ഇടുക്കി: കുരങ്ങ് ശല്യത്തിൽ വലഞ്ഞ് ഇടുക്കി വെള്ളാരംകുന്നിലെ ഏലം കർഷകർ. കൂട്ടമായെത്തുന്ന കുരങ്ങുകൾ ഏലച്ചെടികൾ നശിപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

വെള്ളാരംകുന്ന് മേഖലയിൽ മുന്നൂറ് ഏക്കറോളം ഏലത്തോട്ടമാണുള്ളത്. പ്രളയത്തിലും പിന്നാലെയെത്തിയ കൊടും വേനലിലുമെല്ലാം വലിയ നഷ്ടം നേരിട്ട കർഷർക്ക് പുതിയ പ്രതിസന്ധി ആയിരിക്കുകയാണ് കുരങ്ങുകൾ. ഒരു ഏലത്തട്ടയിൽ നിന്ന് ആറ് തവണയെങ്കിലും വിളവെടുക്കാം. എന്നാൽ കുരങ്ങുകൾ ഇത് നശിപ്പിക്കുന്നതോടെ ആ വർഷത്തെ മൊത്തം ആദായം ഇല്ലാതാകുകയാണ്.

ഫോറസ്റ്റുകാരോട് പരാതിപ്പെട്ടെങ്കിലും കോട്ടയത്തെ ഓഫീസിൽ നിന്ന് ഉത്തരവ് വന്നാൽ മാത്രമേ കുരങ്ങുകളെ കെണിവച്ച് പിടിക്കാൻ സാധിക്കൂ എന്നാണ് വിശദീകരണം. ഇനിയും ഉദ്യോഗസ്ഥരുടെ അവഗണന തുടർന്നാൽ കൃഷി നിർത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കർഷർ പറയുന്നു.