തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ച ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ക്യാമ്പസിലെ മറ്റു സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. കൊവിഡ് 19 വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാൽ മെഡിക്കൽ കോളേജിലെ ഒപിയിലെ ചികിത്സാ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നു. വലിയ തോതിൽ രോഗികൾ നേരിട്ട് ആശുപത്രിയിലെത്തുന്നത് തടയാനായി ടെലി കൺസൾട്ടേഷൻ വഴിയാണ് നിയന്ത്രണമേർപ്പെടുത്തിയത്. 

ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലും രോഗികൾക്ക് ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ ഡോക്ടർമാരുടെ ഉപദേശം തേടാനാകും വിധമാണ് ടെലി  കൺസൾട്ടേഷൻ സംവിധാനം പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ 12 വരെ രോഗികൾക്ക് സംശയ നിവൃത്തിയ്ക്കായി 0471 2528080 എന്ന ഫോൺ നമ്പരിൽ വിളിച്ച് അതാത് ഡോക്ടർമാരുമായി സംസാരിക്കാനാവും.

ഈ പദ്ധതി നിരവധി രോഗികൾക്ക് പ്രയോജനകരമായി മാറിയതോടെയാണ് ക്യാമ്പസിലെ മറ്റു സ്ഥാപനങ്ങളും ടെലി കൺസൾട്ടേഷനിൽ പങ്കുചേർന്നത്. എസ്എടി, ഗവ. ഡെന്റൽ കോളേജ് എന്നിവയ്ക്കൊപ്പം ഗവ. കണ്ണാശുപത്രിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിലുള്ള രോഗികളുടെ ചികിത്സ സംബന്ധിച്ച സംശയനിവാരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഒപി ബ്ലോക്കിലെ പ്രിവന്റീവ് ക്ലിനിക്കിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക എക്സ്ചേഞ്ചിലാണ് രോഗികളുടെ ഫോൺ സന്ദേശം ആദ്യമെത്തുന്നത്. അവിടെ നിന്നും അതാത് ഡിപ്പാർട്ട്മെന്റുകളിലേയ്ക്ക് സന്ദേശം കൈമാറുകയും രോഗികൾക്ക് ബന്ധപ്പെട്ട ഡോക്ടറുടെ മറുപടി ലഭിക്കുകയും ചെയ്യും. ടെലി കൺസൾട്ടേഷൻ തിങ്കളാഴ്ച ആരംഭിച്ചതിനു ശേഷം നിരവധി രോഗികൾക്ക് ഡോക്ടർമാരുമായി സംസാരിക്കാൻ അവസരം ലഭിച്ചു കഴിഞ്ഞു.