Asianet News MalayalamAsianet News Malayalam

Horror Novel : ശങ്കരന്‍കുട്ടി എവിടേയ്ക്ക് പോകുന്ന കാര്യമാണ് സംസാരിച്ചത്?

സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം 8

Horror Novelette Sarppakkaavile Brahmarakshas by Santhosh Gangadharan part 8
Author
Thiruvananthapuram, First Published Apr 13, 2022, 3:46 PM IST

കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. തുടര്‍ന്ന്, ജ്യോത്‌സനായ പൊതുവാള്‍ മാഷ് തറവാട്ടിലൊരു ബ്രഹ്മരക്ഷസിന്റെ സാന്നിധ്യം കണ്ടെത്തുന്നു. ചില ക്രിയകളും അദ്ദേഹം വിധിക്കുന്നു. തുടര്‍ന്ന് കുടുംബത്തിലെ അംഗമായ സഞ്ജയ് ബ്രഹ്മരക്ഷസിനെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കുന്നു. താന്‍ കണ്ടെത്തിയ കുടുംബചരിത്രത്തിലെ നിര്‍ണായകമായ ഒരേട് സഞ്ജയ് നിവര്‍ത്തുന്നു. 

തുടര്‍ന്ന് വായിക്കുക
 

Horror Novelette Sarppakkaavile Brahmarakshas by Santhosh Gangadharan part 8

 

എട്ട്

'ചേച്ചിയമ്മേ'എന്നുള്ള വിളി കേട്ടാണ് പിന്നെ കൊച്ചുകുട്ടി ഉണര്‍ന്നത്. മൃദുവായ വിളിയുടെ പിന്നാലെ കുറച്ച് ഉറക്കെയുള്ള ഒരു ചേച്ചിയമ്മ വിളി കൂടി വന്നു. ആദ്യത്തെ വിളി അമ്മുക്കുട്ടിയടേതാണ്. ചേച്ചിയേക്കാള്‍ ഉച്ചത്തില്‍ ശബ്ദം വേണമെന്ന് ശഠിക്കുന്ന പാറുക്കുട്ടിയുടേതാണ് രണ്ടാമത്തെ വിളി. രണ്ടാളും പള്ളിക്കൂടത്തില്‍ നിന്നും തിരിച്ചെത്തിയതിന്റെ ബഹളമാണ്. പഠിപ്പിക്കുന്നത് രണ്ട് വ്യത്യസ്ഥ സ്ഥാപനങ്ങളില്‍ ആണെങ്കിലും ചേച്ചിയും അനുജത്തിയും ഒന്നിച്ചേ പോകൂ; ഒന്നിച്ച് തന്നെ മടങ്ങി വരവും. തന്നേക്കാള്‍ വയസ്സിന് കുറേ താഴെയായതുകൊണ്ട്താന്‍ അവര്‍ക്ക് എന്നും ചേച്ചിയമ്മയായിരുന്നു. അമ്മയേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം തന്നോടായിരുന്നു അവര്‍ക്കെപ്പോഴും.

കൊച്ചുകുട്ടിയുടെ മനസ്സിലൂടെ പലതും ഒഴുകി നടന്നു. അവര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അമ്മുക്കുട്ടി ആറ് കുട്ടികളുടെ അമ്മയാണ്. പാറുവിന് രണ്ടേയുള്ളു. അത് മതീന്നാണ് ആ ഇംഗ്ലീഷുകാരി ടീച്ചര്‍ക്ക്. കൂട്ടത്തില്‍ ഇംഗ്ലീഷ് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളേയുള്ളെങ്കിലും പാറുവിന് അതിന്റെ പത്രാസൊന്നുമില്ല.

കൊച്ചുകുട്ടി പലവിധ ചിന്തകളുമായി അനുജത്തിമാര്‍ വരുന്നതും കാത്തിരുന്നു. പക്ഷേ, എത്ര നേരം ഈ സ്വബോധം? 'ചേച്ചിയമ്മ' എന്ന് വിളിച്ചവര്‍ അടുത്തെത്താന്‍ കാക്കുന്നതിനിടയില്‍ കൊച്ചുകുട്ടി വീണ്ടും കിടന്നു.

