Asianet News MalayalamAsianet News Malayalam

എഐ ക്യാമറ ഹീറോയാടാ ഹീറോ..! പോകാത്ത സ്ഥലങ്ങളിൽ ബൈക്കിന് നിരന്തരം പിഴ, അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 'ഇരട്ട'യെ

ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ എ ഐ ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു.

AI camera detect bike duplication in Malappuram prm
Author
First Published Dec 17, 2023, 5:40 PM IST

മലപ്പുറം: തട്ടിപ്പ് കണ്ടുപിടിക്കാൻ എഐ ക്യാമറ സഹായിച്ചതായി മലപ്പുറം പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരാളുടെ വാഹന രേഖകൾ ഉപയോ​ഗിച്ച് അനധികൃതമായി മറ്റൊരാൾ വാഹനമുപയോ​ഗിച്ചതാണ് എഐ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവമിങ്ങനെ - മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയുടെ പേരിലുള്ള ബൈക്കിന് തുടർച്ചയായി  എ ഐ ക്യാമറ പിഴ ചുമത്തുന്നുവെന്നാണ് പരാതി ലഭിച്ചത്.

രേഖകളിൽ പറയുന്ന സമയത്ത് ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി അങ്ങോട്ടേക്കൊന്നും പോയിട്ടുമില്ല. പൊലീസ് അന്വേഷണത്തിൽ അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതിൽ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കി. ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ എ ഐ ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം. ഒടുവിൽ പരാതിക്കാരന്റെ ബൈക്കിന്റെ 'ഇരട്ട' സഹോദരനും ഉടമയും കസ്റ്റഡിയിലായി.

എൻജിൻ നമ്പറും, ചെയ്സിസ് നമ്പറും പരിശോധിച്ചതിൽ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഓടുകയായിരുന്നെന്നും തെളിഞ്ഞു. ഇടുക്കിയിൽ നിന്നും ഒഎൽഎക്സ് വഴി വാങ്ങിയ ബൈക്ക് ആയിരുന്നു വില്ലനായത്.  പരാതിക്കാരൻ ഇടുക്കിയിൽ ഒരാൾക്ക് വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ചിരുന്നു. പണയം വാങ്ങിയ വ്യക്തി ഇതേ ആർസി ഉപയോഗിച്ച്, മറ്റൊരു വാഹനം നമ്പർ മാറ്റി ഒഎൽഎക്സ് വഴി വിറ്റു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും ഉപയോ​ഗിക്കുകയും തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുകയും ചെയ്തു.  

മലപ്പുറം പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്

 മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിൽ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടർച്ചയായി  എ ഐ ക്യാമറ പിഴ ചുമത്തുന്നുവെന്നാണ് പരാതി. പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി അങ്ങോട്ടേക്കൊന്നും പോയിട്ടുമില്ലത്രേ. എന്താല്ലേ ?
ഇക്കാര്യത്തിൽ ആർ ടി ഓഫീസിൽ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവിൽ ഇമെയിൽ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുമെത്തി. പിന്നീടങ്ങോട്ട് കാര്യങ്ങൾ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതിൽ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിൽ പിന്നെ മറ്റു ഫൈനുകൾ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?
ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ എ ഐ ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടർന്നത്. ഒടുവിൽ പരാതിക്കാരന്റെ ബൈക്കിന്റെ " ഇരട്ട " സഹോദരനും ഉടമയും കസ്റ്റഡിയിലായി. എൻജിൻ നമ്പറും, ചെയ്സിസ് നമ്പറും പരിശോധിച്ചതിൽ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഓടുകയായിരുന്നെന്നും മനസ്സിലാക്കാനായി. ഇടുക്കിയിൽ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലൻ. 
പരാതിക്കാരൻ ഇടുക്കിയിൽ ഒരാൾക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വെച്ചിരുന്നു. പണയം വാങ്ങിയ വ്യക്തി ഇതേ RC ഉപയോഗിച്ച്, മറ്റൊരു വാഹനം നമ്പർ മാറ്റി OLX വഴി വിൽക്കുകയായിരുന്നു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ചു തുടർച്ചയായി നിയമലംഘനങ്ങൾ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്.  ഇനി നിങ്ങൾ പറയൂ .. ക്യാമറ വില്ലൻ ആണോ ?  
ഗുണപാഠം : 1 . വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാൻ ശ്രദ്ധിക്കണം.
                    2 . വാഹനത്തിന്റെ  രേഖകൾ മറ്റൊരാൾക്ക് കൈമാറരുത്.

Latest Videos
Follow Us:
Download App:
  • android
  • ios