Asianet News MalayalamAsianet News Malayalam

ഹോമിയോപതി എന്തുകൊണ്ട് ഒരു കപടചികിത്സാ പ്രസ്ഥാനമാകുന്നു

unscientific side of homeopathy
Author
Thiruvananthapuram, First Published Jun 25, 2016, 1:56 AM IST
  • Facebook
  • Twitter
  • Whatsapp

മതേതര അന്ധവിശ്വാസപ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് കപടചികിത്സാ പ്രസ്ഥാനങ്ങള്‍. കപടചികിത്സകളില്‍ തന്നെ ഏറ്റവും ലക്ഷണമൊത്ത സമ്പ്രദായമാണ് ഹോമിയോപ്പതി. രോഗലക്ഷണനിര്‍ണയം മുതല്‍ ചികിത്സ വരെ ഒരു ഘട്ടത്തില്‍ പോലും ശാസ്ത്രം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു രീതിയാണ് ഹോമിയോ. ശാസ്ത്രയുഗത്തില്‍ ശാസ്ത്രത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ച് എന്നാല്‍ ശാസ്ത്രബോധം ഇല്ലാതെ ജീവിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ സാഹസമാണ് ഇത്തരം കപടചികില്‍സകളെ ഇന്നും നിലനിര്‍ത്തുന്നത്.

ഹോമിയോ ചരിതം

ആദ്യം തന്നെ, വൈദ്യശാസ്ത്രത്തിന്റെ ഒരു ലഘുചരിത്രം ഒന്ന് ചുരുക്കി പറയട്ടെ. ഹോമിയോയുടെ ഉത്ഭവത്തെ കുറിച്ചും, ഉത്ഭവകാലത്തെ കുറിച്ചും, അന്ന് നിലവില്‍ നിന്നിരുന്ന പാശ്ചാത്യചികിത്സാരീതികളെ കുറിച്ചും, അതിനു ശേഷം വന്ന ശാസ്ത്രീയമായ വൈദ്യരീതിയെക്കുറിച്ചും പൊതുവില്‍ ഒന്ന് അറിഞ്ഞു വെക്കേണ്ടത് ആവശ്യമാണ്‌.

"രോഗം എന്നാല്‍ ലക്ഷണങ്ങളുടെ ഒരു സഞ്ചയം" എന്ന രീതിയില്‍ മാത്രം മനസ്സിലാക്കിയിരുന്ന ഒരു രീതിയാണ് 250 വര്‍ഷം മുന്‍പുണ്ടായിരുന്ന പ്രാചീന ചികിത്സാരീതികള്‍ അത്രയും. ഒരു രോഗത്തിന്‍റെ കാരണം കണ്ടെത്തുക സാങ്കേതികമായി അസാധ്യമായ ഒരു കാലഘട്ടത്തിന്റെ പരിമിതി ആയിരുന്നു അത്. ഉദാഹരണത്തിന്, ക്ഷയരോഗം എന്നാല്‍ പനി, ചുമ, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുടെ ഒരു പൊതുവായ നാമം എന്ന രീതിയില്‍ ആണ് പ്രാചീനര്‍ മനസ്സിലാക്കിയിരുന്നത്. അതിനെ ഇന്നത്തെ ഭാഷയില്‍ syndrome എന്ന് പറയാം. ഒരു കൂട്ടം ലക്ഷണങ്ങളുടെ സഞ്ചയം. എന്നാല്‍ അതൊരു രോഗത്തെ വിവരിക്കുന്ന രീതി മാത്രമാണ്. അതിന്റെ കാരണം അവിടെ പ്രതിപാദിക്കുന്നില്ല. (ഇന്ന് Mycobacterium tuberculosis എന്ന ബാക്ടീരിയ കാരണമാണ് ക്ഷയരോഗം ഉണ്ടാവുന്നത് എന്ന് പറയാന്‍ സാധിക്കും.) അന്നത്തെ മനുഷ്യര്‍ക്ക് അത് സാധ്യവും ആയിരുന്നില്ല. അന്ന് രോഗത്തെ ചികിത്സിക്കുക എന്നാല്‍ ലക്ഷണങ്ങളെ ചികിത്സിക്കുക എന്നതായിരുന്നു അര്‍ത്ഥം. രോഗങ്ങള്‍ക്കുള്ള കാരണം എന്താണെന്നോ, എങ്ങനെ രോഗശാന്തി കൈവരിക്കാമെന്നോ അന്ന് ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ഓരോ ചികിത്സാസമ്പ്രദായവും അവരവരുടെ തത്വങ്ങള്‍ വെച്ച് അവര്‍ക്ക് യുക്തമെന്ന് തോന്നിയ പ്രയോഗങ്ങള്‍ ചെയ്തുവന്നു. അതില്‍ അസാധാരണഭാഗ്യം ഉള്ളവര്‍ രക്ഷപ്പെടും. അല്ലാത്തവര്‍ മരിക്കും.

