കൊറോണ വൈറസ് ഏറ്റവും വലിയ തിരിച്ചടി സമ്മാനിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. പതിനാലായിരത്തിലധികം ആളുകള്‍ക്കാണ് ഇറ്റലിയില്‍ മാത്രം കൊവിഡ് 19നെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇപ്പോഴും രോഗഭീതിയില്‍ നിന്നും ആശങ്കകളില്‍ നിന്നും ഇറ്റലി കര കയറിയിട്ടില്ല. 

ഇതിനിടെ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം പൂര്‍ണ്ണമായി അടച്ചിടുകയും ചെയ്തു. ലോക്ക്ഡൗണ്‍ വന്നതോടെ എല്ലാവരും വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് ഇറ്റലിയിലുള്ളത്. ഈ ഘട്ടത്തില്‍ ദിവസവേതനത്തിന് തൊഴില്‍ ചെയ്യുന്നവരും സ്വന്തമായി വീടില്ലാത്തവരുമെല്ലാം കടുത്ത പ്രതിസന്ധി നേരിട്ടു. 

ഇത്തരമൊരു സാഹചര്യത്തിലാണ് പരമ്പരാഗതമായ ഒരു 'പങ്കുവയ്ക്കല്‍' രീതിയെ വീണ്ടെടുക്കാന്‍ ഇറ്റലിക്കാര്‍ തുനിഞ്ഞത്. ബാല്‍ക്കണികളില്‍ നിന്ന് കയറില്‍ കെട്ടിയ കൂടകള്‍ തെരുവിലേക്ക് പതിയെ ഇറക്കും. അതില്‍ പാസ്തയോ, തക്കാളിയോ, പയറുകളോ, റൊട്ടിയോ എന്തെങ്കിലും കരുതും. 

ഒരു പ്രത്യേകതരത്തിലുള്ള കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായമാണിത്. 'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങളിതില്‍ എന്തെങ്കിലും വയ്ക്കുക. കഴിയില്ലെങ്കില്‍ ഇതില്‍ നിന്ന് നിങ്ങള്‍ക്കെന്തെങ്കിലും എടുക്കാം...' എന്നെഴുതിയ ബോര്‍ഡോടെയാണ് കൂട താഴേക്ക് അയച്ചുവിടുന്നത് ഇതനുസരിച്ച്, ചിലര്‍ ഭക്ഷണമെടുക്കും, മറ്റ് ചിലര്‍ എന്തെങ്കിലും നല്‍കും. 

ഏയ്ഞ്ചലോ പികോണ്‍ എന്ന് പേരുള്ള ഒരാളാണ് ഈ പരമ്പരാഗത രീതിയെ ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ വീണ്ടും രക്ഷാമാര്‍ഗമായി അവതരിപ്പിച്ചിരിക്കുന്നതത്രേ. എന്തായാലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വ്യാപകമായ തോതില്‍ ഇത് അനുകരിക്കപ്പെട്ടു.