Asianet News MalayalamAsianet News Malayalam

വേനല്‍ച്ചുടിന്റെ കാഠിന്യം കൂടുന്നു; പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക, ജാഗ്രത നിര്‍ദേശങ്ങള്‍

'സൂര്യാഘാതം ഏറ്റതായി തോന്നിയാല്‍ വെയിലുള്ള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക.'

kerala climate health department issued heatwave advisory joy
Author
First Published Feb 10, 2024, 4:39 PM IST

പത്തനംതിട്ട: വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാ കുമാരി. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത വേണമെന്നും മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. 

സൂര്യാഘാതം: ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാന്‍ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍: ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ട് പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശി വലിവ്.

സൂര്യതപം: സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുവന്നു തുടുക്കുകയും, വേദനയും പൊള്ളലും ശരീരത്തില്‍ നീറ്റലും ഉണ്ടാവുകയും ചെയ്യാം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതു മൂലമാണ് ഇങ്ങനെയുണ്ടാകുന്നത്.

ലക്ഷണങ്ങള്‍: അമിതമായ വിയര്‍പ്പ്, ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധക്ഷയം, അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരം കൂടുതലായി വിയര്‍ത്ത് നിര്‍ജ്ജലീകരണം സംഭവിക്കാം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇവ ശ്രദ്ധിക്കാം: ദാഹമില്ലെങ്കിലും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം.
നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്. കുടയോ, തൊപ്പിയോ ഉപയോഗിക്കുക.
കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തുക.
വെയില്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളവര്‍ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

സൂര്യാഘാതം ഏറ്റതായി തോന്നിയാല്‍ വെയിലുള്ള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.ചൂടുകാലത്ത് കുടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ത്ത് ഹീറ്റ് റാഷ് (ചൂടുകുരു) ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചൂടുകാലത്ത് മറ്റ് പകര്‍ച്ച വ്യധികള്‍ക്കും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 'പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചത് യുവതി, കുത്തിക്കൊന്നത് മറ്റൊരു സംഘം' 
 

Latest Videos
Follow Us:
Download App:
  • android
  • ios