അമ്മുക്കുട്ടിയും പാറുക്കുട്ടിയും അവരുടെ ചേച്ചിയമ്മയുടെ അടുത്ത് വന്നിരുന്നു. എന്നും പള്ളിക്കൂടത്തിലേയ്ക്ക് പോകുന്നതിന് മുമ്പും ജോലി കഴിഞ്ഞ് തിരിച്ചു വന്നാലും രണ്ടാളും ചേച്ചിയമ്മയുടെ അരികില്‍ കുറച്ചുനേരം ചെലവഴിക്കും. സ്വബോധമുള്ള സമയമാണെങ്കില്‍ കുറേയധികം സംസാരിക്കാനുണ്ടാകും. അല്ലെങ്കില്‍ പിന്നെ ചേച്ചിയമ്മയ്ക്ക് ഒരു ആലസ്യമാണ്. സംസാരം കുറയും. വല്ലതും പറഞ്ഞാല്‍ തന്നെ അത് ദേവൂനെ പറ്റിയായിരിക്കും.

അമ്മുക്കുട്ടി ആദ്യം കട്ടിലില്‍ നിന്നും എഴുന്നേറ്റു. ഇന്ന് വൈദ്യര് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അയാളിപ്പോ വന്നിട്ട് എന്താ വിശേഷം? സാധാരണ പോലെ തലയില്‍ നെല്ലിക്കാതളം, കാച്ചിയ എണ്ണ തേപ്പിച്ച് കുളി, മേലാസകലം എണ്ണ പുരട്ടി തിരുമ്മല്‍ ഇത്യാദി കര്‍മ്മങ്ങള്‍ ആവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കും. അല്ലാതെന്താ?

ഇടയ്ക്കിടെ സ്വബോധം തിരിച്ചു കിട്ടുന്നത് ഈ വൈദ്യവിധിപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടാണെന്നാണ് അയാള്‍ പറയുന്നത്. ആയിക്കോട്ടെ. സ്വബോധം ഉള്ള സമയം കുറച്ച് നീട്ടിക്കിട്ടാനെന്താ വഴിയെന്ന് ഇന്നൊന്ന് ചോദിക്കണം. അമ്മു മനസ്സില്‍ കുറിച്ചിട്ടു.

സന്ധ്യയ്ക്ക് മുമ്പേ നാണപ്പവൈദ്യര്‍ എത്തി. ശങ്കരന്‍കുട്ടിയാണ് പോയി വിളിച്ചുകൊണ്ട് വന്നത്. വൈദ്യര് ചാന്തുമൂപ്പന്റെ കൈറിക്ഷയിലാണ് വരവ്. പക്ഷേ, ശങ്കരന്‍ ഒരിക്കലും അതില്‍ കയറില്ല. ഒരാളെ കൊണ്ട് തന്നെയിരുത്തി വലിപ്പിക്കുകയെന്ന് വച്ചാല്‍ മഹാപാപം. അതിന് അയാളെ കിട്ടില്ലെന്ന് ശങ്കരന്‍ തീര്‍ത്ത് പറയും. വൈദ്യര്‍ക്ക് പല സ്ഥലത്തും പോകാനുള്ളതല്ലേ. അപ്പോള്‍പിന്നെ വണ്ടിയില്‍ സഞ്ചരിക്കാതെ വയ്യല്ലോ.

നാണപ്പവൈദ്യര്‍ വടക്കേ ചായ്പില്‍ വന്നിരുന്ന് കൊച്ചുകുട്ടിയെ പരിശോധിച്ചു. അമ്മു അടുത്തുതന്നെ നിന്നു. കട്ടളയും ചാരി ദേവകി നില്പുണ്ട്. പള്ളിക്കൂടത്തില്‍ പഠിക്കുന്ന കുട്ടിയാണെങ്കിലും അവള്‍ക്ക് ചേച്ചിയമ്മേടെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്. പാറു ഒഴിഞ്ഞുമാറി. വൈദ്യര് പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ ദേഷ്യം വരുമെന്നാണ് പാറുവിന്റെ പക്ഷം. വൈദ്യര് പറയുന്ന കാര്യങ്ങള്‍ നടത്തിക്കേണ്ടത് അമ്മുവിന്റെ ചുമതലയാണ്.

