വാക്കുല്‍സവത്തില്‍ ഇന്ന് അബിദ ബി എഴുതിയ രണ്ട് കവിതകള്‍ 

രാത്രിയുടെ അവസാന യാമത്തിലും 
പച്ച ശ്വാസങ്ങള്‍ തെരുവിന്റെ ഉച്ചിയില്‍
ഒച്ചിന്റെ ഇഴച്ചില്‍പോല്‍ പതുങ്ങുന്നു.

-അബിദ ബി എഴുതിയ രണ്ട് കവിതകള്‍

വരൂ, വഴിമാറാം

തെരുവുകള്‍ മനുഷ്യരുമായി 
ആജീവനാന്ത 
പാട്ടക്കരാറില്‍
ഒപ്പുവെച്ചിട്ടുണ്ട്

വെളിച്ചം
പെറ്റുവീഴുമ്പോള്‍ 
തെരുവില്‍ 
പൂക്കൊട്ടകള്‍ പോലെ 
മനുഷ്യര്‍ വിടരും 

രാത്രിയുടെ അവസാന യാമത്തിലും 
പച്ച ശ്വാസങ്ങള്‍ തെരുവിന്റെ ഉച്ചിയില്‍
ഒച്ചിന്റെ ഇഴച്ചില്‍പോല്‍ പതുങ്ങുന്നു.

എത്ര ഒറ്റയാണ് മനുഷ്യരെന്ന് തെരുവ് ചൂണ്ടും 
അത്രതന്നെ ഉച്ചത്തില്‍ 'കൂട്ടരേ' എന്നൊരുവന്‍ തെരുവില്‍ നൃത്തം ചെയ്യും

മുഴുമിക്കാത്ത കവിതപോലെ മനുഷ്യര്‍ ഇടറി എത്തും 
തെരുവ് അവരെയെല്ലാം പൂരിപ്പിക്കും 

മരണത്തിന്റെ പാട്ടുകേട്ടൊരു പെണ്‍കുട്ടി 
ഉടുത്തൊരുങ്ങും 

മരണത്തിന്റെ മുതുപാതയില്‍ 
നിന്നും ഇടവഴികേറിയാല്‍ തെരുവെത്തും 

വിട്ടുപോകും മുന്‍പ് 
വിതുമ്പി തീരും മുന്‍പ് 
ഒരടിയേ മാറേണ്ടതുള്ളൂ 
ഒരു വഴിയേ മാറേണ്ടതുള്ളൂ
എന്റെ പെണ്‍കുട്ടീ വരൂ 
വഴി മാറാം.

Also Read: സ്വാഭിനയ സിനിമകള്‍, ലാല്‍മോഹന്‍ എഴുതിയ കവിതകള്‍


മറവി 

ആതിരയും സമീറയും സോഫിയയും 
രാവിലെ പൂന്തോട്ടത്തിലേക്ക് നടന്നു,
അവിടെയാണവരുടെ
കളിസ്ഥലം. 

വഴിയില്‍ വെച്ച്
ആതിരയുടെ അച്ഛന്‍ അവളെ അമ്പലത്തിലേക്ക് വിളിച്ചു

അവള്‍ പൂന്തോട്ടം മറന്നു പോയി 

അവള്‍ പോകുന്നത് മറ്റു രണ്ടുപേരും 
നിസ്സഹായരായി നോക്കി നിന്നു

അവരുടെ മുന്നോട്ടുള്ള യാത്രയില്‍
സമീറയുടെ ഉപ്പ പാടവരമ്പില്‍നിന്ന് അവളെ 
മദ്രസയില്‍ പോകാനുള്ള സമയമോര്‍മ്മിപ്പിച്ചു
അവള്‍ തിരിഞ്ഞുനോക്കാതെ വീട്ടിലേക്കോടി

അവളും പൂന്തോട്ടം മറന്നു പോയി 

തല താഴ്ത്തി നില്‍ക്കുന്ന സോഫിയയെ കണ്ട് പള്ളീലച്ചന്‍ പറഞ്ഞു,
'പ്രാര്‍ത്ഥിക്കൂ കുഞ്ഞേ'

പൂന്തോട്ടം മറന്നവള്‍ മെല്ലെ പള്ളിയിലേക്ക് നടന്നു

അവരെ കാത്തിരുന്ന
പൂന്തോട്ടം ഉച്ചവെയിലില്‍ വാടി പോയി

പിന്നെ 
കൊടും വേനലില്‍
കരിഞ്ഞു പോയി

പൂന്തോട്ടമില്ലാത്ത കളിസ്ഥലം ചവറുകൂനയായി

ആതിരയും സമീറയും സോഫിയയും
സ്വപ്നത്തില്‍ പൂക്കള്‍ നിറഞ്ഞ കളിസ്ഥലത്ത്
കളിച്ചുകൊണ്ടേയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...