റഷ്യയുടെ ഒത്ത നടുക്ക് കിടക്കുന്ന ഒരു പട്ടണമാണ് ട്വെർ. ഇവിടത്തെ ഒരു ഓർത്തഡോക്സ് പള്ളിയിലെ പാതിരിമാർ ചേർന്ന് ഒരു വിമാനം വാടകയ്‌ക്കെടുത്തു. അതിലവർ ലിറ്റർകണക്കിന് വിശുദ്ധ ജലം സംഭരിച്ചു. ആ വിമാനത്തിൽ പറന്നുയർന്ന പാതിരിമാർ, ട്വെർ പട്ടണത്തിന്റെ നേരെ മുകളിൽ, ഏകദേശം എണ്ണൂറു മീറ്റർ ഉയരത്തിൽ വിമാനമെത്തിയപ്പോൾ, ഗ്യാലൺ കണക്കിന് വിശുദ്ധ ജലം പട്ടണത്തിനു മേൽ വീഴ്ത്തിക്കൊണ്ട് ആ പട്ടണത്തെയാകെ വെഞ്ചെരിച്ചു. നാടിനെ ഗ്രസിച്ചിരിക്കുന്ന അപഥസഞ്ചാരവും, മദിരാപാനവും, മയക്കുമരുന്നുപയോഗവും ഒക്കെ നിർത്തലാക്കാൻ വേണ്ടിയാണ് ഈ പ്രത്യേക പ്രാർത്ഥന നടത്തപ്പെട്ടത്. വിമാനത്തിന്റെ വാതിൽ തുറക്കും മുമ്പ് വിശദമായ കുർബാനയും അവർ നടത്തി. 

മദ്യപാനത്തിൽ നിന്ന് ഇതേ പുരോഹിതരുടെ പ്രാർത്ഥനയുടെ ബലത്തിൽ മുക്തി നേടി എന്നവകാശപ്പെടുന്ന ഭാര്യാഭർത്താക്കന്മാരായ രണ്ടു പേരുകൂടി ഈ വിശുദ്ധ കർമ്മത്തിന് സാക്ഷ്യം വഹിക്കാൻ വിമാനത്തിൽ സന്നിഹിതരായിരുന്നു. " അസുഖങ്ങളുണ്ടാകുന്നത് വൈറസിൽ നിന്നാണ്, വൈറസ് ഒരു സാത്താനാണ്, അതുകൊണ്ട് ഏതൊരസുഖവും ആത്യന്തികമായി അദ്ധ്യാത്മിക ശുശ്രൂഷയിലൂടെ സുഖപ്പെടാവുന്ന ഒന്നാണ്.." പാതിരി പറഞ്ഞു. വോഡ്ക എന്ന ഇനം മദ്യത്തിന് പ്രസിദ്ധമാണ് റഷ്യ. അതുകൊണ്ടുതന്നെ മദ്യപാനവും ഇവിടെ കൂടുതലാണ്. ക്രിസ്ത്യൻ മിഷനറിമാർ റഷ്യയിൽ മദ്യപാന വിരുദ്ധ പ്രസ്ഥാനങ്ങളുമായി സജീവമാണ്. അതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇത്തരത്തിൽ ഒരു വിശേഷ വെഞ്ചെരിപ്പ് നടത്തപ്പെട്ടത്.  2004-ൽ., പള്ളിക്കു ചുറ്റുമുള്ള സ്ഥലങ്ങളിൽ നടന്നു വെള്ളം തളിച്ച് വെഞ്ചെരിച്ചു കൊണ്ട് തുടങ്ങിയ ഈ ചടങ്ങുകൾ  ആകാശത്തേക്ക് വ്യാപിപ്പിക്കപ്പെടുന്നത് 2006 -ലാണ്.