unscientific side of homeopathy

samuel hahnemann

ആ കാലത്ത് പാശ്ചാത്യലോകത്ത് നിലനിന്നിരുന്ന ചികിത്സാസമ്പ്രദായമാണ് "അലോപ്പതി". നല്ല ഒന്നാന്തരം അശാസ്ത്രീയചികിത്സയാണ് വാസ്തവത്തില്‍ "അലോപ്പതി".  രക്തം ഊറ്റികളയല്‍, വസ്തി, പ്രകൃതിയില്‍ ലഭ്യമായ ധാതുക്കളും, സസ്യ-ജന്തുജന്യ ഘടകങ്ങളും ഒക്കെ കൂട്ടികലര്‍ത്തിയുള്ള ഒരു ഊഹപ്രയോഗം തുടങ്ങിയവയാണ് അതില്‍ ഉപയോഗിച്ചിരുന്നത്. സ്വാഭാവികമായ രോഗശാന്തിയെ തന്നെ വഷളാക്കാനെ ഇത്തരം ചികിത്സകള്‍ക്ക് സാധിച്ചിരുന്നുള്ളൂ. അലോപ്പതി രീതികള്‍ വഴി ചികിത്സിക്കുന്നതിനേക്കാള്‍ രോഗശമനസാധ്യത വാസ്തവത്തില്‍ ഒന്നും ചെയ്യാതെ ഇരുന്നാല്‍ ഉണ്ടായിരുന്നു. അലോപ്പതിയും ഇന്ന് നാം അങ്ങീകരിക്കുന്ന ആധുനികവൈദ്യവുമായി വാസ്തവത്തില്‍ ബന്ധം ഒന്നും ഇല്ല. കാരണം ആധുനികവൈദ്യം ഏതാണ്ട് 150 - 200 വര്‍ഷങ്ങള്‍ക്ക് മുന്നേ പിറവി എടുക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ. 

ഈ ഒരു കാലത്താണ് (1755-1843) സാമുവല്‍ ഹനിമാന്‍ എന്ന ജര്‍മന്‍ ചികിത്സകന്‍ ഹോമിയോ എന്ന രീതി ആവിഷ്കരിക്കുന്നത്. അദ്ദേഹം ആധുനികവൈദ്യം പഠിച്ച് അതില്‍ മനം മടുത്ത്, മെച്ചപ്പെട്ട വൈദ്യമായ ഹോമിയോ കണ്ടെത്തി എന്നുള്ള പ്രചരണം വാസ്തവത്തില്‍ ചിരിച്ചു തള്ളാവുന്ന ഒരു ചരിത്രതമാശയാണ്. ചികിത്സയുടെ ശാസ്ത്രം അന്ന് ഉരുത്തിരിഞ്ഞു വന്നിട്ടില്ലായിരുന്നു എന്നതാണ് പറഞ്ഞു വരുന്നത്.

