മാവേലിക്കര: വ്യത്യസ്തങ്ങളായ നക്ഷത്രങ്ങൾ പതിവായി ഒരുക്കുന്ന ഡോ. ബിജു ജോസഫ്  മാവേലിക്കരയിലെ തന്റെ വീടിനു മുൻപിൽ താൻ നിർമ്മിച്ച ഗാന്ധി പ്രതിമകൾ കൊണ്ടൊരു ക്രിസ്തുമസ് നക്ഷത്രം ഒരുക്കി. ലോക അരക്ഷിതാവസ്ഥയ്ക്ക് അയവുവരുത്തുവാൻ മനുഷ്യമനസുകളിലേക്ക് സമാധാന സന്ദേശം പകരുന്നതിനായാണ് താൻ സമാധാന നക്ഷത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് ബിജു പറയുന്നത്.

ഒരടി ഉയരമുള്ള 350ൽ അധികം ഗാന്ധി പ്രതിമകൾ കൊണ്ടാണ് 24 അടിയിലധികം വലിപ്പമുള്ള ക്രസ്തുമസ് നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. ഗാന്ധി ശിൽപപ്പങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന  നക്ഷത്രം കാണുവാനായി ബിജുവിന്റെ താമസസ്ഥലത്തേക്ക് നിരവധി പേരാണ് എത്തുന്നത്. മുൻ വർഷങ്ങളിൽ ബിജു ജോസഫ് നിർമ്മിച്ച ഗാന്ധി ശിൽപ്പങ്ങളെ കുറിച്ച് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന വാർത്തകൾ കൊണ്ട് 16 അടിയിൽ അധികം വലിപ്പത്തിൽ നിർമ്മിച്ച ക്രിസ്തുമസ് നക്ഷത്രവും മൂന്ന് മില്ലീമീറ്റർ മാത്രം വലിപ്പമുള്ള തേക്ക് തടിയിൽ നിർമ്മിച്ച നക്ഷത്രവും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിലും വിദശങ്ങളിലുമായി ആയിരത്തിലധികം ഗാന്ധി ശിൽപ്പങ്ങൾ സ്ഥാപിച്ചിട്ടുള്ള ഗാന്ധി ശിൽപ്പികൂടിയാണ് ഡോ. ബിജു ജോസഫ്.