ദില്ലി: കേന്ദ്രസർക്കാർ ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകൾ നൽകുന്നു. മണ്ണിൽ അഴുകിച്ചേരുന്ന ‘സുവിധ’ നാപ്കിനുകളാണ് ഒരു രൂപയ്ക്കു ലഭിക്കുക. 4 നാപ്കിനുകളുടെ ഒരു പായ്ക്കറ്റിന് 4 രൂപ കൊടുത്താൽ മതിയാകും. നിലവിൽ 10 രൂപയാണ് വില. കഴിഞ്ഞ വർഷം 2.2 കോടി സുവിധ നാപ്കിനുകൾ ജൻ ഔഷധിയിലൂടെ വിറ്റഴിക്കപ്പെട്ടതായാണ് കണക്ക്.

"ഒരു രൂപയ്ക്കാണ് സുവിധ എന്ന പേരിൽ ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നത്. ഈ നാപ്കിനുകൾ രാജ്യത്തൊട്ടാകെയുള്ള 5,500 ജൻ ഔഷധി കേന്ദ്രങ്ങളിൽ ലഭ്യമാണ്. നാപ്കിനുകളുടെ വില 60 ശതമാനം കുറച്ച മോദി സർക്കാർ, 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം പാലിച്ചു.

 ഉൽപാദനച്ചെലവിൽ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറായതോടെയാണ് ഒരു രൂപയ്ക്ക് ഇത് വിൽക്കാൻ സാധിക്കുന്നത്. ഞങ്ങൾ വില കുറയ്ക്കുകയും സബ്സിഡി നൽകുകയും ചെയ്യുമെന്ന് കേന്ദ്രസഹമന്ത്രി മൻസുഖ് മണ്ടാവിയ പറഞ്ഞു.കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നൽകുന്നതിനുള്ള പദ്ധതി 2018 മാർച്ചിൽ കേന്ദ്ര സർക്കാർ ആരംഭിച്ചു. 

2018 മെയ് മുതൽ ജൻ ഔഷധി കേന്ദ്രങ്ങളിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വർഷത്തിൽ വിറ്റഴിച്ചത്. ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ വിൽപ്പന ഇരട്ടിയാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ വിപണിയിലുള്ള മറ്റ് സാനിറ്ററി നാപ്കിനുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നത്.