മൂന്നാര്‍: കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മൂന്നാര്‍ ടൗണിലെ തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ മൂന്നാര്‍ ടൗണ്‍ സമ്പൂര്‍ണ്ണമായി അടച്ചു പൂട്ടലിലേക്ക്. ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ദേവികുളത്ത് വച്ച് വ്യാപാര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ തുടര്‍ച്ചയായ ഏഴു ദിവസം എല്ലാ വിധമായ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടിയിട്ടും. 

ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ക്ക് അത്യാവശ വസ്തുക്കള്‍ എസ്‌റ്റേറ്റ് ബസാറുകളില്‍ നിന്നുതന്നെ വാങ്ങാവുന്ന ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ആവശ്യമായ സാധനങ്ങള്‍ വാങ്ങി സംഭരിക്കുവാന്‍ ബസാര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പച്ചക്കറികള്‍ പോലെ കേടുവരാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തക്കള്‍ ആവശ്യമായ വിവിധയിടങ്ങളിലേക്ക് എത്തിക്കുവാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

ഇറച്ചിക്കോഴി നിലവിലുള്ള സ്റ്റോക്ക് തീരുന്നതു വരെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം വില്പന നടത്തും. മുതിര്‍ന്ന പൗരന്മാരും പ്രായപൂര്‍ത്തിയെത്താത്തവരും റോഡിലിറങ്ങിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയായിരിക്കും കേസെടുക്കുക. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്‌റ്റോര്‍ എന്നീ അത്യാവശ്യ സേവനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മൂന്നാര്‍ ടൗണില്‍ തിരക്കു കുറയാത്ത സാഹചര്യത്തിലാണ് തീരുമാനങ്ങള്‍. ആവശ്യ സാധനങ്ങള്‍ വാങ്ങുവാനെത്തുന്നു എന്ന പേരില്‍ വരുന്നവര്‍ പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കുന്നത് അപ്രായോഗികമായ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍. ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളിലും നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു.