കൊച്ചി: എറണാകുളം ജില്ലയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ഥലത്ത് പത്ത് ഫയർ യൂണിറ്റുകളെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമായിട്ടില്ല.

കഴിഞ്ഞ വർഷം വേനൽക്കാലത്ത് രണ്ട് തവണയാണ് ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. ഫെബ്രുവരിയിലും മാർച്ചിലുമുണ്ടായ തീപിടിത്തത്തിൽ ജനജീവിതം ദുസ്സഹമായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ തീപിടിച്ചത്, കഠിന പരിശ്രമത്തിലൂടെയാണ് അണച്ചത്. 

ഫെബ്രുവരിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നിന്ന് 15 കിലോമീറ്റർ ദൂരപരിധി വരെ വിഷപ്പുക എത്തിയിരുന്നു. കാറ്റിന്‍റെ ഗതി അനുസരിച്ച്  ഇരുമ്പനം, തൃപ്പൂണിത്തുറ വൈറ്റില മേഖലകൾ പുകയിൽ മൂടിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു ഫെബ്രുവരിയിലെ തീപിടിത്തം നിയന്ത്രിച്ചത്.