അമ്മയ്ക്ക് നല്ല സുഖമില്ലാത്തതുകൊണ്ട് തെക്ക് പടിഞ്ഞാറേ ചായ്പില്‍ കിടപ്പാണ്. എന്തായാലും അമ്മുവിന് സഹായത്തിന് ദേവകിയുണ്ട്. കൂടാതെ ലീലയും ഇന്ദിരയും എന്തിനും തെയ്യാറാണ്. അതുമതി.

വൈദ്യര് ചേച്ചിയമ്മയുടെ നാഡി പിടിച്ചും നെറ്റിയില്‍ കുറേ നേരം കൈ വച്ചുമൊക്കെ നോക്കുന്നുണ്ട്. ''വേറെ കുഴപ്പങ്ങളൊന്നും കാണുന്നില്ല. ശരീരത്തിന്റെ ബാക്കിയെല്ലാ ഭാഗങ്ങളും നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോളെങ്ങനെയാ സ്വബോധം വരാറുണ്ടോ, ഇടയ്‌ക്കെങ്കിലും?''

''ഉവ്വുവ്വ്. ഇടയ്ക്ക് നല്ല ബോധത്തിലായിരിക്കും. പക്ഷേ, കുറച്ചു നേരത്തേയ്ക്ക് മാത്രം. ആ സമയം കൂട്ടികിട്ടാന്‍ എന്താ ഇപ്പോ ഒരു മാര്‍ഗ്ഗം, വൈദ്യരമ്മാവാ?'' അമ്മു തന്റെ മനസ്സിലിരുന്ന് വിങ്ങിയിരുന്ന ചോദ്യം തരം കിട്ടിയ ഉടനെ ചോദിച്ചു.

''അതിപ്പോ ഞാനെന്താ പറയാ? കൂടുതല്‍ നേരവും സ്വബോധമനസ്സിന്റെയും അബോധമനസ്സിന്റെയും ഇടയിലാണല്ലോ കൊച്ചുകുട്ടി. ഇടയ്ക്കിടെ അവിടന്ന് മുന്നോട്ടാണ് നീക്കമെന്നുള്ളത് തന്നെ വലിയൊരാശ്വാസം. അതെങ്ങാനും പിന്നാക്കം പോയീന്ന് കരുതാ. നമുക്ക് പിന്നെ പിടിച്ചാ പിടി കിട്ടാത്തൊരു അവസ്ഥേലായിത്തീരും. അതില്ലാതിരിക്കുന്നത് തന്നെ ഭാഗ്യാന്നങ്ങട് കൂട്ടിക്കോളു.'' ഇപ്പോളുള്ള നല്ല അവസ്ഥ മാറാതിരിക്കണതാണ് ഭേദമെന്ന മട്ടിലാണ് വൈദ്യര് സംസാരിക്കുന്നത്.

''എന്നാലും നമ്മളിപ്പോള്‍ ചെയ്യുന്ന വൈദ്യത്തിന് കുറച്ചുകൂടി സ്ഥിതി നന്നാക്കാന്‍ പറ്റില്ലാന്നുണ്ടോ?'' അമ്മു ആശ കൈവിടാന്‍ തെയ്യാറല്ലായിരുന്നു.

''അമ്മുകുട്ടീ, എന്തെങ്കിലും വഴീണ്ടച്ചാല്‍ ഞാന്‍ പരീക്ഷിക്കാതിരിക്കോ? ഇന്നാളും കൂടി കിന്നരങ്കാവ് മനയ്ക്കല്‍ പോയപ്പോള്‍ നാരായണന്‍ നമ്പൂതിരിപ്പാട് പ്രത്യേകം എടുത്തെടുത്ത് ചോദിക്കേണ്ടായി കൊച്ചുകുട്ടിയുടെ കാര്യം. നല്ലോണം നോക്കിക്കൊള്ളണോന്നും പറഞ്ഞ് കുറേ നാണയമെടുത്ത് തരേം ചെയ്തു. ഇതിപ്പോ കാശിന് വേണ്ടിയല്ലല്ലോ ഞാന്‍ ഒന്നരാടന്‍ ഇവിടെ വന്ന് പോണത്. വടക്കേടത്ത് തറവാട് എന്റെ സ്വന്തമെന്നേ എപ്പോളും കരുതീട്ടുള്ളു.'' വൈദ്യര് മനസ്സില്‍ തട്ടിയെന്ന മട്ടിലാണ് പറഞ്ഞവസാനിപ്പിച്ചത്.