ഏതാണ്ട് നൂറ്റമ്പത് വര്‍ഷം മുമ്പ്തൊട്ടാണ് ശാസ്ത്രഗവേഷകര്‍ മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും ഗൗരവമായി പഠിക്കാന്‍ തുടങ്ങിയതും,രോഗപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ശാസ്ത്രീയമായി അന്വേഷിച്ചുതുടങ്ങിയതും. ജ്ഞാനസമ്പാദനമാര്‍ഗത്തിനുള്ള യഥാര്‍ത്ഥ മാര്‍ഗം ശാസ്ത്രത്തിന്റെ രീതി ആണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമുള്ള കാലമാണ് വൈദ്യശാസ്ത്രത്തിന്‍റെ കുതിച്ചുചാട്ടത്തിന്‍റെ കാലഘട്ടം. ശരീരം കീറിമുറിച്ച് ആന്തരികഅവയവങ്ങളെ പറ്റിയും, രോഗാവസ്ഥയില്‍ അവയ്ക്ക് എന്ത് മാറ്റം സംഭവിക്കുന്നു എന്നും, സൂക്ഷ്മദര്‍ശിനികളുടെ സഹായത്തോടെ കണ്ടെത്തിയ സൂക്ഷ്മജീവികളെ പറ്റിയുള്ള നൂതനവിവരങ്ങളായി പൊരുത്തപ്പെടുതിയും ഒക്കെ ആണ് വൈദ്യശാസ്ത്രം ഈ കാലഘട്ടത്തില്‍ മുന്നേറിയത്. ഇതിനെ പിന്‍പറ്റി വളര്‍ന്ന ചികിത്സാസമ്പ്രദായമാണ് മോഡേണ്‍ മെഡിസിന്‍.

ആന്തരികഅവയങ്ങളെ പറ്റിയും, രോഗബാധിതമായ അവയവങ്ങള്‍ക്ക് വരുന്ന ഭൗതികമാറ്റങ്ങളെ പറ്റിയും ഒക്കെ ഉള്ള കണ്ടെത്തലുകളെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്ത വ്യക്തിയാണ് ഹാനിമാന്‍. "ദൈവദത്തമായ ശരീരത്തിന് വൈരൂപ്യം സംഭവിക്കില്ല" എന്ന രീതിയില്‍ ഉള്ള വിചിത്രസിദ്ധാന്തങ്ങള്‍ മുന്നോട്ട് വെച്ച വ്യക്തിയാണ് അദ്ദേഹം. രോഗങ്ങള്‍ക്ക് ഭൗതികമായ കാരണമല്ല, മറിച്ച് അതിഭൌതികമായ കാരണങ്ങള്‍ ആണെന്നാണ്‌ അദ്ദേഹം വിശ്വസിച്ചത്. Vital force അഥവാ ജീവശക്തി എന്ന അതിപുരാതന അന്ധവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം ഹോമിയോചികിത്സ ചിട്ടപ്പെടുത്തിയത്. Organon of Medicine, Chronic Diseases: their peculiar nature and their Homeopathic cure, Materia Medica pura എന്നിവയാണ് ഹോമിയോ ആയി ബന്ധപ്പെടുത്തിയുള്ള അദ്ധേഹത്തിന്റെ പ്രധാന രചനകള്‍. പ്രാചീനസങ്കല്പങ്ങളും, കാല്‍പനിക ഭാവനകളും മാത്രം ഉള്ള നൂറ് ശതമാനം ശാസ്ത്രവിരുദ്ധമായ ആശയങ്ങള്‍ ആണ് അദ്ദേഹം അവതരിപ്പിച്ചത് മുഴുവന്‍ എന്ന് കാണാം. ഇന്നത്തെ അറിവുകളുമായി അവയ്ക്ക് പുലബന്ധം പോലും ഇല്ല.

ഹോമിയോയുടെ രോഗനിര്‍ണയ സിദ്ധാന്തം

unscientific side of homeopathy

ശരീരത്തിനല്ല, മറിച്ച് ശരീരത്തിനുള്ളിലെ അദൃശ്യമായ ജീവശക്തിക്കാണ് രോഗം ബാധിക്കുന്നത് എന്നതാണ് ഹോമിയോ ചികിത്സയുടെ അടിസ്ഥാനസിദ്ധാന്തം.
"When a person falls ill, it is only this spiritual, self acting (automatic) vital force, everywhere present in his organism, that is primarily deranged.. (Aphorism 10 p.58)"

