തൃശ്ശൂർ: വേനൽമഴ പെയ്ത് മണ്ണ് കുളിർന്നപ്പോൾ കടമ്പിന് പൂക്കാലമായി. കൗതുക കാഴ്ചയായി തൃശ്ശൂരിലെ കുറ്റൂരിലാണ് കടമ്പിൻ പൂക്കള്‍ വിരിഞ്ഞത്. കുറ്റൂർ ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രമുറ്റത്താണ് കടമ്പ് പൂക്കള്‍ വിരിഞ്ഞത്. അപൂര്‍വ്വമായി വിരിയുന്ന പൂക്കള്‍ കാണാന്‍ ദൂരദേശത്ത് നിന്നും പോലും ആളുകളെത്തുന്നുണ്ട്.

മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് കടമ്പിൻ പൂക്കൾക്ക്. മാസങ്ങളോളം മരത്തിലുണ്ടാകുന്ന മൊട്ട് മഴപെയ്യുന്നതോടെയാണ് പൂക്കുക. ഒക്ടോബറിലാണ് ഫലങ്ങൾക്ക് മൂപ്പെത്തുന്നത്. പൂമ്പാറ്റകൾക്കും തേനീച്ചകൾക്കും ഏറെ പ്രിയങ്കരമാണ് കടമ്പിൻ പൂക്കൾ. ടെന്നിസ് ബോളിന്റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും കടമ്പിന് പേരുണ്ട്. നിയോ ലാമാർക്കിയ കടംബ എന്നാണ് ശാസ്ത്രനാമം. കദംബ, ആറ്റുതേക്ക് തുടങ്ങിയ പേരുകളിലും കടമ്പ് അറിയപ്പെടുന്നുണ്ട്.

കടമ്പിന് പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്. ശ്രീകൃഷ്ണൻ ഗോപികമാരുടെ വസ്ത്രം മോഷ്ടിച്ച് കടമ്പിൻ മരത്തിൽ സൂക്ഷിച്ചുവെന്നാണ് ഐതിഹ്യം. ഒട്ടേറെ ഔഷധഗുണങ്ങളും കടമ്പിൻ പൂക്കള്‍ക്കുണ്ട്.