അപ്പോള്‍പിന്നെ കൂടുതലൊന്നും ചോദിക്കാന്‍ അമ്മുവിന് മനസ്സ് വന്നില്ല. വൈദ്യരെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി മിണ്ടാതെയിരുന്നു.

''അമ്മു, ഞാനിനി ഇറങ്ങട്ടെ. മനസ്സിന്റെ താളം തെറ്റിയിരിക്കണതോണ്ട് അബോധാവസ്ഥയിലേയ്ക്ക് പോകാതെ നോക്കുകയാണ് വേണ്ടത്. കൊച്ചുകുട്ടിയ്ക്ക് പാട്ടിഷ്ടായിരുന്നില്ലേ?''

''ഉവ്വല്ലോ. ചേച്ചിയമ്മയ്ക്ക് അസുഖമായതില്‍ പിന്നെ ഇവിടെയാര്‍ക്കും പാട്ട് വേണ്ടെന്നായി. ചേച്ചിയമ്മയ്ക്ക് ആസ്വദിക്കാന്‍ പറ്റാത്തത് ബാക്കിയുള്ളോര്‍ക്കും വേണ്ട.'' അമ്മുവിന് ചേച്ചിയമ്മ പാടാറുള്ള കീര്‍ത്തനങ്ങള്‍ മനസ്സില്‍ ഓടിയെത്തി.

''അതാപ്പോ കേമായത്. ചേച്ചിയമ്മയ്ക്കിഷ്ടൊള്ള കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത് അമ്മു. നെന്റെ കുട്ടികളെയൊക്കെ പാട്ട് പഠിപ്പിക്ക. നാല് പെണ്ണുങ്ങളല്ലേ. പിന്നെ പാറൂന്റെ ഒന്നും ഉണ്ടല്ലോ. അഞ്ചാളെ പഠിപ്പിക്കാനെന്ന് പറഞ്ഞാല്‍ ആ ചേന്ദമംഗലത്തെ ഭാഗവതര് സ്വന്തം ചെലവില്‍ തന്നെയിങ്ങെത്തിക്കൊള്ളും. നാളെ ഞാന്‍ പോണ്ട് ആ വഴി. അയാളെ ഞാനിങ്ങോട്ട് പറഞ്ഞു വിടാം.'' അതും പറഞ്ഞ് നാണപ്പവൈദ്യര്‍ പുറത്തേയ്ക്കിറങ്ങി.

അമ്മ അടുക്കളയിലേയ്ക്ക് പോകുന്നത് കണ്ട് ദേവകി അവളുടെ ചേച്ചികുട്ടിയമ്മയുടെ അടുത്ത് പോയിരുന്നു.

''ദേകുട്ടീ, നാണപ്പന്‍ എന്തിനാ വന്നത്?'' കൊച്ചുകുട്ടി ചോദിക്കുന്നത് കേട്ടപ്പോള്‍ ദേവകിയ്ക്ക് അത്ഭുതവും സന്തോഷവും ഒന്നിച്ചാണ് തോന്നിയത്. ചേച്ചികുട്ടിയമ്മ സ്വബോധത്തിലാണ്. പക്ഷേ, തനിയ്‌ക്കൊരു അസുഖമുണ്ടെന്ന കാര്യം ആള്‍ക്ക് അറിയില്ല. വൈദ്യരെ പഴയ നാണപ്പനായിട്ടാണ് കാണുന്നതും.

''അതേ, ഞങ്ങളെ പാട്ട് പഠിപ്പിക്കാന്‍ ഒരു ഭാഗവതരെ കൊണ്ടുവരാമെന്ന് പറയാനായിട്ടാണ് നാണപ്പമ്മാന്‍ വന്നത്. ഞാന്‍ പാട്ട് പഠിച്ചോട്ടെ, ചേച്ചികുട്ടിയമ്മേ?'' വൈദ്യരെന്നുള്ള പദപ്രയോഗത്തില്‍ ചേച്ചികുട്ടിയമ്മയ്ക്ക് ഒരനിഷ്ടം തോന്നണ്ടാന്ന് കരുതിയാണ് ദേവകി 'നാണപ്പമ്മാന്‍' എന്ന് പറഞ്ഞത്. കൂട്ടത്തില്‍ പാട്ട് പഠിക്കാന്‍ ഒരു സമ്മതവും വാങ്ങാമല്ലോയെന്ന് വിചാരിച്ചു.