ഈ ജീവശക്തി കൊണ്ട് രോഗം എങ്ങനെ ഉണ്ടാവുന്നു എന്ന് അറിയുന്നത് ചികിത്സകനെ സംബന്ധിച്ച് അറിയേണ്ട ആവശ്യം ഇല്ല! രോഗകാരണം അറിയുക സാധ്യമല്ല തന്നെ. ആകെ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഒരു ചികിത്സകന് അറിയാന്‍ സാധിക്കുക. "How the vital force causes the organism to display morbid phenomena, that is, how it produces disease, it would be of no practical utility to the physician to know, and will forever remain concealed from him; only what it is necessary for him to know of the disease and what is fully sufficient for enabling him to cure it, has the Lord of life revealed to his senses (p.61 Organon)"

'ശരീരം എന്ന ഭൗതികവസ്തു' രോഗനിര്‍ണയത്തെ സംബന്ധിച്ച് അപ്രധാനമാണ് എന്നത് ഹാനിമാന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. രോഗത്തിന്റെ കാരണങ്ങള്‍ തേടി അവയവങ്ങള്‍ പഠിക്കുന്ന രീതിയെ അദ്ദേഹം പരിഹാസത്തോടെയാണ് നിരസിക്കുന്നത്.

ഇനി പകര്‍ച്ചവ്യാധികള്‍ പടരുന്നതിന്റെ കാരണമാവട്ടെ, മയസ്മ എന്ന ഒരു വിഷക്കാറ്റു വീശുന്നതും. മയസ്മ അഥവാ ദുരാത്മാവ്‌ വൈറ്റല്‍ ഫോഴ്സ് അഥവാ ജീവശക്തി ആയി പ്രവര്‍ത്തിക്കുമ്പോള്‍ ആണ് രോഗം ഉണ്ടാവുക എന്ന കാല്‍പനിക വാദം ഹോമിയോപ്പതിയുടെ ആദ്യകാലത്ത് തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

1828ല്‍ ഫ്രെഡറിക്ക് വോളര്‍ പരീക്ഷണശാലയില്‍ യൂറിയ സംശ്ലേഷിപ്പിച്ചതോടെ അപ്രസക്തമായ സിദ്ധാന്തമാണ്‌ 'ജീവശക്തി' സിദ്ധാന്തം. ഹാനിമാന്‍ അന്തരിച്ച ഘട്ടത്തിലാണ് കോശസിദ്ധാന്തം വരുന്നത്. ശരീരം കോശങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ് വന്നതോടെ ശരീരഘടനാസിദ്ധാന്തങ്ങളും, രോഗകാരണ സങ്കല്‍പവും പരിവര്‍ത്തനം ചെയ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ക്ക് കാരണം രോഗാണുക്കളാണെന്ന് ലൂയി പാസ്റ്റര്‍ സ്ഥാപിച്ചു. അങ്ങനെ ഹോമിയോയുടെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ എല്ലാം തന്നെ വസ്തുനിഷ്ഠമായ യാതൊരു തെളിവും ഇല്ലാത്ത അസംബന്ധങ്ങള്‍ ആണെന്ന് തെളിഞ്ഞിട്ട് ദശാബ്ദങ്ങളായി. ഇന്ന്  ശാസ്ത്രബോധമുള്ള ഒരു സാധാരണക്കാരന് വരെ ചിരിച്ചു തള്ളാവുന്നവയാണ് അവയെല്ലാം.

ചികിത്സാസിദ്ധാന്തം എന്താണ്?

