ഇടുക്കി: പള്ളിവാസല്‍ പവ്വര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക് പൈപ്പിന് ചോര്‍ച്ച. പവ്വര്‍ ഹൗസിന്റെ നൂറ് മീറ്റര്‍ മുകള്‍ഭാഗത്തുള്ള ഏറ്റവും വലിയ പൈപ്പിനാണ് ചോര്‍ച്ചയുണ്ടായിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് എണ്‍പതുവര്‍ഷം പിന്നിടുന്ന പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ പവ്വര്‍ ഹൗസിലേയ്ക്കുള്ള ഏറ്റവും വലിയ പൈപ്പിനാണ് വലിയ രീതിയിലുള്ള ചോര്‍ച്ചയുണ്ടായിരിക്കുന്നത്. സമീപത്ത് നിരവധി വീടുകളുമുണ്ട്.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ രീതിയില്‍ ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത് പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തിരിക്കുകയാണ്. പന്നിയാര്‍ പെന്‍സ്റ്റോക് ദുരന്തം നടന്ന് പതിമൂന്നുവര്‍ഷം പിന്നിടുന്ന ദിവസമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തി പെന്‍സ്റ്റോക് പൈപ്പിന് ഗുരുതരമായ ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമടക്കം ഭയന്നാണ് ഇതുവഴി കടന്നുപോകുന്നത്. പന്നിയാര്‍ ദുരന്തത്തില്‍ കാണാതായ ഒരാളെ ഇതുവരെ കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല. ആറ് വീടുകള്‍ പൂര്‍ണ്ണമായും, മുപ്പത്തിരണ്ട് വീടുകള്‍ ഭാഗീകമായും ദുരന്തത്തില്‍ തകര്‍ന്നിരുന്നു.