ജോലിക്ക് പോകുന്ന അമ്മമാർ കുട്ടികളെ ഡേകെയറിൽ ആക്കാറുണ്ട്. ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന മിക്ക അമ്മമാർക്കും കുഞ്ഞിനോടൊപ്പം അൽപം നേരം പോലും സമയം ചെലവിടാൻ സാധിക്കാറില്ല. ഡേകെയറിൽ പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും എന്തൊക്കെ വേണമെന്ന കാര്യങ്ങളെ കുറിച്ച് ഡയറിയിൽ എഴുതി വിടാറുണ്ട്. ചില അമ്മമാർക്ക് ഡയറി തുറന്ന് നോക്കാനും പോലും സമയമുണ്ടാകാറില്ല. 

അത്തരത്തിൽ ഒരമ്മ ശ്രദ്ധിക്കാതെ വന്നപ്പോൾ ‌ഡേകെയർ ടീച്ചർ ചെയ്ത പ്രവൃത്തി സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുകയാണ്.''അമ്മേ എനിക്ക് ഡയപ്പർ ഇല്ല. ദയവായി എന്റെ ഡയറി വായിക്കുക"" എന്നാണ് ടീച്ചർ കുട്ടിയുടെ വയറ്റിൽ മാർക്കർ ഉപയോഗിച്ച് എഴുതിയത്. 

കുട്ടിയുടെ വയറ്റിൽ എഴുതിയത് കണ്ട് അമ്മ പ്രകോപിതയായാണ് പ്രതികരിച്ചത്. മകന്റെ വയറിന്റെ ചിത്രവും,​ കുറിപ്പും അമ്മയാണ് സോഷ്യൽ മീഡ‌ിയയിൽ പങ്കുവച്ചത്. എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ആവശ്യമാണ്. ഇതിനെക്കുറിച്ച് ഞാൻ പ്രകോപിതയാകുന്നത് ശരിയാണോ? അതോ ഞാൻ പ്രതികരിക്കുകയാണോ വേണ്ടത്. 

എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ശരിക്കും ആവശ്യമുണ്ട്, കാരണം ഞാൻ നാളെ രാവിലെ ഡേകെയറിൽ പോയി കുറച്ച് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു എന്നാണ് അമ്മ ഫേസ്ബുക്കിൽ കുറിച്ചത്. വളരെ വൈകാരികമായാണ് അമ്മ പ്രതികരിച്ചത്. ഞാൻ മുഴുവൻ സമയം ജോലി ചെയ്യുന്ന സ്ത്രീയാണ്. എനിക്ക് ചെറിയ രണ്ട് കുട്ടികളുമുണ്ട്. ഡയറിയിൽ എഴുതുന്നത് എനിക്ക് എല്ലാ ദിവസവും വായിക്കാൻ പറ്റിയെന്ന് വരില്ല- അമ്മ ഫേസ്ബുക്കിൽ‌ കുറിച്ചു.