unscientific side of homeopathy

ഹോമിയോ മരുന്നുകളുടെ പ്രവര്‍ത്തനവും ഭൗതികമല്ല.  (Those medicines act upon our well-being wholly without communication of material parts of the medicinal substances. (p.60 Organon). മയാസത്തെ എതിര്‍ക്കുന്ന ഒരു ഗൂഡശക്തി മരുന്നില്‍ ഒളിച്ചിരിപ്പുണ്ട്. മരുന്നിന്‍റെ ഭൗതികമായ അളവ് എത്ര കണ്ട് കുറഞ്ഞാലും അതൊരു വിഷയമല്ല. മരുന്നിന്റെ ഔഷധശക്തി മരുന്നിന്‍റെ ഭൌതികരൂപത്തിനിടയില്‍ ഒളിഞ്ഞിരിക്കുക മാത്രമാണ്. ഒളിഞ്ഞിരിക്കുന്ന അതിഭൗതികമായ ആ സത്തയെ ഉണര്‍ത്താന്‍ ഉള്ള പ്രക്രിയയാണ് ഹോമിയോ മരുന്നുകളുടെ നിര്‍മാണത്തിന്റെ അടിസ്ഥാനം! ഹാനിമാന്‍ ഇതിനെ potentiation എന്ന് പറയും. മറ്റു വസ്തുക്കള്‍ ചേര്‍ത്ത് അരക്കുകയും(succussion) കുലുക്കുകയും(trituration) ഒക്കെ ചെയ്യുന്നതാണ് ഇതിന്റെ രീതി. മരുന്ന് അടങ്ങിയ മാതൃസത്ത (mother tincture) വെള്ളമോ, പഞ്ചസാരവെള്ളമോ, ആല്കഹോളോ ചേര്‍ത്ത് കൊണ്ട് കുലുക്കുക. എന്നിട്ട് വീണ്ടും വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇതിന്‍റെയൊക്കെ കണക്ക് എത്ര എന്നതില്‍ വരെ അഭിപ്രായവ്യതാസങ്ങള്‍ ഉണ്ട് എന്നതാണ് ഏറെ രസകരം. അതായത് സത്ത അടങ്ങിയ രാസപദാര്‍ത്ഥം രണ്ട് തവണ കുലുക്കുക. അതില്‍ നിന്നും ഒരു തുള്ളി മാതൃസത്തയെ 99 തുള്ളി വെള്ളം ഉപയോഗിച്ച് നേര്‍പ്പിക്കുക. അത്തരത്തില്‍ കിട്ടിയ മരുന്നിനെ വീണ്ടും രണ്ട് തവണ കുലുക്കുക. പിന്നീട് വീണ്ടും 1:100 എന്ന നിരക്കില്‍ നേര്‍പ്പിക്കുക. നൂറും ഇരുന്നൂറും തവണ വരെ 1:100 എന്ന നിരക്കില്‍ നേര്‍പ്പിക്കുന്ന മരുന്നുകളില്‍ ആണത്രേ ഔഷധസത്ത ഏറ്റവും കൂടുതല്‍ കാണുക. ആ മരുന്നുകളില്‍ മാതൃസത്തയുടെ ഒരു തന്മാത്ര പോലും കാണില്ല എന്നതാണ് വാസ്തവം.  ഒരു നിശ്ചിത അളവ് വസ്തുവില്‍ അടങ്ങിയ തന്മാത്രകളുടെ എണ്ണത്തെ നിര്‍ണയ്യിക്കുന്ന 'അവഗാഡ്രോ സിദ്ധാന്തം' ഹനിമാന്റെ കാലത്ത് കണ്ടെത്തിയിരുന്നില്ല എന്നോര്‍ക്കണം.

നേര്‍പ്പിക്കുകയും അരക്കുകയും കുലുക്കുകയും ചെയ്യുന്നതിലൂടെ അളവറ്റ ഔഷധഊര്‍ജം പുറത്ത്വരും എന്ന ഹനിമാന്റെ ഭാവന അര്‍ത്ഥശൂന്യമാണ്. ഇല്ലാത്ത 'ഔഷധ ഊര്‍ജം' ഒരു രോഗവും ശമിപ്പിക്കില്ല.

ഇത്രയും അശാസ്ത്രീയവും അസംബന്ധവും ആയ സിദ്ധാന്തങ്ങള്‍ ഇന്ന് ലോകത്ത് മതങ്ങള്‍ പോലും കൊണ്ട് നടക്കുന്നില്ല എന്നത് നാം ഓര്‍ക്കണം. എന്നാല്‍ ഇതൊക്കെ ഒരു ശാസ്ത്രം എന്ന രീതിയില്‍ പഠിക്കുകയും ജീവിതകാലം മുഴുവന്‍ പ്രതിരോധിക്കുകയും ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരാണ് മിടുക്കരായ ഹോമിയോ വിദ്യാര്‍ത്ഥികളും ഹോമിയോ ചികിത്സകരും.

