Asianet News MalayalamAsianet News Malayalam

'യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനം': കെപിപിഎല്ലിലെ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചെന്ന് മന്ത്രി

പത്ര സ്ഥാപനങ്ങള്‍ക്കുള്ള ന്യൂസ്പ്രിന്റ് വിപണനവും പുനരാരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്.

kppl newsprint paper production starts again joy
Author
First Published Dec 1, 2023, 10:03 PM IST

കോട്ടയം: വെള്ളൂര്‍ കെ.പി.പി.എല്ലിലെ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചെന്ന് മന്ത്രി പി രാജീവ്. പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നു പൂര്‍ണ്ണമായും നിലച്ച ന്യൂസ്പ്രിന്റ് ഉല്പാദനമാണ് നവംബര്‍ 28ന് വൈകുന്നേരം ഏഴ് മണിയോടു കൂടി പുനരാരംഭിച്ചതെന്ന് രാജീവ് പറഞ്ഞു. തൊഴിലാളികളും, ഉദ്യോഗസ്ഥരും അടക്കമുള്ള മുഴുവന്‍ ജീവനക്കാരും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ന്യൂസ്പ്രിന്റ് ഉല്പാദന പ്രക്രിയ പുനരാരംഭിച്ചത്. അപ്രതീക്ഷിതമായുണ്ടായ തീപിടുത്തം സ്ഥാപനത്തിന്റെ ഭാവി പദ്ധതികളെ ബാധിക്കാതെ കൈകാര്യം ചെയ്യാനായി എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നെന്നും മന്ത്രി അറിയിച്ചു. 

മന്ത്രി രാജീവിന്റെ കുറിപ്പ്: കഴിഞ്ഞ ഒക്ടോ 5 ന് തീപിടുത്തമുണ്ടായ വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ടസ് ലിമിറ്റഡില്‍ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചിരിക്കുകയാണ്. പേപ്പര്‍ മെഷീന്‍ പ്ലാന്റിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്നു പൂര്‍ണ്ണമായും നിലച്ച ന്യൂസ്പ്രിന്റ് ഉല്പാദനമാണ് നവംബര്‍ 28-ാ0 തീയതി വൈകുന്നേരം ഏഴ് മണിയോടുകൂടി പുനരാരംഭിച്ചത്.  

തൊഴിലാളികളും, ഉദ്യോഗസ്ഥരും അടക്കമുള്ള മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ന്യൂസ്പ്രിന്റ് ഉല്പാദന പ്രക്രിയ പുനരാരംഭിച്ചത്. പത്ര സ്ഥാപനങ്ങള്‍ക്കുള്ള ന്യൂസ്പ്രിന്റ് വിപണനവും പുനരാരംഭിച്ചിട്ടുണ്ട്. തീപിടുത്തം മൂലമുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍, ഉല്‍പാദനപ്രക്രിയ പുനരാരംഭിക്കുവാന്‍ ഈ രംഗത്തുള്ള വിദഗ്ധര്‍ കണക്കാക്കിയ കലയാളവിന്റെ പാതി സമയത്തിനുള്ളിലാണ് ഇതിന് സാധിച്ചത്. കണക്കാക്കിയ ചിലവിന്റെയും പകുതി മാത്രമാണ് വേണ്ടി വന്നത്. 

ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനങ്ങളെ ആശ്രയിച്ചില്ല. സ്ഥാപനത്തിലെ തന്നെ ജീവനക്കാരുടെ വൈദഗ്ദ്ധ്യവും പ്രവര്‍ത്തന പരിചയവും പൂര്‍ണ്ണമായും ഉപയോഗിച്ചുകൊണ്ടാണ് നാശനഷ്ടം സംഭവിച്ച യന്ത്രസമഗ്രികള്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. ഉല്പാദന ക്ഷമതയും, ഉല്പാദന തോതും വര്‍ധിപ്പിച്ചുകൊണ്ട് ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റുമായി ഗുണമേന്‍മയിലും വില നിലവാരത്തിലും കിടപിടിച്ച് മുന്നേറുക എന്നുള്ളതാണ് കെ. പി. പി. എല്ലിന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം.

കെ. പി. പി. എല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ രാജ്യമെമ്പാടുമുള്ള ഏകദേശം 28-ഓളം പ്രമുഖ പത്ര സ്ഥാപനങ്ങള്‍ക്കു പത്രക്കടലാസ് നല്‍കുവാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യയിലെ  ഏറ്റവും വലിയ പത്ര സ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്‌കര്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച 10,000 ടണ്ണിന്റെ ഓര്‍ഡര്‍ ആണ് ഇതില്‍ എടുത്തു പറയേണ്ടത്. പൂര്‍ണ്ണ ഉല്‍പ്പാദനശേഷി കൈവരിക്കുന്നതോടെ പ്രതിമാസം 9000 ടണ്‍ പത്രക്കടലാസ്സ് ഉല്പാദിപ്പിക്കുവാനുള്ള ശേഷി കെ. പി. പി. എല്ലിന് ഉണ്ട്.

