തലമുടി കളർ ചെയ്യുന്നവരുടെയും നര ഒഴിവാക്കാനായി ഡൈ ചെയ്യുന്നവരുടെയും എണ്ണം ഇന്ന് കൂടി വരികയാണ്. അതില്‍ ആണ്ണോ പെണ്ണോ എന്ന വേര്‍തിരിവുമില്ല.  സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാണ് പലര്‍ക്കും ഈ ശീലം.  ചിലര്‍ക്ക് ഡൈ ചെയ്യാതെ പുറത്തിറങ്ങാന്‍ തന്നെ മടിയാണ്. എന്നാല്‍ ഇനി മുതല്‍ നാട്ടിലുള്ള പുരുഷന്മാര്‍ ഡൈ ചെയ്യരുത് എന്ന് സര്‍ക്കാരിന്‍റെ തന്നെ ഉത്തരവ് വന്നാല്‍ എങ്ങനെയുണ്ടാകും? 

തുര്‍ക്ക്മെനിസ്റ്റാനിലെ ലേബാപ്പ് എന്ന സ്ഥലത്താണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ ആരും തലമുടി ഡൈ ചെയ്യരുത് എന്ന  ഉത്തരവ് വന്നത്. സെന്‍ഡ്രല്‍ ഏഷ്യയിലെ തുര്‍ക്ക്മെനിസ്റ്റാന്‍ എന്ന രാജ്യത്തെ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം പ്രമാണിച്ചാണ് ആ നാട്ടില്‍ ആരും ഡൈ ചെയ്യാന്‍ പാടില്ലെന്ന്  ഉത്തരവ് വന്നത്.  ലംഘിച്ചാല്‍ പ്രസിഡന്‍റ് പങ്കെടുക്കുന്ന പരിപാടിയില്‍ പ്രവേശനം ഉണ്ടാകില്ല എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. 

തുര്‍ക്ക്മെനിസ്റ്റാനിലെ  പ്രസിഡന്‍റ്  ഗോബാഗുലി ഡൈ ചെയ്യുന്നത് 2018 നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അന്ന്  മുതല്‍ തുര്‍ക്ക്മെനിസ്റ്റാനിന്‍റെ തലസ്ഥാന നഗരമായ അഷ്ഗബാത്തില്‍ ആരും ഡൈ ചെയ്യാതായി. ഇതിന്റെ ഭാഗമായാണ് പ്രസിഡന്‍റ്  പങ്കെടുക്കുന്ന പരിപാടിയില്‍ വരുന്ന പുരുഷന്മാരും ഡൈ ചെയ്യരുത് എന്ന ഉത്തരവ്.