ഇത് മരുന്നിന്റെ നിര്‍മാണകഥ. ഇനി മരുന്നിന്റെ പ്രവര്‍ത്തനരീതി അതിലും വിചിത്രമാണ്. 'സിമിലിയ' അഥവാ "സമം സമേന ശാന്തി" എന്നതാണ് സിദ്ധാന്തം. അതായത് ആരോഗ്യവാനായ ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന ഒരു മരുന്ന്‍ ആ ലക്ഷണങ്ങള്‍ ഉള്ള രോഗിയില്‍ ഔഷധമായി പ്രയോഗിക്കാം. മലറിയ രോഗത്തിന് ഹനിമാന്റെ കാലത്ത് ചികിത്സ ആയിരുന്ന സിങ്കോണ ചെടിയുടെ  ഇല കഴിച്ചപ്പോള്‍ ഹാനിമാന് പനിയും വിറയലോടും കൂടി ഒരു അല്ലര്‍ജി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സൃഷ്ടിച്ച സിദ്ധാന്തമാണിത്.

ഇന്ന്‍ ഹോമിയോ ചികിത്സക്ക് ഇറങ്ങുന്ന രോഗികള്‍ ഇത്തരം അസംബന്ധചരിത്രങ്ങളും, അശാസ്ത്രീയതയും ഒന്ന് മനസ്സ് വെച്ചാല്‍ തിരിച്ചറിയാവുന്നതെ ഉള്ളൂ.

ഇത്രയും അശാസ്ത്രീയമാണെങ്കില്‍ ഹോമിയോ മരുന്ന് കഴിക്കുമ്പോള്‍ എങ്ങനെ രോഗം മാറുന്നു?

unscientific side of homeopathy

അനുഭവകഥകളുടെ കൂമ്പാരമാണ് ഏതൊരു കപടശാസ്ത്രത്തിനും അവകാശപ്പെടാന്‍ ഉണ്ടാവുക. എന്നാല്‍ ശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ അനുഭവകഥകള്‍ ഏറെക്കുറെ അപ്രധാനമാണ്. കാരണം കുറെയേറെ രോഗങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കാരണം തന്നെ മാറുന്നതാണ്. മരുന്ന് കഴിച്ചില്ലെങ്കിലും ചില രോഗങ്ങള്‍ മാറുക തന്നെ ചെയ്യും. രോഗികളുടെ ഒരു വലിയ ഗ്രൂപ്പില്‍ പകുതി പേര്‍ക്ക് ഒരു പ്രത്യേകചികിത്സ നല്‍കുകയും, മറ്റേ പകുതിക്ക് ഔഷധഗുണം ഒന്നും ഇല്ലാത്ത വെറും ഒരു പ്ലാസിബോ മരുന്ന് നല്‍കുകയും ചെയ്ത് ഇരു ഗ്രൂപ്പിലും ഉള്ള രോഗശമനനിരക്ക് (cure rate) താരതമ്യം ചെയ്‌താല്‍ മാത്രമേ ഒരു നിര്‍ദ്ധിഷ്ട ചികിത്സ ഫലപ്രദമാണോ എന്ന് പറയാന്‍ സാധിക്കൂ. Randomised control trial എന്നാണ് ഇതിനു പറയുക.
ഇത്തരം താരതമ്യപഠനങ്ങള്‍ ഏറെ നടന്നിട്ടുള്ള മേഖലയാണ് ഹോമിയോ. ആധുനികശാസ്ത്രവുമായോ, വെറും പ്ലാസിബോ ആയോ പോലുമോ താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും നിഷ്പ്രയോജനം എന്ന് പലതവണ പല പഠനങ്ങള്‍ വിധി എഴുതിയതാണ് ഹോമിയോ മാര്‍ഗങ്ങള്‍.

ഈ പഠനങ്ങള്‍ എല്ലാം "അലോപ്പതി കാപാലികരുടെയും, മരുന്ന് മാഫിയ ലോബികളുടെയും കുതന്ത്രമാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഹോമിയോപ്പതി ഗവേഷകരുടെ നേതൃത്വത്തില്‍ തന്നെയാണ് പഠനങ്ങള്‍ നടന്നത്.പാശ്ചാത്യരാജ്യങ്ങളില്‍ ചികല്‍സാ അംഗീകാരം നേടാന്‍ ഔഷധഫലം തെളിയിക്കേണ്ടതുണ്ട് എന്നതിനാലാണ് അവര്‍ അതിനു തയ്യാറായത്.