കേരള പേപ്പര്‍ പ്രോഡക്ടസ് ലിമിറ്റഡില്‍  പത്രക്കടലാസ് നിര്‍മ്മാണത്തിന് വേണ്ടിയുള്ള പള്‍പ്പിന്റെ ഉല്പാദനത്തിന് തടിയും, പാഴ് കടലാസ്സും ആണ് അസംസ്‌കൃത വസ്തുക്കള്‍ ആയി ഉപയോഗിക്കുന്നത്. വനം വകുപ്പിന് കീഴിലുള്ള പ്ലാന്റേഷനുകളില്‍ നിന്ന് ഗുണമേന്മയുള്ള പള്‍പ്പുതടികള്‍ ലഭ്യമാക്കുന്നതിനുള്ള  നടപടികള്‍ ഇതിനകം സര്‍ക്കാര്‍ സ്വീകരിച്ചു. ഇതോടൊപ്പം കേരളത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍  സ്ഥാപനങ്ങളിലെയും ഗുണമേന്മയുള്ള പാഴ് കടലാസ് കെ. പി. പി. എല്ലിന് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു.   

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന  ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്  ലിമിറ്റഡ് കേരളം ഏറ്റെടുത്ത് പുന:സംഘടിപ്പിച്ചാണ് കെ.പി.പി.എല്ലിന് രൂപം നല്‍കിയത്.  ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്,  കേരള പേപ്പര്‍  പ്രോഡക്ടസ്  ലിമിറ്റഡ് (KPPL) ആയി  മാറ്റുന്നതിനുള്ള  അംഗീകാരം  രജിസ്ട്രാര്‍  ഓഫ് കമ്പനീസ്  നല്‍കി. അതിനെത്തുടര്‍ന്ന്  കമ്പനിയില്‍  പുനരുദ്ധാരണ  പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിനുള്ള  നടപടികള്‍ക്കു  കേരള  ഗവണ്മെന്റ് തുടക്കം കുറിക്കുകയും, നാലു  ഘട്ടങ്ങളായിട്ടുള്ള  വികസന  പ്രവര്‍ത്തനങ്ങള്‍ക്ക്   അംഗീകാരം നല്‍കുകയും  ചെയ്തു.

നിലവിലുള്ള  യന്ത്രസാമഗ്രികളും,  അടിസ്ഥാന  സൗകര്യങ്ങളും  പുനരുദ്ധരിച്ചു  കമ്പനി അതേ  രൂപത്തില്‍ പുനരാരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍  രണ്ടു  ഘട്ടങ്ങളായി നടപ്പിലാക്കി. 154.39 കോടി രൂപയാണ്  ഒന്നും  രണ്ടും  ഘട്ടങ്ങള്‍ക്കുള്ള  മൊത്തം  മുതല്‍ മുടക്ക്. വിപണിയിലുള്ള    സാധ്യതകളെ  പരമാവധി  മുതലെടുത്തു കൊണ്ട്  ദീര്‍ഘകാല  അടിസ്ഥാനത്തിലുള്ള  ലാഭകരമായ    നിലനില്‍പും, മുന്നോട്ടുള്ള കുതിപ്പും  ലക്ഷ്യമിട്ടു കൊണ്ട് പാക്കേജ് പേപ്പര്‍,  പേപ്പര്‍  ബോര്‍ഡ് വിഭാഗങ്ങളുടെ ഉല്പാദനത്തിലൂടെ  ഉല്പാദനത്തോത്  വലിയ രീതിയില്‍  വര്‍ദ്ധിപ്പിക്കുവാനും  ഉല്പന്ന  വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുവാനുള്ള  നടപടികള്‍  ആണ്  മൂന്നും  നാലും  ഘട്ടങ്ങളില്‍  KPPL വിഭാവനം  ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ തീപിടുത്തം സ്ഥാപനത്തിന്റെ ഭാവി പദ്ധതികളെ ബാധിക്കാതെ കൈകാര്യം ചെയ്യാനായി എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

കൊല്ലത്തെ തട്ടിക്കൊണ്ട് പോകലില്‍ രേഖാ ചിത്രം കിറുകൃത്യം; വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളം 

 

Latest Videos
Follow Us:
Download App:
  • android
  • ios