മൂന്നാര്‍: മൂന്നാറില്‍ നിന്നും പതിമൂന്നുകാരിയെ തമിഴ്നാട്ടിലെത്തിച്ച് ഒരു മാസത്തോളം പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടള സാന്റോസ് കോളനി താമസക്കാരനായ തോമസ് (38) നെയാണ് എറണാകുളത്തു നിന്നും മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മൂന്നാറില്‍ നിന്നും പെണ്‍കുട്ടിയെ പ്രതി തമിഴ്‌നാട്ടിലെത്തിച്ച് പീഡിപ്പിച്ചശേഷം ബസില്‍ കയറ്റി മൂന്നാറിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ രാത്രിയോടെ പെണ്‍കുട്ടി വീട്ടിലെത്തുകയും പീഡന വിവരം മാതാപിക്കളെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയും മാതാപിതാക്കളും നല്‍കിയ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നും മുങ്ങിയ തോമസ് എറണാകുളത്ത് മത്സ്യവ്യാപാരം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം മുളകുകാട് എസ്ഐ എന്‍എസ് റോയിയുടെ സഹായത്തോടെ  മൂന്നാര്‍ എസ്ഐ റെജി കുന്നപ്പള്ളി, എ എസ് ഐമാരായ പി പി ഷാജി, എ ബേബി സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വേണുഗോപാല്‍ ജി പ്രഭു, രാധാകൃഷ്ണന്‍,സിപിഒ എ ആര്‍മുഖം എന്നിവരുള്‍പ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.