ഒരു ഉദാഹരണം. അരിമ്പാറ അഥവാ ആണിരോഗം (plantar warts) എന്ന ത്വക് രോഗത്തിന് ഹോമിയോ ഫലപ്രദമാണ് എന്നത് ഏറെ പ്രചാരത്തില്‍ ഉള്ള ഒരു തെറ്റിദ്ധാരണയാണ്. Canadian Medical Association 1992ല്‍ തന്നെ ഈ ധാരണ തെറ്റെന്ന്‍ തെളിയിച്ചിട്ടുണ്ട്. 174 രോഗികളെ ഇത്തരത്തില്‍ രണ്ടായി തിരിച്ചു കൊണ്ട് നടത്തിയ Randomized double-blind placebo-controlled trial നടത്തിയതില്‍ ആണിരോഗം മാറുന്ന നിരക്കില്‍ ഹോമിയോ ഉപയോഗിച്ചവരിലും പ്ലാസിബോ ഉപയോഗിച്ചവരിലും യാതൊരു വ്യതാസവും കണ്ടെത്തിയില്ല. രണ്ട് കൂട്ടരിലും, അതായത് മരുന്ന്‍ ഉപയോഗിച്ചവരിലും അല്ലാത്തവരിലും രോഗശമനനിരക്ക് 25 ശതമാനത്തോളം ആയിരുന്നു! ആ 25 ശതമാനത്തിന്റെ 'അനുഭവകഥകളാണ്' ഹോമിയോയുടെ പ്രചാരകര്‍ പാടി നടക്കുന്നത്. കുട്ടികളിലെ പനി, ചുമ തുടങ്ങി 90 ശതമാനവും സ്വമേധയാ മാറുന്ന രോഗങ്ങള്‍ ആണ് ഹോമിയോയുടെ പ്രധാന 'ഇരകള്‍'! സ്വമേധയാ മാറാത്ത, കുറേ കൂടെ മാരകമായ രോഗങ്ങളില്‍ ഹോമിയോ എന്ന സാഹസത്തിന് സ്ഥിരബുദ്ധിയുള്ള ഹോമിയോ വിദഗ്ദര്‍ പോലും തയ്യാറാവില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ഭൂഖണ്ഡങ്ങളുടെ സ്കേലില്‍ നടത്തിയ പഠനങ്ങള്‍ ആണ് ശാസ്ത്രബോധമുള്ള രാജ്യങ്ങളില്‍ നിന്ന് ഹോമിയോയെ പുറത്താക്കിയത്.

ഇത്തരം individual statistical studiesല്‍ പിഴവ് വരാം എന്നതിനാല്‍ RCTക്ക് ശേഷം Meta-analysis അഥവാ ബ്രഹത് അവലോകനം നടത്തുക പതിവുണ്ട്. ഹോമിയോപ്പതിയില്‍ അത്തരം അവലോകനങ്ങളും ലഭ്യമാണ്. എല്ലാറ്റിന്റെയും അന്തിമഫലം ഒന്ന് തന്നെ. ഹോമിയോപ്പതി പച്ചവെള്ളത്തേക്കാള്‍ കൂടുതല്‍ 'ഔഷധഗുണം' കാണിക്കുന്നില്ല. 2005ല്‍ ലാന്‍സെറ്റ് ജേര്‍ണല്‍(Lancet) എന്ന പ്രശസ്ത വൈദ്യശാസ്ത്രജേര്‍ണല്‍  'ഹോമിയോപ്പതിയുടെ അന്ത്യം' എന്ന പേരില്‍ എഴുതിയ മുഖലേഖനവും വായിക്കുക.