''അതിനെന്താ ദേകുട്ടി! പാട്ട് പഠിക്കണത് നല്ലതല്ലേ. കുട്ടി പാടിയാല്‍ എനിയ്ക്ക് കേള്‍ക്കാല്ലോ. എന്റെ ദേവൂനെ പഠിപ്പിക്കണന്നൊക്കെ വിചാരിച്ചിരിക്കുമ്പോളല്ലേ അവളെ പരമേശ്വരന്‍ തന്നെ അങ്ങ് കൂട്ടിക്കൊണ്ട് പോയത്.'' ഉടുമുണ്ടിന്റെ കോന്തല പൊക്കി കൊച്ചുകുട്ടി കണ്ണുകള്‍ തുടച്ചു.

പഴയ കഥകള്‍ കുറച്ചൊക്കെ അറിയാവുന്നതുകൊണ്ട് ദേവകിയ്ക്ക് മനസ്സിലായി ചേച്ചികുട്ടിയമ്മയുടെ വ്യംഗാര്‍ത്ഥപ്രയോഗം. അമ്പലത്തിലെ പരമശിവനെന്ന ഉദ്ദേശ്യത്തോടൊപ്പം തന്റെ ഭര്‍ത്താവ് പരമേശ്വരന്റെ പിടിപ്പുകേട് മൂലമാണ് മകള്‍ പോയതെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്ന കാര്യം കൂടി സൂചിപ്പിച്ചതാണ്. എല്ലാമെല്ലാമായിരുന്ന ദേവു മരിച്ചതിന് ശേഷമാണ് കൊച്ചുകുട്ടി സ്വബോധത്തിന്റെയും അബോധത്തിന്റെയും ഇടയിലെ മാനസികവിഭ്രാന്തിയുടെ ത്രിശ്ശങ്കുവില്‍ അകപ്പെട്ടത്.

കൂടുതല്‍ അതിനെ പറ്റി ചിന്തിക്കാന്‍ സാവകാശം കൊടുക്കാതെ ദേവകി സംസാരിക്കാന്‍ തുടങ്ങി. ''ദേ, പാട്ട് പഠിക്കാന്‍ തുടങ്ങിയാല്‍ ഞാനെന്നും ഇവിടെ വന്നിരുന്ന് കീര്‍ത്തനങ്ങള്‍ പാടും. തെറ്റുണ്ടെങ്കില്‍ ചേച്ചികുട്ടിയമ്മ തിരുത്തിത്തരണം. പിന്നെ നല്ല ഈണത്തില്‍ പാടാന്‍ പറ്റുന്ന പഴയ കീര്‍ത്തനങ്ങള്‍ പഠിപ്പിക്കേം വേണം.''

''അതിനെന്താ, പഠിപ്പിക്കാലോ. ആ ചേന്ദമംഗലത്തെ ഭാഗവതര് തന്നെയല്ലേ വരുന്നത്. അങ്ങേര്‍ക്ക് പ്രായം കുറേയേറീട്ടുണ്ടാകും. എന്നാലും നല്ല വിവരോള്ള മനുഷ്യനാ. ദേവകി പാട്ട് പാടുന്നത് കേള്‍ക്കാന്‍ എനിയ്ക്ക് ധൃതിയായിരിക്കണൂട്ടോ.'' ചേച്ചികുട്ടിയമ്മയുടെ സന്തോഷം കണ്ടപ്പോള്‍ ദേവകിയ്ക്ക് ഉത്സാഹം കൂടി.

അപ്പോഴാണ് ആ വിളി കേട്ടത്. ''ആരൂല്ലേ ഇവിടെയെങ്ങും? ഈ തലയിണയൊന്ന് പൊക്കി വച്ച് തരാന്‍.''

''ദേകുട്ടി ചെല്ലു. പാവം അമ്മ. വയ്യാണ്ടിരിക്കയല്ലേ. അമ്മൂം പാറൂം അടുക്കളേലായിരിക്കും. ലീലേം ഇന്ദിരേം സരസൂം വിലാസിനീമൊക്കെ എവിടെയാണാവോ? അമ്പലത്തിലായിരിക്കുമല്ലേ? മോള് ചെന്നൊന്ന് നോക്കിയേ!'' ചേച്ചികുട്ടിയമ്മ എല്ലാവരുടേയും പേരുകള്‍ തെറ്റുകൂടാതെ പറയുന്നത് കേട്ടപ്പോള്‍ ദേവകിയുടെ മനസ്സ് കുളിര്‍ത്തു. ഇങ്ങനെതന്നെ ഇരുന്നെങ്കിലെന്ന് അവള്‍ മനസ്സാ ആശിച്ചു. അതിന് ദൈവാത്ഭുതം സംഭവിക്കേണ്ടി വരുമെന്ന് അടുത്ത നിമിഷം ആലോചിക്കുകയും ചെയ്തു.

