ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിനെ തടയാനുള്ള പരിശ്രമത്തിലാണ് ലോകം. രണ്ടായിരത്തിലധികം പേരാണ് ചൈനയിൽ മാത്രം ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്. ഇറാനിൽ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചിരുന്നു.

മാസ്കുകളും പ്രതിരോധ സാമഗ്രികളും ഉപയോ​ഗിച്ച് രോ​ഗം വരുന്നത് തടയാൻ ശ്രമിക്കുകയാണ് ജനങ്ങൾ. ഇതിനിടയിൽ വൈറസ് ബാധയിൽ നിന്ന് രക്ഷ നേടാൻ ഒരു യുവതി എടുത്ത നൂതന ആശയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ജിറാഫിന്റെ വേഷം ധരിച്ച് ഡോക്ടറെ സന്ദർശിക്കുന്ന യുവതിയുടെതാണ് ഈ വീഡിയോ.

തലമുതൽ കാൽ പാദം വരെ മറഞ്ഞ രീതിയിലാണ് വേഷം. കൂടാതെ മുഖത്തിന്റെ ഭാ​ഗത്ത് പ്ലാസ്റ്റിക് കൊണ്ട് മൂടിയിട്ടുമുണ്ട്. യുവതിയുടെ പക്കൽ ഉണ്ടായിരുന്ന ഫേയ്സ് മാസ്ക് നശിച്ചതോടെ പുതിയതൊന്ന് വാങ്ങാൻ നോക്കിയെങ്കിലും സ്റ്റോക്കുകൾ തീർന്നു പോയതിനാൽ വാങ്ങാൻ സാധിച്ചില്ല. അസുഖ ബാധിതരായ തന്റെ കുടുംബാം​ഗങ്ങൾക്ക് മരുന്ന് വാങ്ങേണ്ടതുമുണ്ടായിരുന്നു.ഇതോടൊണ് യുവതി ഓൺലൈനിൽ നിന്ന് രണ്ട് ജോഡി ജിറാഫ് വേഷം സ്വന്തമാക്കിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജിറാഫിന്റെ വേഷമണിഞ്ഞ യുവതി ഡോക്ടറോട് കാര്യങ്ങൾ ചോദിക്കുന്നതും മരുന്നുകൾ വാങ്ങിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അതേസമയം, ഇത്തരം വസ്ത്രങ്ങൾക്ക് ആളുകളെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ലെന്നും ഉപയോ​ഗശേഷം ഇവ അണുവിമുക്തമാക്കണമെന്നും അധികൃതർ പറയുന്നു.