മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്കായി കണ്ണന്‍ ദേവന്‍ കമ്പനിയുടെ നേത്യത്വത്തില്‍ നിര്‍മ്മിക്കുന്ന വീടുളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ദുരന്തത്തില്‍ അകപ്പെട്ട എട്ടുപേര്‍ക്ക് ഒരുകോടി രൂപ മുടക്കിയാണ് അധിക്യതര്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 

ഭൂമിയുടെ ഘടന അനുസരിച്ച് തട്ടുകളായി തിരിച്ചാണ് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. അഞ്ച് വീടുകളുടെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മേല്‍ക്കുര നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള മുന്ന് വീടുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കുറ്റിയാര്‍വാലിയില്‍ സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടിരുന്ന 50 സെന്റ് ഭൂമിയാണ് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയത്. 

കെട്ടിടം നിര്‍മ്മിക്കുന്നതിന് കണ്ണന്‍ ദേവന്‍ കമ്പനി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. ഒരുമാസം പിന്നിടുമ്പോള്‍ നിര്‍മ്മാണങ്ങള്‍ മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായി കഴിഞ്ഞു. ഫെബ്രുവരിയോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി.