മാന്നാർ: മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കയറി 300-ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി. പമ്പാ അച്ചൻകോവിലാറുകൾ കരകവിഞ്ഞതോടെ അപ്പർകുട്ടനാട്ടിൽ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിലായി. 

പാവുക്കര, വള്ളക്കാലി പ്രദേശങ്ങളാണ് വെള്ളത്തിലായത്. മാന്നാർ പഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ 300 ഓളം വീടുകളിലാണ് വെള്ളം കയറിയത്. 

തുടർച്ചയായി ഉണ്ടാകുന്ന വെള്ളപൊക്കം കോളനി നിവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നദികളിലെയും തോടുകളിലെയും പാടങ്ങളിലെയും ജലനിരപ്പ് ഉയരുന്നത് കോളനി നിവാസികൾക്ക് ഭീഷണിയാണ്. ഇനി മഴ തുടർന്നാൽ ക്യാമ്പിലോ, മറ്റ് സ്ഥലങ്ങളിലോ അഭയം പ്രാപിക്കേണ്ടി വരും. 

തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ വരവിലും ജലനിരപ്പ് ഉയർന്ന് പഞ്ചായത്ത് നാലാം വാർഡിൽപ്പെട്ട 45 -ൽ ഭാഗം, കിളും നേരിഭാഗവും, പേതുവൂർ ഭാഗവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളപൊക്ക ഭീഷണി നേരിടുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.