മറ്റൊന്നാണ് രോഗങ്ങളുടെ ചാക്രികസ്വഭാവം (cyclical nature). Arthritis (സന്ധിവേദന) പോലുള്ള രോഗങ്ങള്‍ ചാക്രിക സ്വഭാവം ഉള്ളവയാണ്. അവയുടെ ആധിക്യം ചാക്രികമായി കൂടിയും കുറഞ്ഞും ഇരിക്കും എന്നത് അത്തരം അസുഖങ്ങളുടെ സ്വാഭാവികരീതിയാണ്. മരുന്നിന്റെ തന്മാത്ര പോലും ഇല്ലാത്ത വെറും പഞ്ചാരലായനിയായ ഹോമിയോ കഴിച്ചാലും ഇല്ലെങ്കിലും അത്തരം അസുഖങ്ങളുടെ തീവ്രത ചാക്രികമായി കുറയും.

മറ്റൊരു കാരണമാണ് താന്‍ കെയര്‍ ചെയ്യപ്പെടുന്നു, ചികില്സിക്കപ്പെടുന്നു എന്ന 'വിശ്വാസം' രോഗിയില്‍ ഉണ്ടാക്കുന്ന ആശ്വാസം. പല രോഗങ്ങളുടെയും തീവ്രത കുറയ്കാനും ചില രോഗങ്ങള്‍ ബേധമാക്കാനും ഈ രീതിയിലൂടെ സാധിക്കും. Placebo effect എന്നാണ് ഇത് അറിയപ്പെടുന്നത്. അവിടെ കഴിക്കുന്ന മരുന്നിനല്ല, മരുന്ന്‍ കഴിക്കുന്നു എന്ന തോന്നലിനും താന്‍ ഒരു ഡോക്ടറുടെ ശുശ്രൂഷയില്‍ ആണ് എന്ന ആത്മവിശ്വാസത്തിനുമാണ് പ്രസക്തി. മസ്തിഷ്കശാസ്ത്രപരമായ ഒരു  വിശദീകരണമാണ് ഇതിനുള്ളത്. അവിടെ ഹോമിയോ മരുന്ന്‍ എന്നല്ല, പച്ചവെള്ളം ആണെങ്കിലും ഈ പ്രഭാവം സാധ്യമാണ്.

ആധുനിക വൈദ്യശാസ്ത്രമോ, രസതന്ത്രമോ, ഊര്‍ജതന്ത്രമോ, ആയ ഏതെങ്കിലും അടിസ്ഥാനശാസ്ത്രമായി വിദൂരബന്ധം പോലും ഇല്ലാത്ത ഭാവനാത്മക മായാചികിത്സ മാത്രമാണ് ഹോമിയോ.  ദശാബ്ദങ്ങളോളം നടത്തിയ ശാസ്ത്രീയപഠനങ്ങളില്‍ ഒരിക്കല്‍ പോലും വിജയിചിട്ടില്ലാത്ത ഈ സമ്പ്രദായം ഇന്ത്യ പോലുള്ള ശാസ്ത്രബോധത്തിന്റെ ശവപ്പറമ്പുകളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. അടിസ്ഥാനരഹിതവും തെളിവുകള്‍ ഇല്ലാത്തതും എന്തിന് പറയുന്നു, കേവലയുക്തിക്ക് പോലും നിരക്കാത്തതുമായ തത്വങ്ങള്‍ (സിമിലിയ, പൊട്ടന്‍സിയേഷന്‍) വച്ചു കൊണ്ടുള്ള ചികിത്സസമ്പ്രദായം സയന്സിനെക്കാള്‍ വലിയ സയന്‍സ് ആണെന്ന് അവകാശപ്പെട്ട് കൊണ്ട് നില്‍ക്കുന്നത് നമ്മുടെ ശാസ്ത്രബോധം വിളിച്ചോതുന്നു.  ശരിയായ രോഗനിര്‍ണയത്തിനും ചികിത്സക്കും കാലതാമസം വരുത്തുന്നു എന്ന ഉപദ്രവം മാത്രമാണ് ഹോമിയോ അടക്കമുള്ള കപടചികിത്സകള്‍ കൊണ്ടുള്ള 'ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ഫലം'.

.......................................................................
#മുകളിലെ അഭിപ്രായങ്ങള്‍ തീര്‍ത്തും ലേഖകന്‍റെത് മാത്രമാണ് അത് www.asianetnews.tv യുടെ അഭിപ്രായമായി വ്യാഖ്യാനിക്കരുത്

Follow Us:
Download App:
  • android
  • ios