ദേവകി പോയിക്കഴിഞ്ഞപ്പോള്‍ കൊച്ചുകുട്ടി തന്റേതായ ലോകത്ത് പറന്ന് നടന്നു. 

പരമേശ്വരന്‍ നമ്പൂതിരിപ്പാട് - നല്ല മനുഷ്യനായിരുന്നു. പക്ഷേ, പാടില്ലാത്തത് ചെയ്താല്‍ പിന്നെന്ത് കാര്യം? മനുഷ്യന്‍ നന്നായതുകൊണ്ട് മാത്രം കാര്യായോ? കാര്യകാരണസഹിതം കര്‍മ്മങ്ങളെ വേര്‍ത്തിരിച്ചറിയാനുള്ള ബുദ്ധി, ദൈവം ജന്മനാ എല്ലാവര്‍ക്കും കൊടുത്തിട്ടുള്ളത് തന്നെ. അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള പ്രായോഗികജ്ഞാനം കൂടി വേണ്ടേ? ജ്യേഷ്ഠന്‍ തിരുമേനി പറയുന്നത് മാത്രമേ അനുസരിക്കുള്ളുവെന്ന് മനസ്സിലുറപ്പിച്ചാല്‍ പിന്നെ സാധാരണ മനുഷ്യന്റെ വിശകലനബോധം പോലുമില്ലാതെയായി തീരുകയല്ലേ. 

അച്ഛന്റെ അനുജനെ കല്യാണം കഴിക്കുക. കേട്ടുകേള്‍വി പോലുമില്ലാത്ത വസ്തുത. വേണ്ട, പറ്റില്ലാന്നങ്ങട് തീര്‍ത്ത് പറഞ്ഞാല്‍ മതിയായിരുന്നു അങ്ങേര്‍ക്ക്. ഇവിടെയൊരു അമ്മയുണ്ടല്ലോ. അവര്‍ക്കെങ്കിലും പറയാമായിരുന്നില്ലേ. അഞ്ച് കുഞ്ഞുങ്ങള്‍ ഇല്ലാതായി തീരുമായിരുന്നോ? ദേവൂവെങ്കിലും കൂടെയിരുന്നിരുന്നെങ്കില്‍. മറ്റ് നാലുപേര്‍ വയസ്സൊന്ന് തികയുന്നതിന് മുമ്പെ ഒടുങ്ങി. അതങ്ങനെയാകുമെന്ന് വയറ്റാട്ടി പറഞ്ഞതുമാണ്. സാരമില്ല. അത്രേം ആയുസ്സേ പറഞ്ഞിട്ടുള്ളൂന്ന് നിരീക്കാം. പക്ഷേ, ദേവൂ അങ്ങനെയാണോ?

''ചേച്ചികുട്ടിയമ്മേ!'' ദേവകി സംസാരിക്കാനുള്ള ഉത്സാഹത്തോടെ തിരിച്ചെത്തി. പക്ഷേ, വീണ്ടും ചരിഞ്ഞ് കിടന്ന് കാലുകള്‍ നെഞ്ചിനോടടുപ്പിച്ച് വലിച്ച് വച്ച് കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി ചരിഞ്ഞ് കിടന്നുറങ്ങുന്നചേച്ചികുട്ടിയമ്മയെയാണ് ദേവകി കണ്ടത്. കൊച്ചുകുട്ടി ഒരു കൊച്ചു കുട്ടിയെപ്പോലെ കിടക്കുന്നു. ഇനിയിപ്പോള്‍ ഒന്നും സംസാരിക്കാന്‍ പറ്റില്ല. ദേവകി നാമം ജപിക്കാന്‍ നാലുകെട്ടിലേയ്ക്ക് പോയി.

