത്തകര്‍ മെഷീന്റെ മുകള്‍ഭാഗം ആദ്യം നീക്കം ചെയ്ത് ഇറങ്ങിവരാനുള്ള പരമാവധി ഇടം സൃഷ്ടിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും ഇനിയൊരിക്കലും ഒളിച്ചുകളിക്കിടയില്‍ വാഷിങ് മെഷീന്‍റെ അരികിലേക്കു പോലും പോകില്ലെന്നാണ് അമാരി പറയുന്നത്.

Also Read: ഡിവൈഡറിലിടിച്ച കാര്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ പറന്നു; ഞെട്ടിക്കും വീഡിയോ...