കല്‍പ്പറ്റ: പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കബനി നദിയില്‍നിന്ന് മണല്‍ക്കൊള്ള നടക്കുന്നതായി പ്രകൃതി സംരക്ഷണ സമിതി. പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനെ പിന്‍പറ്റി കടുത്ത പ്രകൃതി ചൂഷണമാണ് നടക്കുന്നതെന്ന് സമിതി ആരോപിച്ചു. പനമരം പഞ്ചായത്ത് പരിധിയില്‍ മാത്രം കബനി ഒഴുകുന്ന 25 കടവുകളില്‍നിന്ന് 2500-ലധികം ടിപ്പര്‍ മണല്‍ കൊള്ളയടിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വില്‍പ്പനകേന്ദ്രങ്ങളിലേക്കും അയല്‍ ജില്ലകളിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഒരു ടിപ്പര്‍ മണലിന് 15,000 രൂപയാണ് വിപണിവിലയെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മണല്‍വില്‍പ്പനയിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പനമരം പഞ്ചായത്ത് സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ ജില്ല ഭരണകൂടം എന്നിവരുടെ ഒത്താശയോടെയുള്ള മണല്‍ക്കൊള്ളയാണിത്.

ജൂണ്‍ ഒന്നു മുതല്‍ 15 വരെയായിരുന്നു പുഴയിലെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ചെളിയും മറ്റും നീക്കം ചെയ്യുന്നതിനുള്ള കാലാവധി. എന്നാല്‍ ഭരണസമിതി പുനര്‍ലേലമില്ലാതെ ഇത് ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തതായും സമിതി ആരോപിച്ചു. ഏകദേശം ഒരുകോടി രൂപക്കാണ് 25 കടവുകള്‍ ലേലം ചെയ്തിരിക്കുന്നത്. അടുത്തിടെ കേരളത്തിലെ മുഴുവന്‍ നദികളിലെയും മണല്‍ ഓഡിറ്റിങ് നടത്തിയ വിദഗ്ധ കമ്മിറ്റി കബനി നദിയില്‍നിന്ന് മണല്‍ഖനനം പാടില്ലെന്ന് ശുപാര്‍ശ നല്‍കുകയും ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ചിരിക്കുകയാണ്. തൃശ്ശൂര്‍, കുറ്റ്യാടി, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള മുങ്ങല്‍വിദഗ്ധരും കര്‍ണാടകയില്‍നിന്നുള്ള തൊഴിലാളികളുമടക്കം 500 പേരും അമ്പതോളം ടിപ്പറുകളും തോണികളും പത്തോളം ഫൈബര്‍ബോട്ടുകളും എര്‍ത്ത് മൂവറുകളും ഉപയോഗിച്ചാണ് കബനിയിലെ മണല്‍ കടത്തുന്നതെന്നാണ് ആരോപണം. മണല്‍ക്കൊള്ളയില്‍ ജില്ലാ ദുരന്തനിവാരണ സമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രകൃതിസംരക്ഷണ സമിതി ആരോപിച്ചു. പ്രളയത്തില്‍ നദികളില്‍ അടിഞ്ഞ അവശിഷ്ടങ്ങളും എക്കലും നീക്കംചെയ്യുന്നതിന് ദുരന്തനിവാരണസമിതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പനമരത്തും പണി നടക്കുന്നത്.

അതേസമയം ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് പുഴയിലെ എക്കലും മണ്ണും ചെളിയും മണലും കോരുന്നത്. കഴിഞ്ഞ രണ്ടുതവണയും പ്രളയത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്. രണ്ട് പ്രളയത്തിലും വലിയ വെള്ളപ്പൊക്കമാണ് പനമരത്തുണ്ടായത്. പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളം കയറാന്‍ കാരണമായത്. പ്രവൃത്തിക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം ഉണ്ടെന്നും പനമരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ പറഞ്ഞു.