3
ശങ്കരന്‍കുട്ടിയുടെ ഉറക്കെയുള്ള ശബ്ദം കേട്ടിട്ടാണ് കൊച്ചുകുട്ടി ഉണര്‍ന്നത്. വിശക്കുന്നുണ്ട്. അത്താഴത്തിനുള്ള സമയമായിട്ടുണ്ടാകണം. കൊച്ചുകുട്ടി എഴുന്നേറ്റിരുന്നു. കുറേ നേരമായിട്ട് ഉറങ്ങുകയായിരുന്നുവെന്ന് തോന്നുന്നു. ഏതായാലും ഒരു ഉഷാറൊക്കെ വന്ന പോലെ. കൊച്ചുകുട്ടിയെണീറ്റ് നാലുകെട്ടിലേയ്ക്ക്‌നടന്നു.

എല്ലാവരുമുണ്ട്. സഭ കൂടിയിരിക്കുന്നു. എന്താണാവോ ശങ്കരന്‍കുട്ടിയുടെ പ്രശ്‌നം? തളത്തിന്റെ വാതില്‍ക്കല്‍ നിന്ന് കൊച്ചുകുട്ടി അവരുടെ സംഭാഷണം ശ്രദ്ധിച്ചു. എല്ലാവരും ശങ്കരന്‍കുട്ടിയുടെ മുഖത്ത് നോക്കിയിരിക്കുന്നതുകൊണ്ട് കൊച്ചുകുട്ടി അവിടെ നില്‍ക്കുന്നത് ആരും കണ്ടിട്ടില്ല.

''എനിയ്‌ക്കെന്റേതായ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അച്ഛനോട് ചോദിക്കാനൊന്നും എനിയ്ക്ക് വയ്യ. എനിയ്ക്ക് ഒരാളുടെ സമ്മതമേ ആവശ്യമുള്ളു - അമ്മുചേച്ചിയുടെ. അമ്മുചേച്ചി സമ്മതം മൂളിയാല്‍ പിന്നെ ചേച്ചിയമ്മയുടെ അനുഗ്രഹം വാങ്ങി ഞാന്‍ യാത്ര തിരിക്കും.'' ശങ്കരന്‍കുട്ടി അവന് വേണ്ടതെന്തെന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു.

മാസത്തിലൊരിക്കല്‍ കാണുന്ന അച്ഛനോട് കുട്ടികള്‍ എന്ത് പറയാനാ? കൊച്ചുകുട്ടി മനസ്സില്‍ ആലോചിക്കാതിരുന്നില്ല. അച്ഛനെ ജ്യേഷ്ഠന്‍ തിരുമേനിയെന്ന് സംബോധന ചെയ്യേണ്ടി വന്ന തന്റെ മനോനില വേറെയാര്‍ക്കും മനസ്സിലാവില്ല. എന്തൊക്കെ ആയാലും ശങ്കരന്‍കുട്ടി നല്ല ഉശിരുള്ള പയ്യന്‍ തന്നെ. അവന് എന്താണ് വേണ്ടതെന്ന് അവനറിയാം. രാഘവന്‍കുട്ടി കുറച്ച് നാണക്കാരനാണ്. പക്ഷേ, പാവം കൊച്ചന്‍. കൊച്ചായിരിക്കുമ്പോള്‍ എപ്പോഴും തന്റെ മുണ്ടിന്റെ അറ്റം പിടിച്ചാണ് നടന്നിരുന്നത്. അമ്പലത്തില്‍ പോകുമ്പോള്‍ എപ്പോഴും രാഘവന്‍ കൂടെയുണ്ടാകുമായിരുന്നു. രാഘവന്‍ വരാത്ത ദിവസം മേശാന്തിയുള്‍പ്പെടെ കാണുന്നവരൊക്കെ ചോദിക്കും 'ഇന്നെന്താ കൊച്ചുകുട്ടീടെ വാലെവിടെ പോയി?' എന്ന്. അവനെന്തോ കമ്പനീടെ പരീക്ഷ എഴുതിയിരിക്കാണെന്നാണ് പറഞ്ഞത്. അതെന്തായാവോ?

''ശങ്കരാ, നിനക്ക് തന്നെ അത്ര ദൂരമൊക്കെ പോകാനാവുമോ?'' അമ്മുക്കുട്ടി അനുജനോടാരാഞ്ഞു. 

''അതൊന്നും ഒരു പ്രശ്‌നവുമില്ല, ചേച്ചി. ഇവിടെ നിന്ന് എന്റെ കൂട്ടുകാര്‍ രണ്ടാളും കൂടിയുണ്ട്. മാളികപ്പുറത്തെ ഔസേപ്പും വാണിയക്കാട്ടീന്ന് മമ്മതും. ഞങ്ങളൊന്നിച്ചാണ് പരീക്ഷ എഴുതിയതും മുഖാമുഖത്തിന് പോയതുമൊക്കെ. പിന്നെന്താ, അതിന്റെ നടത്തിപ്പുകാര് തന്നെയാണ് ഇവിടെ നിന്ന് പുറപ്പെടുന്നത് മുതല്‍ അവിടെയെത്തുന്നതു വരെയുള്ള സകല കാര്യങ്ങളും ചെയ്തു തരുന്നത്. നമ്മളൊന്നും അറിയണ്ടാ.'' ശങ്കരന്‍കുട്ടിയുടെ ആത്മവിശ്വാസം അവന്റെ വാക്കുകളിലും ശബ്ദത്തിലും മുഴങ്ങി.

''അമ്മാവന്മാരോടൊക്കെ ഒരു വാക്ക് ചോദിക്കായിരുന്നു എന്നേ ഞാനുദ്ദേശിച്ചുള്ളു.'' കൊച്ചുകുട്ടി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. ഗോപാലമ്മാനാണ്. അടുത്ത് തന്നെ കൃഷ്ണമ്മാനുമുണ്ട്. ദാമോദരമ്മാനും ഗോവിന്ദമ്മാനുമേ സഭയില്‍ ഇല്ലാതുള്ളു. 

''അതാണല്ലോ ഞാനിപ്പോ ഇവിടെ നിങ്ങളുടെയെല്ലാവരുടേയും മുമ്പില്‍ വച്ച് പറഞ്ഞത്.'' ശങ്കരന്‍കുട്ടി ആരുടെ എതിര്‍പ്പും വക വയ്ക്കില്ലെന്ന് ഉറപ്പായിരുന്നു.

''ഇതിപ്പോ ആരോടും ചോദിക്കാതെ ആനേ വാങ്ങിക്കഴിഞ്ഞ് തോട്ടി വാങ്ങാന്‍ സമ്മതം ചോദിക്കണ പോലെയായി.'' കൃഷ്ണമ്മാന്റെ സ്വതസിദ്ധമായ ഫലിതരൂപേണയുള്ള സംസാരം കേട്ടപ്പോള്‍ അതുവരെ ബലം പിടിച്ച് ശ്വാസം വിടാതെ നിന്നിരുന്ന ശങ്കരന്‍കുട്ടിയടക്കം എല്ലാവരും ചിരിച്ചുപോയി.

ഇങ്ങനെയുള്ള സായാഹ്നങ്ങളാണ് കുടുംബത്തിന്റെ കെട്ടുറപ്പിന് കാതലായി നിന്നിരുന്നത്. കൊച്ചുകുട്ടിയുടെ മനസ്സ് സന്തോഷത്താല്‍ ത്രസിച്ചു. പക്ഷേ, അപ്പോഴേയ്ക്കും തലയില്‍ കല്ല് കേറ്റിവച്ച പോലെയൊരു കനം തോന്നി. വീഴുമോ എന്ന ഭയം മനസ്സിനെ ബാധിച്ചതോടെ കൊച്ചുകുട്ടി തിരിഞ്ഞ് ചായ്പിലേയ്ക്ക് നടന്നു. അവരുടെയൊപ്പമൊന്ന് കൂടാമെന്ന് കരുതിയപ്പോഴേയ്ക്കും ഈ നശിച്ച വിഭ്രാന്തി. ഒരുവിധം കട്ടിലിനടുത്തെത്തി അതിലേയ്ക്ക് മറിയുകയായിരുന്നു. തലയ്ക്കകത്ത് ഭൂതവും വര്‍ത്തമാനവും കൂടിക്കുഴയുന്നതിനിടയില്‍ കൊച്ചുകുട്ടി ചിന്തിച്ചിരുന്നത് 'ശങ്കരന്‍കുട്ടി എവിടേയ്ക്ക് പോകുന്ന കാര്യമാണ് സംസാരിച്ചിരുന്നത്' എന്നാണ്.
 

Follow Us:
Download App:
  • android
  • ios